Saturday, 18 May 2019

കുറിപ്പ്

കവിത എന്തിനു വായിക്കണം?

എഴുത്തിന്റെ രചനാതന്ത്രത്തെക്കുറിച്ചു ആലോചന നടത്തുന്നവർക്കു കഥ, നോവൽ, കവിത തുടങ്ങിയ സാഹിത്യരൂപങ്ങളുടെ എഴുത്തുപ്രക്രിയയിൽ വ്യത്യസ്തമായി പലതുമുണ്ടെന്ന തിരിച്ചറിവുണ്ടായിരിക്കും. അത്തരക്കാർ കഥ വായിക്കുന്ന സമീപനമായിരിക്കില്ല കവിതയുടെ വായനയിൽ സ്വീകരിക്കുക, കവിതയോടുള്ള സമീപനമായിരിക്കില്ല നോവൽ വായനയിൽ പിന്തുടരുക. അപ്പോഴും ഇത്തരം സാങ്കേതികകാര്യങ്ങളെക്കുറിച്ചു വ്യാകുലപ്പെടാത്ത വായനക്കാരനെ സംബന്ധിച്ചിടത്തോളം കവിതകളിൽ പലതും തനിക്കു മനസ്സിലാകാറില്ല എന്നിരിക്കെ എന്തിനു് താൻ കവിത വായിക്കണം എന്ന ചിന്തയായിരിക്കും പ്രധാനം. ഒരുപക്ഷേ അയാൾ നോവലുകൾ വായിക്കാൻ കമ്പമുള്ള വ്യക്തിയാണെന്നിരിക്കട്ടെ, കവിതയിലും അയാൾ തേടുക നോവൽ വായനയിൽ നിന്നും തനിക്കു ലഭിച്ച അനുഭൂതി തന്നെയാകും. എന്നാൽ എല്ലാ കവിതയും കഥപറച്ചിലെന്ന സങ്കേതത്തിനു പ്രാധാന്യം കൽപ്പിക്കുന്നവയാകണമെന്നില്ല, അതിനാൽ തന്നെ ഭൂരിപക്ഷം കവിതകളോടും ഈ വായനക്കാരനു അതൃപ്തി അനുഭവപ്പെട്ടേക്കാം.

ഫ്രഞ്ച് കവിയായ പോൾ വലേരി (1871-1945) ‘കവിതയും അമൂർത്തചിന്തയും’ എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: ‘വാക്കുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കാവ്യാത്മകമായ മാനസികാവസ്ഥ സൃഷ്ടിക്കുന്ന മെഷീനാണു കവിത’. ഇവിടെ മെഷീൻ എന്ന പ്രയോഗം നമുക്കു കല്ലുകടിയായി അനുഭവപ്പെട്ടേക്കാം. എങ്കിലും അദ്ദേഹം പറയുന്ന ‘കാവ്യാത്മകമായ മാനസികാവസ്ഥ’യിലേക്കു അനുവാചകനെ എത്തിക്കാൻ കവിതയ്ക്കാകുമെന്ന ബോധ്യമാണു കവിതവായനയെ എനിക്കേറെ പ്രിയപ്പെട്ട പ്രവർത്തികളിൽ ഒന്നാക്കി ഇപ്പോഴും നിലനിർത്തുന്നത്. കവിതയ്ക്കു എന്തുസാധിക്കും എന്നതിനുള്ള മറുപടിയായി കാണാവുന്നതാണു വലേരിയുടെ വാക്കുകൾ. മറ്റൊരുതരത്തിൽ പറഞ്ഞാൽ കവിതാവായന, വായിക്കുന്ന ആളുടെ ജീവിതത്തിൽ കവിതയുണ്ടാക്കുന്നു.

കവിത എന്തിനു വായിക്കണം എന്ന ചോദ്യത്തിനു മറുപടിയായി എമിലി ഡിക്കിൻസൻ ഒരു കത്തിൽ ഇങ്ങനെ എഴുതി: ഒരു പുസ്തകം വായിക്കുകയും ആ പുസ്തകം തീക്കനലുകള്‍ക്ക് പോലും ചൂടുപിടിപ്പിക്കാന്‍ കഴിയാത്ത രീതിയില്‍ തണുത്തുറയുന്ന അനുഭവത്തിലേക്ക്  നയിക്കുകയും ചെയ്താൽ അത് കവിതയാണെന്നു എനിക്കുറപ്പാണ്. തലയറ്റ പോലെയൊരു അനുഭവമാണു ഉണ്ടാകുന്നതെങ്കിൽ അതും കവിതയാകാനാണു സാധ്യത. ഈ രണ്ട് അനുഭവങ്ങളിലൂടെയും എനിക്ക് കവിത അനുഭവവേദ്യമാകുന്നു. മറ്റെന്തെങ്കിലും മാര്‍ഗങ്ങളുണ്ടാകുമോ?’

പോൾ വലേരിയും എമിലി ഡിക്കിൻസനും പറയുന്നതിനോടു എനിക്കു യോജിപ്പു തോന്നാൻ പ്രധാനകാരണം ഇരുവരും കവിത വായനക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു കവിത എന്തിനു് വായിക്കണം എന്നതിനു മറുപടി കണ്ടെത്തുന്നത് എന്നതാണ്. നിർഭാഗ്യവശാൽ സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ഭാഷാധ്യാപകരിൽ നിന്നടക്കം നാം കവിതയെ വായിക്കാൻ ശീലിക്കുന്നത് മറ്റൊരു രീതിയിലാണ്. സ്കൂളിൽ കവിത പഠിക്കുന്ന വിദ്യാർത്ഥിയോടു കവിതയിൽ ഒളിഞ്ഞിരിക്കുന്നതെന്തെന്നും കവിതയുടെ ‘തീം’ എന്തെന്നും കാവ്യഗുണങ്ങളുണ്ടാക്കാൻ ഉപയോഗിച്ച സങ്കേതങ്ങളുടെ മേന്മ പരിശോധിക്കാനും അധ്യാപകർ ആവശ്യപ്പെടുന്നു. കവിത ആസ്വദിക്കാനാകട്ടെ അവരെ പ്രേരിപ്പിക്കുന്നുമില്ല. തൽഫലമായി കവിത തനിക്കു ആദ്യനോട്ടത്തിൽ പിടികിട്ടാത്ത എന്തോ ആണെന്നും അതിന്റെ കോഡിംഗ് മനസ്സിലാക്കി അതിൽ ഒളിച്ചിരിക്കുന്നവ കണ്ടെത്തുകയാണു തന്റെ ലക്ഷ്യമെന്നുമുള്ള ബോധമാണു ഓരോരുത്തരിലും ഉണ്ടാകുന്നത്.

തീർച്ചയായും, കവിയാൽ എഴുതപ്പെട്ട വാക്കുകൾക്ക് / ഇമേജുകൾക്ക് ഇടയിൽ ഒളിഞ്ഞിരിക്കുന്നതോ അല്ലെങ്കിൽ അതിനപ്പുറമുള്ള അർത്ഥമണ്ഡലമോ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങൾ കവിതവായനയിൽ സൗന്ദര്യപ്രതീതി ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഇത്തരമൊരു വായനയിലേക്കു കടക്കും മുമ്പ് എഴുതപ്പെട്ടിരിക്കുന്നതു എന്താണോ അതായിതന്നെ കവിതയെ വായിക്കുക എന്നതും പ്രധാനമാണ്. കവിത 'കോഡിംഗ്' ഭാഷയാണു ഉപയോഗിച്ചിരിക്കുന്നതെന്ന മുൻവിധിയോടെ ഓരോ കവിതയേയും സമീപിക്കുമ്പോൾ ഈ ആദ്യവായന നമുക്ക് നഷ്ടമാകാനിടയുണ്ട്. ഇത്തരമൊരു ആദ്യവായനയിൽ ലളിതമായി അനുഭവപ്പെടുന്ന കവിതകൾ ആഴത്തിലുള്ള വായനയിൽ സങ്കീർണ്ണമായതലങ്ങൾ ഉള്ളതാണെന്നും കണ്ടെത്താനായേക്കാം. മനസ്സിലാകാത്തതെന്തോ അതാണു മഹത്തരമായ കവിതയെന്ന ചിന്തയും കവിതാവായനയിൽ വെച്ചുപുലർത്തേണ്ടതില്ലെന്നു തോന്നുന്നു. നല്ല കവികൾ എന്തായാലും മനപ്പൂർവ്വം കവിത സങ്കീർണ്ണമാക്കാൻ സാധ്യതയില്ല.

വാലസ് സ്റ്റീവൻസിന്റെ അഭിപ്രായത്തിൽ ആളുകളെ ജീവിക്കാൻ സഹായിക്കുകയാണു കവിയുടെ കർത്തവ്യം. ഇതേ സ്റ്റീവൻസ് തന്നെ, പ്രകൃതിയ്ക്കു മേലുള്ള മനുഷ്യന്റെ അധികാരം അവന്റെ ഭാവനയാണെന്നും പറയുന്നു. നിങ്ങളുടെ ഭാവനയെ ഉത്തേജിപ്പിക്കാൻ കവിതയോളം മറ്റെന്തിനെങ്കിലും സാധിക്കുമോയെന്നറിഞ്ഞുകൂട. എന്തായാലും എന്റെ ഭാവനയെ ഉത്തേജിപ്പിക്കാൻ കവിതയോളം മറ്റൊന്നിനും ഇന്നേവരെ സാധിച്ചിട്ടില്ല.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact