Saturday, 18 May 2019

കുറിപ്പ്

വിവാഹത്തെക്കുറിച്ച് റിൽക്കെയും കാഫ്കയും

വിവാഹം ഒരാളുടെ ജീവിതരീതിയെ കുറേക്കൂടി എളുപ്പമാക്കുന്നുവെന്നു റെയ്നർ മരിയ റിൽക്കെ കരുതുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രണ്ടുപേരുടെ കരുത്തുകളുടെയും ഇച്ഛകളുടെയും സ്വാഭാവികമായ സംയോഗമാണ് വിവാഹം. അതേസമയം അത് പുതിയൊരു ഉദ്യമവുമാണ്- ഓരോ പങ്കാളിയുടെയും ബലത്തിനോടും സൗമാനസ്യത്തിനോടുമുള്ള വെല്ലുവിളിയാണ്. അതിനാൽ വിവാഹത്തെ ഇണകൾക്കു നേരിടേണ്ടി വരുന്ന പുതിയ, വലിയ അപകടമായും അദ്ദേഹം വിലയിരുത്തുന്നു.

സഹജീവിതമെന്നത് ഉത്കൃഷ്ടവും നമ്മെ രൂപപ്പെടുത്തുന്നതുമായ ഒരു സ്വാധീനമായിട്ടാണു റിൽക്കെ പരിഗണിക്കുന്നത്. നമ്മോട് ഏറ്റവും അടുത്ത സൗഹൃദം വച്ചുപുലർത്തുമ്പോൾ തന്നെ എതിരഭിപ്രായങ്ങൾ സൂക്ഷിക്കുന്ന ഒരാളാകാം നമ്മുടെ സഹജീവി.  എല്ലാ അതിരുകളും തട്ടിനിരപ്പാക്കി വളരെ വേഗത്തിൽ സൗഹൃദം സ്ഥാപിക്കുകയല്ല വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്. റിൽക്കെ പറയുന്നു, നേരെമറിച്ച്, ഓരോ വ്യക്തിയും മറ്റേയാളെ തന്റെ ഏകാന്തതയുടെ കാവലാളായി നിയോഗിക്കുകയാണ്.

രണ്ട് മനുഷ്യജീവികളുടെ ഒന്നാകൽ അസാധ്യമാണ്. ഇനി അങ്ങനെയൊന്ന് കാണുന്നെങ്കിൽ തന്നെ അതൊരു പരിമിതപ്പെടുത്തലാകുമെന്ന് റിൽക്കെ വിശ്വസിക്കുന്നു. അതായത് ഒരാളുടെ അല്ലെങ്കിൽ ഇരുവരുടെയും പൂർണ്ണസ്വാതന്ത്ര്യത്തെയും വികാസത്തെയും കവർന്നെടുത്തു കൊണ്ടുള്ള ഉഭയസമ്മതപ്രകാരമുള്ള ഒരു ഉടമ്പടിയിലൂടെ മാത്രമാണ് ഇത് സാധിക്കുക.

ഏറ്റവും അടുപ്പമുള്ളവർക്കിടയിൽ പോലും അനന്തമായ അകലങ്ങൾ ശേഷിക്കുന്നു. ഈ തിരിച്ചറിവിൽ നിന്നും വിസ്മയകരമായ ഒരു സഹജീവിതം വളർത്തിയെടുക്കാമെന്നു റിൽക്കെ പറയുന്നു. അതിനാകട്ടെ തങ്ങൾക്കിടയിലെ വിശാലതയെ സ്നേഹിക്കാൻ ഇരുവർക്കുമാകണം.

ഇണയുടെ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡമായി റിൽക്കെ നിർദേശിക്കുന്നത് ഇക്കാര്യമാണ്: മറ്റൊരു വ്യക്തിയുടെ ഏകാന്തതയ്ക്ക് കാവൽ നിൽക്കാൻ നിങ്ങൾക്ക് സമ്മതമായിരിക്കണം; അതേപോലെ സ്വന്തം ഏകാന്തതയുടെ കവാടത്തിന്റെ കാവലാളായി അതേ വ്യക്തിയെ ഏൽപ്പിക്കാൻ നിങ്ങളും തയ്യാറാകണം.

അസംതൃപ്തവിവാഹം എന്നൊന്നില്ലെന്നാണു ഫ്രാൻസ് കാഫ്ക പറയുന്നത്. അതേസമയം അപൂർണ്ണരായ മനുഷ്യർ പങ്കാളികർ ആകുന്നത് കാരണം അപൂർണ്ണവിവാഹമുണ്ടാകുന്നു.  പക്വതയെത്താത്ത മനുഷ്യരെ വിവാഹത്തിലേക്കു പറഞ്ഞയക്കുന്നത് ഒന്നാം ക്ലാസ്സിൽ ആൾജിബ്ര പഠിപ്പിക്കുന്നത് പോലെയാണ്. കാഫ്ക പറയുന്നു, ഉയർന്ന ക്ലാസിൽ ആൾജിബ്ര ഒന്നേ ഗുണം ഒന്നിനേക്കാളും എളുപ്പമാണ്, ശരിക്കുമത് ഒന്നേ ഗുണം ഒന്ന് തന്നെയാകുന്നു; പക്ഷേ ഇങ്ങു താഴെ അത് എളുപ്പമാവുകയില്ല, കുട്ടികളുടെ ലോകത്തെയാകെ അത് കുഴപ്പിക്കും. ഒരുപക്ഷെ മറ്റു ലോകങ്ങളെയും.

അവലംബം:
  • റിൽക്കെ, വി. രവികുമാർ, ഐറിസ് ബുക്ക്സ്, 2017
  • എത്രയും പ്രിയപ്പെട്ട അച്ഛന്: കത്തുകളും ഡയറികുറിപ്പുകളും, ഫ്രാൻസ് കാഫ്ക, പരിഭാഷ:വി. രവികുമാർ, ഐറിസ് ബുക്ക്സ്, 2017

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact