Saturday, 18 May 2019

കുറിപ്പ്

ഗിയോർഗ് ട്രാക്ക്‌ലിന്റെ കവിത

ഓസ്ട്രിയൻ കവിയായ ഗിയോർഗ് ട്രാക്ക്ൽ  (1887 – 1914) തന്റെ കവിതകളിൽ മൗനം പാലിക്കുന്നു. വാചകമടിയോ പ്രസ്താവനകളോ ഇല്ല. ബിംബങ്ങളെ തനിക്കുവേണ്ടി സംസാരിക്കാൻ പറഞ്ഞുവിടുന്നു. മതിഭ്രമത്താൽ1 ഈ കവി ലോകത്തിനു വിചിത്രമായ നിറങ്ങൾ നൽകുന്നു. നരച്ച മൗനം ആ നിറങ്ങൾക്കു പശ്ചാത്തലമാകുന്നു.2 പലപ്പോഴും ഇരുണ്ട സായാഹ്നങ്ങളിൽ നിന്നും ബിംബങ്ങളുടെ നേർത്ത ശബ്ദം കേൾക്കാറാകുന്നു.

ട്രാക്ക്ലിന്റെ കവിതകൾ വായിക്കാനെടുക്കുമ്പോൾ ഇന്ദ്രിയബോധങ്ങളെ തകിടം മറിക്കാൻ ഒരുമ്പെട്ട ആർതർ റങ്ബോയെ ഓർമ്മ വരുന്നു3. സ്ഥിരത കണ്ടെത്താനാകാത്ത മനസ്സുമായി മറ്റൊരു ലോകം തേടിയ സാമുവൽ ടെയിലർ കോൾറിഡ്ജിനെയും ഓർക്കാനാകുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരം തകർന്നടിഞ്ഞ പ്രകൃതിയേയും മനുഷ്യമനസ്സിനെയും കാണാനാകുന്നു.4

തന്റെ ഇരുപതുകളുടെ തുടക്കത്തിൽ കവിതയെഴുത്തു നിർത്തി അടിമകച്ചവടത്തിനു പോയ റങ്ബോയെ എന്ന പോലെ അമിതമായ കൊക്കെയിൻ ഉപയോഗിച്ചു തന്റെ ഇരുപത്തിയേഴാം വയസ്സിൽ മരണപ്പെട്ട ട്രാക്ക്ലും5 എനിക്കു പ്രിയപ്പെട്ടവനാകുന്നു. ആ ജീവിതം കൊണ്ടല്ല - അവശേഷിപ്പിച്ച കവിതകൾ കൊണ്ട്.

***

ജീവിച്ചിരിക്കെ Gedichte (Poems) എന്ന പേരിൽ ഒരു കവിതാസമാഹാരം മാത്രമാണ് ട്രാക്ക്ല് പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ സമാഹാരമായ Sebastian im Traum (Sebastian in Dream) പ്രസിദ്ധീകരിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണാനന്തരം Der Herbst des Einsamen (The Autumn of The Lonely), Gesang des Abgeschiedenen (Song of the Departed) എന്നീ കവിതാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിക്കപ്പെട്ടു.

ട്രാക്ക്ലിനെ ഞാൻ പരിചയപ്പെടുന്നതു ജെയിംസ് റൈറ്റും റോബർട്ട് ബ്ലൈയും ജർമ്മനിൽ നിന്നും ഇംഗ്ലീഷിലേക്കു ചെയ്ത പരിഭാഷകളിലൂടെയാണ്. തുടർന്നു ജെയിംസ് റീഡെൽ, വിൽ സ്റ്റോൺ എന്നിവരുടെ പരിഭാഷകളും വായിച്ചു.

റീഡെൽ, ഒറിജിനൽ കവിതകളുടെ ലിറിക്കൽ മികവ് നിലനിർത്താൻ ശ്രമിച്ചപ്പോൾ വിൽ സ്റ്റോൺ കവിതകളെ ബിംബകൽപ്പനകൾക്കു പ്രാധാന്യം നൽകി ഇംഗ്ലീഷ് ഭാഷയിലേക്കു മാറ്റുകയായിരുന്നുവെന്നാണു അനുഭവപ്പെട്ടത്.

റീഡെൽ ചെയ്ത ട്രാക്ക്ല് കവിതകളുടെ പരിഭാഷകൾ സീഗൾ ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിൽ സ്റ്റോണിന്റെ പരിഭാഷ To the Silenced: Selected Poems എന്ന പേരിൽ ആർക്ക് പബ്ലിക്കേഷൻസ് ആണ് പുറത്തിറക്കിയിരിക്കുന്നത്. Jim Doss, Werner Schmitt എന്നിവർ ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്ത  ട്രാക്ക്ല് കവിതകൾ സൈബറിടത്തിൽ ലഭ്യമാണ്.

അടിക്കുറിപ്പുകൾ
1 - ഗിയോർഗ് ട്രാക്ക്ൽ സ്‌കിസോഫ്രീനിയ ബാധിതനായിരുന്നു.

2 - പൊതുവെ നരച്ച അന്തരീക്ഷമാണു ട്രാക്ക്ല്ന്റെ മിക്ക കവിതകൾക്കുമെങ്കിലും അദ്ദേഹം വിചിത്രമായ രീതിയിൽ പലവിധത്തിലുള്ള നിറങ്ങൾ കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്. നമുക്കു പരിചിതമായ കാര്യങ്ങൾക്കു അദ്ദേഹം മറ്റൊരു നിറം നൽകുന്നു. അദ്ദേഹത്തിന്റെ കവിതകളെ എക്സ്പ്രെഷനിസ്റ്റ് കലാപ്രസ്ഥാനത്തോടു ചേർത്തുനിർത്താറുണ്ട്.

3 - ആർതർ റങ്ബോയുടെ സ്വാധീനം ട്രാക്ക്ലിന്റെ ആദ്യകാലകവിതകളിൽ പ്രകടമാണ്. ഹോൾഡെർലിൻ ആണു അദ്ദേഹത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്ന മറ്റൊരു കവി.

4 - ഫാർമസിസ്റ്റ് ആയിരുന്ന ട്രാക്ക്ല് ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. ഗ്രോഡെക്കിൽ മാരകമായി മുറിവേറ്റ സൈനികരെ സൃശ്രൂഷിക്കേണ്ടി വന്നത് സ്വതവേ മാനസിക അസ്ഥിരത അനുഭവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്മേലുള്ള പിടിവള്ളി നഷ്ടപ്പെടുത്തുന്നതായിരുന്നു. ഇതിനുശേഷം അദ്ദേഹം ആത്മഹത്യാപ്രവണത വെച്ചുപുലർത്തിയിരുന്നു. ഗ്രോഡെക്ക്’ എന്ന പേരിൽ അദ്ദേഹം എഴുതിയ കവിത അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കവിതകളിൽ ഒന്നാണ്. ട്രാക്ക്ലിന്റെ അവസാന കവിതയുമാണിത്.

5 - യൗവ്വനാരംഭത്തിൽ തന്നെ ട്രാക്ക്ല് ലഹരിവസ്തുക്കൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. യൂണിവേഴ്സിറ്റി പഠനാനന്തരം ട്രാക്ക്ല് ഒരു ഫാർമസിയിൽ തൊഴിൽ ചെയ്യുകയും ഇക്കാലയളവിൽ നാർക്കോട്ടിക്സ് ഉപയോഗം വർധിക്കുകയും ചെയ്തു.

Credit: Georg Trakl Painting by Daniel Wimmer 

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact