Wednesday, 8 May 2019

കുറിപ്പ്

ടി.പി വിനോദുമായുള്ള സംഭാഷണം

ടി.പി വിനോദ് എനിക്കു പ്രിയപ്പെട്ട മലയാള കവികളിൽ ഒരാളാണ്. ലാപുടയെന്ന ബ്ലോഗിലൂടെ ശ്രദ്ധേയനായ അദ്ദേഹം നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ, അല്ലാതെന്ത്?, ‘സന്ദേഹങ്ങളുടെ നിർദ്ദേശാങ്കങ്ങൾ’ എന്നിങ്ങനെ മൂന്ന് കവിതാസമാഹാരങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിനോദുമായി 2016 ൽ തിരക്കവിതയ്ക്ക് വേണ്ടി നടത്തിയ അഭിമുഖത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ.

ലാപുടയെന്നാണല്ലോ ബ്ലോഗിന്റെ പേര്, അങ്ങനൊരു പേരിടാന്‍ കാരണം?


ലാപുട എന്ന പേരും സ്ഥലവും അവിടത്തെ വിചിത്രയുക്തികളിലെ തലകീഴ്ജീവിതവും 'ഗളിവറുടെ യാത്രകള്‍' വായിച്ച കുട്ടിക്കാലംതൊട്ട് കൂടെയുണ്ട്. എം.ജി.യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍(2003-2004) ഞാന്‍ താമസിച്ചിരുന്ന മുറിയുടെ ചുവരില്‍നിറയെ പെന്‍സില്‍ കൊണ്ട് കവിതകള്‍ എഴുതിയിടാറുണ്ടായിരുന്നു. സ്വന്തം വരികളും വായിച്ചിട്ടു ഇഷ്ടപ്പെട്ട മറ്റുള്ളവരുടെ വരികളും ചെരിഞ്ഞും ചിതറിയും നാലു ചുവരുകളില്‍കോറിയിട്ടിരുന്നു. മുറിയില്‍ ആദ്യമായി വരുന്നവരില്‍ ചിലരെങ്കിലും സ്നേഹത്തോടെയും ചെറിയ അത്ഭുതത്തോടെയും ഇവയെ നോക്കാറുമുണ്ടായിരുന്നു. നല്ല കവിതകളായിരുന്നു അവയെല്ലാമെന്ന്‍ പറഞ്ഞുകൂടാ. മിക്കവാറും വരികള്‍ക്കെല്ലാം മുദ്രാവാക്യസ്വഭാവവും നിര്‍വ്വചനഭാവവുമൊക്കെ ആയിരുന്നു. മുറിയുടെ അകവും പുറംലോകവും തമ്മില്‍ കവിതയുടെ സാധുതയും അസാധുതയുമായി വിഭജിക്കപ്പെട്ടിരിക്കുന്നല്ലോ, മുറിയുടെ അകംചുമരുകള്‍ പേറുന്ന യുക്തിയല്ലല്ലോ പുറംലോകത്തിന് എന്നൊക്കെയുള്ള തോന്നലുകളില്‍നിന്നു മുറിയുടെ വാതിലിനു പുറത്തു ഞാന്‍ ലാപുട എന്ന്‍ എഴുതിവെച്ചു. വാതിലനകത്തുള്ള വിചിത്രയുക്തികളുടെ കർത്തൃത്വത്തില്‍ സന്തോഷപ്പെട്ടു.

2006-ൽ ബ്ലോഗ് തുടങ്ങിയപ്പോൾ ഈ പേര് തന്നെയാണു ആദ്യം മനസ്സിൽ വന്നത്. അക്കാലത്ത് ഭൂരിഭാഗം ബ്ലോഗെഴുത്തുകാരും ഒരു pseudonym-ൽ എഴുതിയിരിക്കുന്നതു കണ്ട് എഴുത്തുകാരന്റെ പേരിന്റെ സ്ഥാനത്തും ഞാൻ ലാപുട എന്ന്  വെച്ചിരുന്നു.  

യുക്തി എന്നത് എന്നെ സംബന്ധിച്ച് വലിയ മാനങ്ങളുള്ള ഒരു കാര്യമാണ്. 1+1=2 എന്ന തരത്തിലുള്ള കാര്യങ്ങൾ ഓർത്തുവെയ്ക്കുകയും പുന:സൃഷ്ടിക്കുകയും പരിശോധിക്കുകയുമൊക്കെ ചെയ്യാനുതകുന്ന മാനസിക വിഭവശേഷി എന്നതിനപ്പുറം യുക്തി എനിക്ക് ഭാവനയുടെ അഭികാരകവും (reactant) അനുകമ്പയുടെ ഏറ്റവും നല്ല ചാലകവുമൊക്കെയാണ്. വ്യാവഹാരിക ലോകത്തിന്റെ യുക്തിയെ അട്ടിമറിക്കുകയോ ബൈപാസ് ചെയ്യുകയോ ചെയ്യേണ്ടത് കവിതയിലുള്ള/സാഹിത്യത്തിലുള്ള യുക്തിയുടെ ജോലിയും ജീവിതവുമാണ്. 'അങ്ങനെയായിരുന്നെങ്കിൽ?' 'എന്നെപ്പോലെയല്ലേ അയാളും?' 'എങ്കിലെന്ത്?' തുടങ്ങിയ ചോദ്യങ്ങളെ ഭാവനയുടെ, സ്നേഹത്തിന്റെ, സഹാനുഭുതിയുടെ (അവനവനോടുള്ള സഹാനുഭുതിയുടെയും) ഒക്കെ അടിത്തട്ടുകളിൽ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. യുക്തി എന്റെ എഴുത്തിന്റെ നാഡീവ്യൂഹമാണ്. എന്റെ യുക്തിയുമായി എനിക്കുള്ള വൈകാരികമായ അഭേദ്യത തന്നെയാണ് വിചിത്രയുക്തികളുടെ സാങ്കല്‍പ്പിക സ്ഥലമായ ലാപുട യുടെ പേരിലേക്ക് എന്നെ ആകര്‍ഷിച്ചത്.

ആകാശത്തിന്റെ പശ്ചാത്തലത്തില്‍ മരച്ചില്ല എന്നപോലെ
ചിന്തകളെ നമുക്കു വരയ്ക്കാനായെങ്കില്‍
ആ ചിന്തകളില്‍
എന്തെങ്കിലും ചേക്കേറാതിരിക്കില്ല
ചില്ലകളില്‍കിളിയെന്നപോലെ’*
—റോബര്‍ട്ടോ ജുവാറോസിന്റെ ഈ വരികള്‍ താങ്കളുടെ കവിതക്കുള്ള പൊതുവിശേഷണമായി കാണാമെന്നു തോന്നുന്നു.


ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരമായി യുക്തിയെപ്പറ്റി പറഞ്ഞ പലകാര്യങ്ങളും ചിന്തയെപ്പറ്റിയുള്ള ഈ അഭിപ്രായത്തിനും ഉത്തരമാണെന്ന് തോന്നുന്നു. എഴുതുമ്പോൾ പലപ്പോഴും കവിതയുമായി ബന്ധപ്പെട്ട ആ ആവിഷ്ക്കാര ശ്രമത്തിലേക്ക് എങ്ങനെ ഞാൻ എത്തിപ്പെട്ടു എന്നതിനെ നിർദ്ധാരണം ചെയ്യാനുള്ള ഒരു പരിപാടിയെ കൂടി കവിതയിൽ ഘടിപ്പിക്കാറുണ്ട്. ഈയൊരു അന്വേഷണം ഞാനൊറ്റയ്ക്കല്ല, വായിക്കുന്നയാളും കൂടിയാണ് ചെയ്യേണ്ടതെന്ന ഉപബോധവും എന്തുകൊണ്ടോ അതോടൊപ്പമുണ്ട്. എഴുതിത്തുടങ്ങിയ കാലം തൊട്ടേ എന്റെ എഴുത്ത് അധികകാലമൊന്നും നീണ്ടുനിൽക്കാനിടയില്ല എന്ന തോന്നൽ എപ്പോഴും കൂടെയുണ്ടായിരുന്നു. അതുകൊണ്ട് താല്ക്കാലിക കൈവശാവകാശം മാത്രമുള്ള ഒന്നിനോടുള്ള ഭവ്യതയും ശ്രദ്ധയും impersonal നിലപാടുകളും അതിനോട് വരാറുണ്ട്. ഇതൊക്കെ എഴുത്തിന്റെ രൂപത്തിലേക്കും ഇതിവൃത്തങ്ങളിലേക്കും സംക്രമിച്ചിട്ടുമുണ്ട്. എന്റെ എഴുത്ത് പലപ്പോഴും മറ്റൊരാൾക്ക് കൂടി പെരുമാറാനുള്ള ഒരു ഇടം ഒരുക്കുന്ന പോലെയുള്ള പണിയാവുന്നതും ഇതുകൊണ്ടൊക്കെയാവാം.

എഴുതപ്പെട്ട കവിതയില്‍ വീണ്ടും പണിയെടുക്കുന്ന ശീലമില്ലാത്തതും ഇതേ കാരണങ്ങളാലാണോ?


എഴുതിയ ആള്‍ കവിത എത്രതവണ മാറ്റിയെഴുതിയിട്ടുണ്ടാവും എന്നത് വായിക്കുന്നയാളിനെ സംബന്ധിച്ച് എന്തെങ്കിലും തരത്തില്‍ പ്രസക്തിയുള്ള കാര്യമാണ് എന്ന് തോന്നുന്നില്ല. പല പ്രാവശ്യം എഡിറ്റിംഗും മറ്റും നടത്തുന്നത് കവിതയെ കൂടുതല്‍ നവീകരിക്കും എന്നൊരു ഒഴുക്കന്‍ അനുമാനം നമുക്കുണ്ട് എന്ന് തോന്നുന്നു. ആലോചിച്ചു നോക്കിയാല്‍ ആ തോന്നല്‍ അത്രക്ക് ശരിയാവണമെന്നില്ല എന്നു മനസ്സിലാവും. എന്തെങ്കിലും ഒന്നിനെ ‘തിരുത്തുക‘ എന്ന പ്രക്രിയ പലപ്പോഴും നിലനില്‍ക്കുന്ന/വിഭാവനം ചെയ്യപ്പെട്ട ഒരു മാതൃകയിലേക്ക് അതിനെ പരുവപ്പെടുത്തലാണ്. ഭാഷയുടെ പുതുമയിലേക്കുള്ള കുതറലുകള്‍ (കവിതകള്‍) തിരുത്തലുകളുടെ ചെക്പോസ്റ്റുകള്‍വഴി കൃത്യമായി കരം കൊടുത്താവില്ല മിക്കവാറും വരിക.

ഗോപാല്‍ ഹോണാല്‍ഗരെയുടെ കവിതകള്‍ വായിച്ചു റൊബര്‍ട്ട് ലോവല്‍ ഇങ്ങനെ ചോദിച്ചത്രേ: ചിന്തകളെ റദ്ദുചെയ്യുവാനാണു നിങ്ങള്‍ ചിന്തിച്ചെഴുതുന്നതെങ്കില്‍ എന്തിനു തലച്ചോര്‍ ഉപയോഗിച്ച് കവിതയെഴുതുന്നു?


താങ്കളുടെ കവിതകളില്‍ കാണാവുന്ന വൈരുദ്ധ്യങ്ങളെ ചേര്‍ത്തുവെച്ച്, ചേര്‍ന്നുനില്‍ക്കുന്ന ബിംബങ്ങളിലൊന്നിനെ/വാക്കിനെ നിരാകരിക്കുന്ന രീതിക്കൊപ്പം, ‘അല്ലാതെന്ത്?’ എന്ന കവിതതന്നെയും മുന്‍നിര്‍ത്തി ഇതേചോദ്യം ചോദിക്കുകയാണ്.


കവിത എന്തിനെയെങ്കിലും പരിഹരിക്കുന്ന ഒന്നാണ് എന്ന് എനിക്ക് വിചാരമില്ല. ചിന്തയെ പരിഹരിക്കാന്‍ കവിതയ്ക്കോ കവിതയെ പരിഹരിക്കാന്‍ ചിന്തയ്ക്കോ സാധിക്കില്ല, അവ genuine ആയ കവിതയും ചിന്തയുമാണെങ്കില്‍. റദ്ദു ചെയ്യുക എന്ന പ്രയോഗത്തെക്കാളും വിപുലീകരിക്കുക, വാതിലുണ്ടാക്കുക, എന്നതൊക്കെയാണ് കവിതയെ സംബന്ധിച്ചുള്ള ഒരു വിശദീകരണശ്രമത്തില്‍എനിക്ക് അനുയോജ്യമായി തോന്നുന്ന പദങ്ങള്‍. ഹോലുബിന്റെ The Door എന്ന കവിതയോട് എനിക്ക് അന്തംവിട്ട ആരാധനയുണ്ട്.

The Door

Go and open the door.
          Maybe outside there’s
          a tree, or a wood,
          a garden,
          or a magic city.

Go and open the door.
          Maybe a dog’s rummaging.
          Maybe you’ll see a face,
or an eye,
or the picture
          of a picture.

Go and open the door.
          If there’s a fog
          it will clear.

Go and open the door.
          Even if there’s only
          the darkness ticking,
          even if there’s only
          the hollow wind,
          even if
                  nothing
                           is there,
go and open the door.

At least
there’ll be
a draught.
                                                [Miroslav Holub]

എന്റെ എഴുത്ത് ഈ കാഴ്ചപ്പാടിനോട് നീതി പുലര്‍ത്തിയിട്ടുണ്ടോ എന്ന് പറയാന്‍ ഞാനാളല്ല. തീര്‍പ്പുകള്‍ അവതരിപ്പിക്കാതിരിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷേ, സന്ദേഹമാണ് കൂടുതല്‍ സമഗ്രമായ യാഥാര്‍ത്ഥ്യം എന്ന് convey ചെയ്യാന്‍ പറ്റുമെങ്കില്‍ ഒരിക്കലും അറച്ചുനില്‍ക്കാറില്ല. ആ കാര്യം തീര്‍പ്പായി പറയാന്‍മടിയില്ല. Grey area സിമ്പിളല്ല, അതുകൊണ്ട് പവര്‍ഫുളാണ്. :)

പിന്നെ ഒരു കാര്യം, നമ്മുടെ എഴുത്ത് സ്ഥലം സോഷ്യല്‍മീഡിയ ആവുമ്പോള്‍, എഴുതുന്ന ആളിനെ നന്നായി അറിയുന്ന ഒരാളാണ് പലപ്പോഴും അയാളെ വായിക്കുന്നത് എന്ന വ്യത്യാസം ഉണ്ട്. സര്‍ക്കാസം, വിരുദ്ധോക്തി എന്നിവ വഴിയുള്ള സംവേദനമൊക്കെ പരമ്പരാഗത മാധ്യമങ്ങളെക്കാള്‍ സുഗമമാണ് ഇവിടെ എന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ അല്ലേ? റീഡര്‍ഷിപ്പിനെ അങ്ങേയറ്റം വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു എഴുത്ത് സാധ്യമാവുന്നു, ഒറ്റ ക്ലിക്കിനപ്പുറത്ത് സംവാദസജ്ജരായി എഴുതുന്നയാളും വായിക്കുന്നയാളും നില്‍ക്കുന്നു എന്നതൊക്കെ എഴുത്തിന്റെ സ്വഭാവത്തെ നന്നായി സ്വാധീനിക്കുന്ന കാര്യങ്ങളാണ്. അല്ലാതെന്ത് എന്ന കവിതയിലൊക്കെ അത് ഉണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

എന്തെങ്കിലും പറയാൻ വേണ്ടി കവിത എഴുതുന്നതിനെക്കാൾ ഒരു കാവ്യാനുഭവം compose ചെയ്യാൻ വേണ്ടി എഴുതുന്നതാണ് പുതിയ കാലത്തിന്റെ കവിത എന്ന് പറഞ്ഞുകേൾക്കാറുണ്ട്. വിനോദിന്റെ കവിതകൾ എന്തെങ്കിലും പറയാൻ വേണ്ടി ഉള്ളവയാണെന്ന് തോന്നാറുണ്ട്..


നേരത്തെ പറഞ്ഞ Condescending പരിപാടിയുടെ വേറൊരു ഉദാഹരണമാണ് ഇതെന്ന് തോന്നുന്നു. കാലങ്ങളായുള്ള ഈ വക ഉപദേശങ്ങൾ കൊണ്ട് സാരമായ തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുള്ള സാഹിത്യമാണ് നമ്മുടെ കവിതാസാഹിത്യം എന്നും തോന്നുന്നു. പുതിയത്, പഴയത് എന്നിവയെപ്പറ്റി മുൻപുണ്ടായിരുന്ന കാഴ്ചപ്പാട് ഇപ്പോഴും സാധുവാണോ എന്ന് നോക്കുന്നത് നന്നായിരിക്കും. ലോകത്തിലെവിടെയും ഏത് കാലത്തുമുണ്ടായിട്ടുള്ള സാഹിത്യം വിരൽത്തുമ്പിൽ ഉടനടി കിട്ടുന്ന ഇൻഫർമേഷൻ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. പുതുമ എന്നത് നമ്മുടെ അപരിചിതത്വം കൊണ്ട് നിർവ്വചിക്കപ്പെടുന്ന ഒരു കാര്യമാവരുത്.

എന്തെങ്കിലും പറയാൻ വേണ്ടി എഴുതുന്നത് അപരാധമാണ് എന്ന് തോന്നിയിട്ടില്ല. എന്തെങ്കിലും പറയേണ്ടതുള്ളപ്പോൾ പറയുന്നകാര്യം എന്തെങ്കിലും തരത്തിൽ വ്യത്യാസപ്പെട്ടിരിക്കേണ്ടതിന്റെ ആവശ്യകത വരും. വ്യത്യാസം എന്നത് കവിതയ്ക്ക് യോജിക്കാത്ത സോഫ്റ്റ്‌വെയറാണ് എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അവരെ സംശയിക്കണം. എല്ലാവരും ഒരേതരം എഴുത്ത് ഉൽപ്പാദിപ്പിക്കുന്നത് ബോറാണ്.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact