Friday, 15 February 2019

കുറിപ്പ്

പുതുമയുടെ മാനദണ്ഡം കവിതയിൽ

പുസ്തകവിൽപ്പശാലകളിൽ നിന്നും കവിതാപുസ്തകം തെരഞ്ഞെടുക്കേണ്ടി വരുമ്പോൾ ക്ലാസിക് എന്നു വിലയിരുത്തപ്പെടുന്ന സൃഷ്ടികൾക്കാണു ഞാൻ പ്രാധാന്യം നൽകിവരുന്നത്. വായിക്കാനെടുക്കുന്നത് ഇക്കാലത്ത് എഴുതപ്പെട്ട കവിതയായിരിക്കണം എന്ന നിർബന്ധം ഒട്ടുമില്ല. എന്തെന്നാൽ കവിതയെന്നത് എനിക്കു വസ്തുവല്ല. തീർച്ചയായും അച്ചടിക്കപ്പെട്ട പുസ്തകം വസ്തുതന്നെ, എന്നാൽ എഴുതപ്പെട്ട വരികൾ കവിതയായി മാറുന്നത് ഒരു പ്രക്രിയയാണ്. ആ പ്രക്രിയ പൂർത്തീകരിക്കാൻ എഴുതപ്പെട്ട വരികൾക്കു പുറമെ ആസ്വാദകനും അയാളുടെ ലോകവും ആവശ്യമാണ്. എഴുതപ്പെട്ടത് നൂറ്റാണ്ടുകൾക്കു മുമ്പാണെങ്കിലും കവിതയായി മാറുന്ന പ്രക്രിയ ഇന്നിൽ നിൽക്കുന്ന വായനക്കാരനിലൂടെ പൂർത്തീകരിക്കാനാകുന്നുവെങ്കിൽ അവിടെ എഴുതിയകാലത്തെ അടിസ്ഥാനമാക്കിയുള്ള കവിതയുടെ പഴക്കം പ്രാധാന്യം അർഹിക്കുന്നില്ല. അതിനാൽ തന്നെ കവിതയുടെ പുതുമ നിർണ്ണയിക്കൽ കവിയുടെ കാലത്തേക്കാൾ വായനക്കാരന്റെ കാലത്തെ അടിസ്ഥാനമാക്കിയാകണമെന്നു വിശ്വസിക്കുന്നു.

പുതുമയെന്ന വൈയക്തികാനുഭവം

വായനയിൽ നമുക്കു കാലത്തെ അടിസ്ഥാനമാക്കി രണ്ടുരീതികൾ പിന്തുടരാമെന്നു വയ്ക്കുക: ഒന്ന് സമകാലീന എഴുത്തുകാരുടെ പ്രസിദ്ധീകരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന രചനകളെല്ലാം വായിച്ചുകൊണ്ട് കാലത്തിനൊപ്പമുള്ള പോക്ക്. അടുത്തത് മുൻകാലങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ക്ലാസിക് എന്നു വിലയിരുത്തപ്പെടുന്ന സൃഷ്ടികളുടെ വായനയിലേർപ്പെടൽ. നമുക്കറിയാം നമ്മളിൽ പലരും ഈ രണ്ടുകാലത്തിൽ നിന്നുമുള്ള സാഹിത്യം വായിക്കാൻ താല്പര്യപ്പെടുന്നവരാണെന്ന്. എന്നാൽ പുതിയത് എന്ന വാക്ക് പ്രയോഗിക്കുമ്പോൾ സമകാലീനരിൽ തങ്ങാനാകും കൂടുതൽ പേർക്കും താല്പര്യം. എന്നാൽ സമകാലീനർ എത്രത്തോളം പുതിയതാണ്? എന്താണു പുതുമയുടെ മാനദണ്ഡം?

ഇറാൻ കൊലിറിന്റെ ദ് എക്സ്ചേഞ്ച് എന്ന സിനിമയുടെ തുടക്കം ഇങ്ങനെ: സിനിമയിലെ പ്രധാന കഥാപാത്രമായ കോളേജ് അധ്യാപകൻ എന്നും ഒരേ രീതിയിൽ ജീവിതം തുടരുന്ന ഒരാളാണ്. ഒരു ദിവസം പതിവിന് വിപരീതമായി പകൽനേരത്ത് വീട്ടിലെത്തുമ്പോൾ ആ നേരത്തെ വീടകം അയാളിൽ നവ്യാനുഭവമാകുകയാണ്. അയാൾ എന്നും രാവിലെ കോളെജിൽ പോകുമ്പോൾ കാണുന്നതോ വൈകീട്ട് വീടെത്തുമ്പോൾ കാണുന്നതോ ആയ അകമല്ല ആ പകലിൽ അയാൾ അനുഭവിക്കുന്നത്, ഈ തിരിച്ചറിവാണ് പുതുമയ്ക്ക് കാരണമാകുന്നത്. തൊട്ടടുത്ത ദിവസം എന്നും ഇറങ്ങാറുള്ള ബസ് സ്റ്റോപ്പിനു പകരം തൊട്ടപ്പുറത്തെ സ്റ്റോപ്പിൽ ഇറങ്ങി അയാൾ കോളെജിലേക്ക് നടക്കുന്നു. ഇത്തരത്തിൽ താൻ കാലങ്ങളായി പിന്തുടർന്നു വരുന്ന തന്റെ ദിനചര്യകളിൽ മാറ്റം വരുത്തുകയും ആ ചെറുമാറ്റങ്ങളിലൂടെ അയാൾ തന്റെ ജീവിതത്തെ നവീകരിക്കുകയും ചെയ്യുന്നു.

കവിതാവായനയിലും സമാനമായ രീതിയിൽ പുതുമ അനുഭവവേദ്യമാകാം. നിങ്ങൾ പരിചയിച്ച കവിതകളിൽ നിന്നും വേറിട്ടൊരു കവിത നിങ്ങളെ സംബന്ധിച്ചിടത്തോളം പുതിയതാകാം. ഇവിടെ പരിചിതമായതിൽ നിന്നുള്ള വേറിടലാണു പുതുമയെന്ന അനുഭവം പ്രദാനം ചെയ്യുന്നതെങ്കിൽ ഒരു പ്രത്യേക കാലത്ത് ചിലതരം കവിതകൾ പുത്തൻ പ്രവണതയായി മാറുന്നതും കാണാം. ഉദാഹരണത്തിനു നിങ്ങൾ മാധ്യമം, സമകാലിക മലയാളം തുടങ്ങിയ വാരികകളിലും സൈബറിടത്തിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രസിദ്ധീകരിക്കപ്പെടുന്ന കവിതകൾ പിന്തുടർന്നു വായിച്ച ഒരാളാണെന്നിരിക്കട്ടെ ആ കവിതകളിൽ മിക്കതിന്റെയും ശൈലീപരമായ ഏകതാനതയും അതിവാചാലതയും മുൻനിർത്തി ഇക്കാലത്തെഴുതപ്പെടുന്ന കവിതകളുടെ പൊതുസ്വഭാവമായി ഇതൊക്കെ കണക്കാക്കാം. 1990കളുടെ അന്ത്യത്തിൽ അന്നത്തെ പുത്തൻ പ്രവണതയായി വിലയിരുത്തപ്പെട്ട അനിത തമ്പി, പി. രാമൻ തുടങ്ങിയവരുടെ കവിതകളിൽ നിന്നും ഭിന്നമാണു ഈ സ്വഭാവങ്ങൾ എന്നിരിക്കെ, ഇവ പുതിയ കവിതയെന്ന നിഗമനത്തിലും എത്താം. അതായതു തൊട്ടുമുമ്പ് പുത്തനായിരുന്ന ഒന്നിൽ നിന്നുള്ള വേറിടൽ മറ്റൊന്നിൽ പുതുമ തോന്നിപ്പിക്കുന്നു.

അതിശയിപ്പിക്കാനുള്ള ശേഷി

വായനാനന്തരം തോന്നുന്ന അതിശയമാണു പുതുമയെന്ന തോന്നലുളവാക്കുന്ന മറ്റൊരു പ്രധാനകാര്യം. ആദ്യവായനയിൽ അതിശയിപ്പിച്ച കവിതകൾക്കു പിന്നീടുള്ള ഓരോ വായനയിലും വായനക്കാരനിൽ മറ്റേതെങ്കിലും തരത്തിലുള്ള ആശ്ചര്യം ഉളവാക്കുന്നുവെങ്കിൽ അവയെ തീർച്ചയായും ക്ലാസിക് ആയി വിലയിരുത്താം. കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ, അവർ ആദ്യമായി കേൾക്കുന്ന ഒരു പ്രത്യേക ശബ്ദത്തോടു കാണിക്കുന്ന പ്രതികരണം അതേശബ്ദം കേട്ടുപഴകിയാൽ കാണിച്ചെന്നു വരില്ല. ഇത്തരത്തിൽ ഓരോ കാലത്തെ വായനയിലും പുതിയതായി ഒന്നും നൽകാനാകാത്ത കവിതകളെ കാലം അവഗണിക്കുന്നതും പതിവാണല്ലോ.  ഓരോ വായനയിലും ഏതെങ്കിലും തരത്തിൽ പുതുമ നിലനിർത്താനാകുന്നു എന്നതാകാണം ക്ലാസിക്കുകളെ നിർണ്ണയിക്കുന്നതിലെ ഒരു മാനദണ്ഡം. അങ്ങനെയെങ്കിൽ ഇന്നിൽ പുതിയതായിരിക്കുക എന്നതിനേക്കാൾ എന്നും പുതിയതായിരിക്കാനാകുകയെന്നതു കവിതയ്ക്കു പ്രധാനമാകുന്നു.

കാലമാറ്റത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ ഇക്കാലത്തെഴുതുന്ന കവിതകളിലും പ്രമേയപരമായി പ്രതിഫലിക്കുമെന്നു ഉറപ്പ്. ചില കവികളാകട്ടെ കവിതയുടെ രൂപത്തിലും ഘടനയിലും പരീക്ഷണം നടത്താൻ താല്പര്യപ്പെടുന്നു. പ്രമേയത്തിലും രചനാതന്ത്രങ്ങളിലുമുള്ള പരീക്ഷണപരത കവിതയെ മുന്നോട്ടു നയിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. ഉപയോഗിച്ചു പഴകിയ ശൈലികൾ, പ്രയോഗങ്ങൾ, ഭാവന - ഇവയോളം കവിതയിൽ ചെടിപ്പുണ്ടാക്കുന്ന  മറ്റെന്തെങ്കിലും കാണുമോ? അതേസമയം കാലങ്ങളായി ഉപയോഗിക്കുന്നതോ, ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോ ആയ കാര്യങ്ങളായിക്കൊള്ളട്ടെ അവ വേറിട്ട രീതിയിൽ കവിതയിൽ ആവിഷ്കരിക്കപ്പെടുമെങ്കിൽ എന്തെങ്കിലും വേണ്ടെന്ന് വേക്കേണ്ട ആവശ്യം വരുമെന്നും തോന്നുന്നില്ല. സഹൃദയനെ സംബന്ധിച്ച് തനിക്കു പരിചിതമായ ഒന്നിനെ മറ്റൊരു രീതിയിൽ നോക്കിക്കാണാനുള്ള ക്ഷണവുമായിരിക്കുമത്.

മൗലികമായ ഭാഷാശൈലി

മറ്റൊരു ഭാഷയിലെ കവിത വായിക്കുന്നതിനെ പറ്റി ഒലാവ് എച്ച്. ഹോഗ് ഇങ്ങനെ എഴുതുന്നു: ഒരന്യഭാഷയിലെ കവിത വായിക്കുന്നത് എപ്പോഴും ആനന്ദപ്രദമാണ്‌. അന്യവും വൈദേശികവുമായത് എപ്പോഴും നമ്മെ വശീകരിക്കും. ഒരന്യഭാഷ സ്വന്തം ഭാഷ പോലെ ഒരിക്കലും നമുക്കു വ്യക്തമായിരിക്കില്ല, അത്ര ഉപയോഗിച്ചു പഴകിയതുമാവില്ല. സകലതും, ഏറ്റവും സാധാരണമായ കാര്യം പോലും നമുക്കു പുതുമയായി തോന്നും.*

ഒലാവ് എച്ച്. ഹോഗ് പറയുന്നതിന്റെ അടിസ്ഥാനത്തിലാണെങ്കിൽ കവിതയിലെ ക്ലീഷെകളെ മറികടക്കാനുള്ള മാർഗങ്ങളിൽ ഒന്ന് ഓരോ കവിയും തനതായ, മൗലികമായ ഭാഷാശൈലി കണ്ടെത്തുകയാകണം. അതുവഴി ഇന്നത്തെ കവിത ഇങ്ങനെയാകണമെന്നു പൊതുശൈലീവത്കരിക്കപ്പെട്ടവയിൽ നിന്നും വേറിട്ട സ്വരമാകാൻ അവയ്ക്കു സാധിച്ചേക്കും. സ്വാഭാവികമായും ഉണ്ടാകാനിടയുള്ള സംശയമാണ് തന്റെ കാലത്ത് ആഘോഷിക്കപ്പെടുന്ന, കൂടുതലായി വായിക്കപ്പെടുന്ന ശൈലിയിൽ തന്നെ എഴുത്തുതുടരാമെന്നിരിക്കെ, എന്തിനു മൗലികമായൊരു ശൈലി താൻ കണ്ടെത്തണം എന്നത്.

ഓരോ കാലത്തും പുത്തൻ പ്രവണതയെന്നു ആഘോഷിക്കപ്പെട്ട കവിതകളുടെ തുടക്കം എവിടെ നിന്നാണെന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏതുതരം സ്കൂൾ ഓഫ് പോയട്രി ആയിരുന്നാലും, അവയുടെയെല്ലാം പ്രത്യേകതകളും സ്വഭാവങ്ങളും രൂപീകരിക്കുന്നതിനു മാതൃകയാകാൻ ഒന്നോ രണ്ടോ കവികൾ ഉണ്ടായിക്കാണും. ആ കവികളാകട്ടെ തങ്ങളുടെ കാലത്ത് അന്നത്തെ പുത്തൻ പ്രവണതയിൽ നിന്നും വേറിട്ടുനിന്നവരുമായിരിക്കും. ഒരുപക്ഷേ കാലങ്ങൾക്കു ശേഷമാകാം ഈ കവികളെഴുതിയ സ്വഭാവവും, പ്രത്യേകതകളുമുള്ള തരം കവിതകൾ ആഘോഷിക്കപ്പെടുന്നതും അവയ്ക്കു പിന്തുടർച്ചക്കാർ ഉണ്ടാകുന്നതും. ഇതിനുപുറമെ മൗലികമായ ഭാഷാശൈലിയിൽ ഓരോരുത്തരും എഴുതാൻ ശ്രമിച്ചാൽ എന്തുമാത്രം വൈവിധ്യമായിരിക്കും കവിതാലോകമെന്നു ആലോചിച്ചുനോക്കൂ. താനെഴുതേണ്ട കവിതയെഴുതാൻ തനിക്കേ സാധിക്കൂ എന്നിരിക്കെ അവയ്ക്കു നമ്മുടേതല്ലാത്ത ശബ്ദം നൽകേണ്ടതില്ലല്ലോ.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact