Saturday, 9 February 2019

കുറിപ്പ്

ഹൈക്കു കവിതകളുടെ വായന

ബാഷോ ഒരിക്കൽ പറഞ്ഞു: എഴുത്തുമേശയിൽ മാത്രമാണ് ഒരു കവിത നിലനിൽക്കുന്നത്. മഷി ഉണങ്ങുന്നതോടെ അതൊരു പേപ്പർ മാത്രമാകുന്നു.  ഹൈക്കു കവിതകളുടെ കുലപതിയായ ബാഷോയുടെ ഈ അഭിപ്രായം മുഖവിലയ്ക്കെടുക്കാമെങ്കിൽ എഴുതപ്പെട്ട ഓരോ ഹൈക്കുവിനും പലതരത്തിലുള്ള കാവ്യജീവിതം നൽകുന്നവരാകാം ഓരോ വായനക്കാരനും.

ഹൈക്കു കവിത വായിക്കുകയെന്നാൽ, നമ്മൾ അതിന്റെ എഴുത്തുകാരനാകുക എന്നുകൂടിയാണ്. എഴുതപ്പെട്ട ആ വാക്കുകൾക്ക് നമ്മൾ നമ്മുടെ അനുഭവങ്ങളിൽ, അനുഭൂതികളിൽ, ഭാവനയിൽ- ചുരുക്കത്തിൽ ജീവിതത്തിൽ- നിന്നും ജീവൻ പകരുകയാണ്. ഇവ്വിധം ഹൈക്കു കവിതകളുടെ വായന ഓരോ വായനക്കാരനിലും വേറിട്ടതാകുന്നു: ബിംബാടിസ്ഥാനത്തിലുള്ള ആ കാവ്യഭാഷ വ്യാഖ്യാനത്തിന്റെ അനന്തസാധ്യതകൾ മുന്നോട്ടുവെക്കുന്നു.

മറ്റൊരുതരത്തിൽ, ഹൈക്കു കവിതകളുടെ വായന ഒരു ബിംബത്തിനു എത്രയൊക്കെ പറയാനാകും എന്തൊക്കെ അറിയിക്കാനാകും എന്നതിലേക്കുള്ള അന്വേഷണമാണ്. മനുഷ്യരെപ്പോലെ ചെടികൾ, കല്ലുകൾ, ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം അവയുടേതായ വൈകാരികതയുണ്ടെന്ന് ബാഷോ പറയുന്നു. ഒരു പ്രത്യേക വസ്തുവിനെ കുറിച്ചുള്ള വിവരണം, നമ്മളിൽ അവയോട് ചേർന്നുനിൽക്കുന്ന വികാരങ്ങളെ ഉണർത്തുമെന്ന് പിൽക്കാലത്ത് ടി.എസ് എലിയറ്റും അഭിപ്രായപ്പെടുകയുണ്ടായി.

•••

          ഈ പാത
          ശരത്ത്കാല സന്ധ്യയിൽ‌—
          ഒരാളുമില്ല.

ഈ ഹൈക്കുവിന് വിജനമായ പാതയെ ചിത്രീകരിക്കുന്ന കവിതയെന്ന വ്യാഖ്യാനമാണ് പൊതുവിൽ നൽകാനാകുക. ഇക്കാര്യം മുൻനിർത്തി ഓരോ വായനക്കാരനും തങ്ങളുടെ വ്യാഖ്യാനങ്ങൾ ചമയ്ക്കാം. എന്നാൽ ബാഷോയുടെ ജീവിതമറിഞ്ഞൊരു വായനയ്ക്ക് ശ്രമിച്ചാൽ കവിതയുടെ അർത്ഥതലം മറ്റൊന്നാകും. കവിയുടെ ജീവിതത്തിന്റെ അവസാനകാലത്ത് എഴുതപ്പെട്ട ഹൈക്കുവാണിത്. ‘എനിക്കനുഭവപ്പെടുന്നത്’ എന്നൊരു തലക്കെട്ട് ബാഷോ ഇതിനു കൊടുത്തിരുന്നു. അതിനാൽ കവിയുടെ ആന്തരികതലത്തെ വിവരിക്കുകയാണെന്നു വേണം കരുതാൻ. എന്നാൽ തലക്കെട്ട് മാറ്റി നിർത്തിയാൽ അങ്ങനെയൊരു വ്യാഖ്യാനം സാധ്യമല്ല. പാതയെന്നത് – വേർഡ്സ്വർത്തിനെപ്പോലെ – ബാഷോയുടെയും ജീവിതത്തിലെ പ്രധാന സംഗതിയാണ്. ദിവസം ഇരുപത്-മുപ്പത് മൈലുകൾ കാൽനടയായി സഞ്ചരിച്ചിരുന്ന ആളായിരുന്നു ബാഷോ. അതിനാൽ തന്നെ ഹൈക്കുവിലെ പാതയും വിജനമായ ശരത്ത്കാല സന്ധ്യയും കവിയുടെ ഛായാചിത്രം തന്നെയാകാം. തന്റെ വഴിയിലൂടാരുമില്ല, പാത മാത്രമാണ് താൻ എന്ന തോന്നൽ പങ്കുവെക്കുകയാകണം കവി.

ഹൈക്കു കവിതകളും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യകവിതയിലെ ഇമേജിസ്റ്റ് കവികളെയും (എസ്ര പൗണ്ട്, ആമി ലോവൽ, വില്യം കാർലോസ് വില്യംസ്, ടി.എസ് എലിയറ്റ് തുടങ്ങിയവരെ) വായിക്കുമ്പോൾ ബോധ്യപ്പെടാനിടയുള്ള ഒരു കാര്യമുണ്ട്: ഓരോ കവിതകളിലെയും ബിംബങ്ങളെ/വസ്തുക്കളെ നമുക്ക് കാണാമെങ്കിൽ കേൾക്കാമെങ്കിൽ, ആ കാഴ്ചകളുടെയും കേൾവികളുടെയും ഉള്ളിലേക്കിറങ്ങാനായാൽ എല്ലാ വസ്തുക്കളും/ബിംബങ്ങളും സംസാരിക്കും നമ്മളോട്, നമ്മളിലൂടെ.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact