Sunday, 20 January 2019

കുറിപ്പ്

കവിതയുടെ വരവ്, റിൽക്കെയിൽ

സിംബലിസത്തിന്റെയും മിസ്റ്റിസിസ­ത്തിന്റെയും കാവ്യാത്മകത വഴിഞ്ഞൊഴുകുന്ന ഭാഷയിലുള്ള ഒരു മിശ്രിതമായിരുന്നു റെയ്‌‌നർ മറിയ റിൽക്കെയുടെ ആദ്യകാലകവിതകൾ. പിന്നീട് ഫ്രഞ്ചുശില്പിയായ റോദാങ്ങുമായുള്ള (August Rodin) ബന്ധം റിൽക്കേയുടെ ജീവിതത്തെയും കാവ്യജീവിതത്തെയും ആകെ മാറ്റിമറിയ്ക്കുകയായിരുന്നു. കലാകാരൻ പ്രചോദനത്തിനു വേണ്ടി കാത്തിരിക്കുക എന്ന സാമ്പ്രദായികപാഠത്തിനു പകരം, നിരന്തരം പ്രവൃത്തി ചെയ്യുക, കലയെ ഒരു പ്രവൃത്തിയായി കാണുക എന്ന സ്വന്തം രീതിയാണു റോദാങ്ങ് റിൽക്കെയെ പഠിപ്പിച്ചത്.

എഴുത്തിൽ താൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു് കവി പറയവേ റോദാങ്ങ് ചോദിച്ചു: “തനിക്കെന്തുകൊണ്ടു് പുറത്തു പോയി എന്തിനെയെങ്കിലും വെറുതേ നോക്കിനിന്നുകൂടാ — ഉദാഹരണത്തിനു്, മൃഗശാലയിൽ പോയി ഒരു ജീവിയെ നിരീക്ഷിക്കുക, അതിൽ നിന്നൊരു കവിതയുണ്ടാകുന്നതു വരെ അതിനെ നിരീക്ഷിക്കുക.”  റോദാങ്ങിന്റെ ഈ ഉപദേശത്തിൽ നിന്നുമാണ് ഒരുപറ്റം വസ്തുക്കളെ ആധാരമാക്കിയുള്ള കവിതകൾ റിൽക്കെ എഴുതാനാരംഭിച്ചത്. വിശദാംശങ്ങൾക്കും അർത്ഥഛായകൾക്കും പ്രാധാന്യം കൊടുക്കുക, മറ്റെന്തിലുമുപരി വിഷയത്തിന്റെ രൂപത്തെ തേടിപ്പോവുക, പ്രമേയത്തിനു് തൊട്ടറിയാവുന്ന ഒരു രൂപം നല്കുക എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ നിർദേശങ്ങളിലൂടെ റിൽക്കെ, മറ്റൊരുതരം കവിതയിലേക്കുള്ള വഴി കണ്ടെത്തി. അങ്ങനെയുള്ളവയാണ് 1902 മുതൽ 1908 വരെ എഴുതിയ കവിതകളുടെ സമാഹാരമായ Neue Gegedichte (പുതിയ കവിതകൾ).

ഇതേ റിൽക്കെ, മാൾറ്റെ ലൗറിഡ്സു് ബ്രിഗ്ഗെയുടെ നോട്ടുബുക്കിൽ ഇങ്ങനെ എഴുതി:
ചെറുപ്പത്തിലേ എഴുതാനാണെങ്കിൽ കവിതകൾ എത്ര തുച്ഛമായിപ്പോകുന്നു. ഒരായുസ്സു്, കഴിയുമെങ്കിൽ ദീർഘമായ ഒരായുസ്സു മുഴുവൻ കാത്തിരുന്നു് അർത്ഥവും മാധുര്യവും സഞ്ചയിച്ചതിനൊടുവിൽ കൊള്ളാവുന്ന പത്തു വരി നിങ്ങൾക്കെഴുതാനായെങ്കിലായി. കവിതകൾ, ആളുകൾ കരുതുമ്പോലെ, വെറും വികാരങ്ങളല്ലല്ലോ (വികാരങ്ങൾ നേരത്തേ തന്നെ നിങ്ങൾക്കുള്ളതുമാണു്) — അനുഭവങ്ങളാണവ. ഒരേയൊരു കവിതയ്ക്കായി നിരവധി നഗരങ്ങൾ നിങ്ങൾ കാണണം, നിരവധി മനുഷ്യരെ കാണണം, വസ്തുക്കൾ കാണണം, മൃഗങ്ങളുടെ ഗ്രഹിതങ്ങൾ നിങ്ങളറിയണം, പക്ഷികൾ പറക്കുന്നതറിയണം, പ്രഭാതത്തിൽ വിടരുമ്പോൾ ചെറുപൂക്കളുടെ ചേഷ്ടകളും നിങ്ങളറിയണം. പരിചയമില്ലാത്തിടങ്ങളിലെ തെരുവുകൾ ഓർത്തെടുക്കാൻ നിങ്ങൾക്കാവണം; പ്രതീക്ഷിക്കാത്ത സമാഗമങ്ങളും പണ്ടേ പ്രതീക്ഷിച്ചിരുന്ന വേർപാടുകളും; നിഗൂഢതയുടെ ചുരുളഴിഞ്ഞുതീരാത്ത ബാല്യത്തിന്റെ നാളുകൾ, ഒരാഹ്ളാദവും കൊണ്ടു വരുമ്പോൾ അതു കൈ നീട്ടിവാങ്ങാതെ (അതു് മറ്റാർക്കോ വേണ്ടിയുള്ളതായിരുന്നു—) നിങ്ങൾ നോവിച്ചുവിട്ട അച്ഛനമ്മമാർ; വളരെ വിചിത്രമായി തുടങ്ങി ഒടുവിൽ ഗഹനവും ദുഷ്കരവുമായ നിരവധി പരിണാമങ്ങളിലേക്കു പോയ ബാലാരിഷ്ടകൾ; ഒച്ചയനക്കമില്ലാതെ മുറികളിൽ ഒറ്റയ്ക്കടച്ചിരുന്ന നാളുകൾ; കടല്ക്കരയിലെ പുലരികൾ; തലയ്ക്കു മേൽ കൂടി പാഞ്ഞുപോവുകയും നക്ഷത്രങ്ങൾക്കൊപ്പം പറക്കുകയും ചെയ്ത യാത്രകളുടെ നാളുകൾ — ഇതൊക്കെയും ഓർത്തെടുക്കാൻ കഴിഞ്ഞതുകൊണ്ടുമായില്ല. പ്രണയനിർഭരമായ രാത്രികളുടെ (ഒന്നിനൊന്നവ വ്യത്യസ്തവുമായിരുന്നു) ഓർമ്മകൾ നിങ്ങൾക്കുണ്ടാവണം; പ്രസവവേദനയെടുത്തു നിലവിളിയ്ക്കുന്ന സ്ത്രീകളെ, പിറവി കൊടുത്തുകഴിഞ്ഞു വീണ്ടുമടയുന്ന മെലിഞ്ഞുവിളറിയ സ്ത്രീകളെ നിങ്ങൾക്കോമ്മയുണ്ടായിരിക്കണം. മരിക്കാൻ കിടക്കുന്നവർക്കരികിലും നിങ്ങൾ പോയിരിക്കണം. തുറന്നിട്ട ജനാലയും ഒറ്റപ്പെട്ട ശബ്ദങ്ങളുമുള്ള മുറിയിൽ മരിച്ചുകിടക്കുന്നവർക്കൊപ്പം നിങ്ങളുണ്ടായിരിക്കണം; ഓർമ്മകൾ ഉണ്ടായതുകൊണ്ടുമായില്ല; അത്രയധികമാവുമ്പോൾ മറക്കാൻ നിങ്ങൾക്കു കഴിയണം; പിന്നൊരിക്കൽ അവ മടങ്ങിവരുന്നതുവരെ കാത്തിരിക്കാനുള്ള വിപുലമായ സഹനശക്തിയും നിങ്ങൾ കാണിക്കണം. ഓർമ്മകൾക്കു മാത്രമായിട്ടൊരു പ്രാധാന്യവുമില്ല. അവ നമ്മുടെ ചോരയായി, നോട്ടവും ചേഷ്ടയുമായി മാറിയതിനു ശേഷം മാത്രമാണു്, പേരില്ലാതായി, നമ്മിൽ നിന്നു വേറിട്ടറിയാതായതിനു ശേഷം മാത്രമാണു് — അതിനു ശേഷം മാത്രമാണു് ഒരത്യപൂർവ്വമുഹൂർത്തത്തിൽ ഒരു കവിതയുടെ ആദ്യത്തെ പദം അവയ്ക്കിടയിൽ നിന്നുദിക്കുകയും പുറത്തേക്കു വരികയും ചെയ്യുക എന്നതുണ്ടാവുന്നുള്ളു.
ഇവിടെയൊരു വൈരുദ്ധ്യം നമുക്കു അനുഭവപ്പെടാനിടയുണ്ട്. എന്തിനെയെങ്കിലും കുറിച്ച് എഴുതിയിരിക്കണമെന്ന നിർബന്ധത്തിൽ നിരന്തരം എഴുതിയ റിൽക്കെ തന്നെ ഒരായുസ്സു്, കഴിയുമെങ്കിൽ ദീർഘമായ ഒരായുസ്സു മുഴുവൻ കാത്തിരുന്നു് അർത്ഥവും മാധുര്യവും സഞ്ചയിച്ചതിനൊടുവിൽ കൊള്ളാവുന്ന പത്തു വരി നിങ്ങൾക്കെഴുതാനായെങ്കിലായി എന്നു പറയുന്നു. നിരന്തരം എഴുതുക, നല്ല കവിത എഴുതാനുള്ള അനുഭവമുണ്ടാകുക ഈ രണ്ട് കാര്യങ്ങളാണ് നമുക്ക് മുന്നിലുള്ളതെങ്കിൽ രണ്ടും ഒരേപോലെ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്നാണു തോന്നുന്നത്. നിരന്തരം എഴുതുന്നതു വഴിയുണ്ടാകുന്ന (അതു നല്ലതോ മോശമോ എന്നതല്ല) വഴക്കം എന്നെങ്കിലും കവി തന്റെ ഏറ്റവും മികച്ച കവിത എഴുതുമെങ്കിൽ അതിന്റെ എഴുത്തുപ്രക്രിയയിൽ ഗുണം ചെയ്യുമെന്നുറപ്പാണ്.

നിരന്തരം എഴുതുകയെന്ന ശീലം എഴുതിത്തുടങ്ങിയ കവികൾക്കായിരിക്കും ഏറ്റവും ഗുണപ്രദമാകുക. ഇതോടൊപ്പം എഴുതപ്പെടുന്ന ഓരോ കവിതയും എവിടെനിന്നും വരുന്നെന്ന ചിന്തകൂടിയാകാം. ഇത്തരത്തിലുള്ള കവിയുടെ ചിന്ത മിക്കപ്പോഴും ചെന്നെത്തുക വിദൂരമോ മറവിയിൽ മറഞ്ഞതോ ആയ അനുഭവത്തിലാകും. ഇതുപക്ഷേ അനുഭവങ്ങളെ ഓർമ്മയാക്കി എഴുതുന്ന കാര്യമല്ല മറിച്ച് കവിയുടെ മുൻകാലാനുഭവങ്ങൾ, എഴുതുന്ന കവിതയിൽ നടത്തുന്ന ഇടപെടലുകളാണ്.

എഴുത്തിന്റെ കാര്യത്തിൽ വരുമ്പോൾ ഓർമ്മയെന്നതു മറ്റൊരുതരം ഭാവനയാണ്. നമ്മുടെ അനുഭവം ഓർമ്മയാകുന്നത് ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ശേഷമാണ്. ഏതെങ്കിലും തരത്തിൽ നമ്മെ ബാധിക്കാത്ത ഒന്നും നമുക്ക് ഓർമ്മയാകേണ്ടതില്ല. ഇതേഓർമ്മയിൽപ്പോലും കാലംപോകെ നമ്മൾ പലതും കൂട്ടിച്ചേർക്കുന്നു. ഇത്തരത്തിൽ നമുക്കുള്ളിൽ ഓർമ്മയെന്ന തോന്നലിൽ നിൽക്കുന്നവ നമ്മളിൽ നിന്നും കുറേക്കൂടി അകലം പാലിച്ചായിരിക്കാം കവിതയാകുക. സാഹിത്യത്തെയും നോൺ-ഫിക്ഷനെയും വേർതിരിക്കുന്ന കാര്യവും ഇതുതന്നെയാകണം. അതുകൊണ്ടു കൂടിയാകണം നമ്മിൽ നിന്നു വേറിട്ടറിയാതായതിനു ശേഷം മാത്രമാണു് ഒരത്യപൂർവ്വമുഹൂർത്തത്തിൽ ഒരു കവിതയുടെ ആദ്യത്തെ പദം അനുഭവത്തിൽ നിന്നുദിക്കുകയും പുറത്തേക്കു വരികയും ചെയ്യുന്നതെന്നു റിൽക്കെയും പറഞ്ഞത്.

ദിവസവും നടക്കുന്ന വഴിയിൽ, താമസിക്കുന്ന വീട്ടിൽ, വീടിനു ചുറ്റുമുള്ള തൊടിയിൽ, കണ്ടൊഴിവാക്കുന്നവയിൽ, വായിച്ചൊഴിവാക്കുന്ന പുസ്തകങ്ങളിൽ/വാർത്തയിൽ നിന്നെല്ലാം കവിത വരുന്നു. വലിയ കാര്യമൊന്നുമല്ലെന്നു ഒരുകാലത്തു നാം കരുതിയവ പോലും കവിതയ്ക്കു കാരണമാകുന്നു. എല്ലാത്തിനും ഹേതുവാകുന്നതോ അവയെപ്പറ്റിയുള്ള നമ്മുടെ ആലോചനകളും. ഏതെങ്കിലും ഒന്നിനെപ്പറ്റിയുള്ള ആലോചന അതുമായി ബന്ധപ്പെട്ട നമ്മുടെ അനുഭവത്തെ ഓർമ്മയാക്കി വിളിച്ചുവരുത്തുന്നു. ആ ഓർമ്മയിൽ ഭാവനയുടെ ഇടപെടൽ നമ്മൾ അറിഞ്ഞോ അറിയാതെയോ നടന്നിരിക്കുന്നു. അതിനാൽ വെറുതെ ഓരോന്നു ചിന്തിച്ചു നാം നഷ്ടപ്പെടുത്തുന്നെന്നു പരാതിപ്പെടുന്ന സമയം ചുരുങ്ങിയപക്ഷം കവികളെ സംബന്ധിച്ചിടത്തോളം മൂല്യമുള്ളതാകുന്നു.
___

അവലംബം, കടപ്പാട്വി. രവികുമാർ പരിഭാഷപ്പെടുത്തി, ഐറിസ് ബുക്ക്സ് പ്രസിദ്ധീകരിച്ച 'റിൽക്കെ' എന്ന പുസ്തകം വായിച്ചതിൽപ്പിന്നെ എഴുതിയത്. റിൽക്കെയെക്കുറിച്ചുള്ള വിവരങ്ങളും മാൾറ്റെ ലൗറിഡ്സു് ബ്രിഗ്ഗെയുടെ നോട്ടുബുക്കിൽ നിന്നെടുത്ത ഭാഗവും പ്രസ്തുത പുസ്തകത്തിൽ നിന്നും എടുത്തിരിക്കുന്നതാണ്.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം.

Contact

Phone :

+91 8281 6654 90

Address :

SRA 286, Sahakarana Road,
Ponnurunni, Kochi - 682020

Email :

letter.sujeesh @ gmail.com