Saturday, 16 February 2019

കുറിപ്പ്

കവിതയുടെ തിരുത്തിയെഴുത്ത്

ചില കവികൾ നിരന്തരം കവിതകളെഴുതുന്നു. മറ്റുചിലർ വല്ലപ്പോഴും കവിത എഴുതുകയും എഴുതിയവ എഡിറ്റ് ചെയ്യാനും മറ്റുമായി വർഷങ്ങൾ ചെലവഴിക്കുകയും ചെയ്യുന്നു. ഈ രണ്ടാമതു പറഞ്ഞ വിഭാഗത്തിൽപ്പെടുന്ന രണ്ട് പ്രധാനകക്ഷികളാണു ഗ്രീക്ക് കവിയായ സി.പി കവാഫിയും ഇന്ത്യൻ ഇംഗ്ലീഷ് കവിയായ എ.കെ രാമാനുജനും. തങ്ങളുടെ ജീവിതാവസാനം വരെ എഴുതിയകവിതകളിൽ തിരുത്തലുകൾ വരുത്തിയിരുന്നു ഇരുവരും. ഇക്കാരണത്താൽ തന്നെ മരണപ്പെടുമ്പോൾ പൂർത്തിയാക്കപ്പെട്ട നിലയിൽ ഉണ്ടായിരുന്ന ഇവരുടെ കവിതകൾ യഥാക്രമം 154ഉം 148ഉം മാത്രമായിരുന്നു.

എഴുതിയ കവിതയിൽ വർഷങ്ങളോളം പണിയെടുക്കുന്ന തന്റെ പ്രവർത്തിയെക്കുറിച്ചു എ. കെ രാമാനുജൻ തമാശരൂപേണ പറഞ്ഞിരുന്നത് കവിതകൾ കുഞ്ഞുങ്ങളെ പോലെയാണെന്നും അവരുടെ മേൽ അഴക്കുപുരട്ടാൻ ഇടയുണ്ടെന്നും അതിനാൽ തനിക്കവയെ വൃത്തിയാക്കി കൊടുക്കേണ്ടതുണ്ടെന്നുമാണ്. ഒരുകൂട്ടം കവിതകൾ പൂർത്തിയാക്കിയെടുക്കുവാൻ തനിക്കു പത്ത് വർഷത്തോളം വേണ്ടി വരാറുണ്ടെന്നും അദ്ദേഹം പറയുന്നു. കവാഫിയ്ക്ക് തന്റെ ജീവിതത്തിന്റെ അവസാനനാളുകളിൽ മാത്രമാണ് നാലാളറിയുന്ന കവിയെന്ന പദവി ലഭിച്ചത്. എങ്കിലും കവിതകളുടെ ചെറുപുസ്തകങ്ങൾ സുഹൃത്തുക്കൾക്കിടയിൽ അദ്ദേഹം വിതരണം ചെയ്തിരുന്നു. അത്തരത്തിൽ വിതരണം ചെയ്ത കവിതകളിലും പിൽക്കാലത്ത് അദ്ദേഹം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്..

അതേസമയം കവിതകൾ തിരുത്തിയെഴുതുന്ന ശീലത്തോടു വിയോജിപ്പുള്ള കവികളുമുണ്ട്. ഇക്കാര്യത്തിൽ ടി.പി വിനോദ് പറയുന്നത് ഇങ്ങനെ: പല പ്രാവശ്യം എഡിറ്റിംഗും മറ്റും നടത്തുന്നത് കവിതയെ കൂടുതൽ നവീകരിക്കും എന്നൊരു ഒഴുക്കൻ അനുമാനം നമുക്കുണ്ട് എന്നു തോന്നുന്നു. ആലോചിച്ചു നോക്കിയാൽ ആ തോന്നൽ അത്രയ്ക്കു ശരിയാവണമെന്നില്ല എന്നു മനസ്സിലാവും. എന്തെങ്കിലും ഒന്നിനെ ‘തിരുത്തുക‘ എന്ന പ്രക്രിയ പലപ്പോഴും നിലനിൽക്കുന്ന/വിഭാവനം ചെയ്യപ്പെട്ട ഒരു മാതൃകയിലേക്ക് അതിനെ പരുവപ്പെടുത്തലാണ്. ഭാഷയുടെ പുതുമയിലേക്കുള്ള കുതറലുകൾ (കവിതകൾ) തിരുത്തലുകളുടെ ചെക്പോസ്റ്റുകൾവഴി കൃത്യമായി കരം കൊടുത്താവില്ല മിക്കവാറും വരിക.

എന്നാൽ പുതുമയെന്നത് യാദൃശ്ചികമായി സംഭവിക്കേണ്ട ഒന്നല്ലെന്നാണു എനിക്ക് തോന്നുന്നത്. കാവ്യചരിത്രത്തിൽ ധാരണയുള്ള ഒരാളിൽ നിന്നുണ്ടാകുന്ന പരീക്ഷണപരതയും തന്റെ കാലത്തെ എഴുത്തുമാത്രം പരിചയിച്ച ഒരാളിൽ നിന്നുണ്ടാകുന്ന പുതുമയിലേക്കുള്ള കുതറലും വ്യത്യസ്തമാണ്. ആദ്യം പറഞ്ഞതരം കവികളെ സംബന്ധിച്ചിടത്തോളം തിരുത്തിയെഴുത്ത് കവിതയിലെ പരീക്ഷണപരതയ്ക്ക് വിലങ്ങുതടിയാകാൻ സാധ്യതയില്ല.

അഭിപ്രായ പ്രചാരണാർത്ഥം എഴുതപ്പെടുന്ന രാഷ്ട്രീയകവിതകൾ ഒഴികെ, വൈയക്തികമായ അനുഭവതലത്തിൽ നിന്നും ഉടലെടുക്കുന്ന കവിതകളുടെ കാര്യത്തിലാണെങ്കിൽ ഒരേകവിതയിൽ 'അടയിരിക്കുന്ന; ശീലം' രസകരമാണെന്നാണു സ്വന്തം അനുഭവം. ഉദാഹരണത്തിനു 'ശേഷം' എന്ന കവിത ഞാനെഴുതുന്നത് ഏതാണ്ട് ഒരുവർഷ കാലയളവിൽ പലപ്പോഴായി അതിൽ കൂട്ടിച്ചേർത്തലുകളും തിരുത്തലുകളും വെട്ടിച്ചുരുക്കലുകളും വരുത്തിക്കൊണ്ടാണ്. ഒറ്റയ്ക്ക് ഒരുമുറിയിൽ ഒതുങ്ങിക്കഴിഞ്ഞ ഞാൻ മറ്റൊരാൾക്കൊപ്പം മറ്റൊരു നാട്ടിൽ ജീവിക്കാൻ തുടങ്ങുന്ന കാലത്താണു അതിലെ തുടക്കഭാഗമായ ഒറ്റയ്ക്ക് കഴിഞ്ഞൊരാൾ / മരിച്ചതിൽപ്പിന്നെ /  ഒഴിഞ്ഞുകിടക്കും വീട് എന്ന വരിയെഴുതിയത്.

ഒറ്റയ്ക്കു കഴിഞ്ഞ കാലത്തിന്റെ ഹാങ്ങ്ഹോവർ വിട്ടുമാറുന്നകാലത്തോളം ഞാൻ ആ കവിതയിൽ തുടർന്നെന്നു വേണം കരുതാൻ. ഒടുവിൽ എനിക്കതിൽ ഇനിയൊന്നും ചെയ്യാനില്ലെന്ന തോന്നലിൽ, ആ മൂഡിൽ നിന്നും മാറാനായെന്ന തോന്നലിൽ ആ കവിതയെ ഉപേക്ഷിക്കുകയായിരുന്നു. അതെ, ഉപേക്ഷിക്കുക എന്നുതന്നെയാണ്. എന്തെന്നാൽ പോൾ വലേരി പറഞ്ഞതു പോലെ ഒരു കവിതയും പൂർത്തിയാക്കപ്പെടുന്നില്ല, ഉപേക്ഷിക്കപ്പെടുന്നേയുള്ളൂ. എഴുതിക്കൊണ്ടിരിക്കുന്ന കാലത്ത്, കവിത പൂർത്തിയാക്കാൻ നടത്തുന്ന ശ്രമങ്ങളിൽ മാത്രമാണ് അത് കവിയ്ക്കു മാത്രം അവകാശപ്പെട്ടതെന്നു പറയാനാകൂ. അതിനുശേഷം അവ വായനക്കാരന് അവകാശപ്പെട്ടതാകുകയാണല്ലോ.

ഒരു കവിത വളരെ കുറച്ചു സമയത്തിനുള്ളിൽ എഴുതപ്പെട്ടുവെന്നിരിക്കട്ടെ, എഴുത്തിനെ തുടർന്നുള്ള ആദ്യവായനയിൽ കവിക്കത് തന്റെ മികച്ച കവിതകളിൽ ഒന്നാണെന്നൊക്കെയുള്ള തോന്നലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ താനനുഭവിച്ചതെല്ലാം ആ കവിതയെ പ്രിയപ്പെട്ടതാക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഈ എഴുത്തവസ്ഥ മറന്ന ശേഷം കവിതയെ സമീപിക്കുമ്പോൾ കവിതയെ തന്റേതല്ലാത്ത കലാവസ്തുവായി കാണാൻ സാധിക്കുമെങ്കിൽ അങ്ങനെയൊരു വായനയിൽ എന്തെങ്കിലും മാറ്റം വരുത്താൻ തോന്നുന്നുവെങ്കിൽ അതിനു മടിക്കേണ്ടതില്ലെന്നാണു തോന്നുന്നത്. അങ്ങനെയൊരു മാറ്റത്തിനു വിധേയമാക്കുന്നതിലൂടെ കവിതയെ കൂടുതൽ നന്നാക്കാനാകുമെന്നാണു വിശ്വാസം. ഇതിനു ഉദാഹരണങ്ങൾ കൂടിയാണ് നമുക്കു മുന്നിലുള്ള കവാഫിയുടെയും എ.കെ രാമനുജന്റെയും കവിതകൾ.  

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact