Saturday, 8 June 2019

കുറിപ്പ്

കവിതയുടെ ഭാഷ


നമുക്ക് പരിചിതമായതിനെ പറ്റിയെല്ലാം നമുക്കെഴുതാൻ സാധിക്കുന്നു. എന്നാൽ എഴുതുന്നതെല്ലാം കവിതയുടെ ഭാഷയിലേക്കു മാറ്റാൻ പലപ്പോഴും സാധിക്കാതെ വരുന്നു. നമുക്കെന്താണ് കാവ്യഭാഷയിൽ ആവിഷ്കരിക്കാനാകുക എന്നത് കവിതയെഴുതാനുള്ള നമ്മുടെ ശ്രമത്തിൽ വെല്ലുവിളിയാകുന്നു. മറ്റേതൊരു ഭാഷയേയും പോലെ കവിതയുടെ ഭാഷ നാം വായിച്ചും എഴുതിയും പഠിച്ചെടുക്കേണ്ടതുണ്ട്. 'കസേര' എന്ന വാക്ക്, കസേര എന്ന വസ്തുവിനെ സൂചിപ്പിക്കാൻ നാം മലയാള ഭാഷയിൽ പ്രയോഗിക്കുന്നു. എന്നാൽ ഇതേ വാക്കിനു 'അധികാര'വുമായുള്ള ബന്ധം കണ്ടെത്താൻ കാവ്യഭാഷ അറിയുന്നയാൾക്കു സാധിക്കുന്നു. ചുരുക്കത്തിൽ വ്യവഹാരഭാഷയിലെ ആവിഷ്കരിക്കുന്നതിന്റെ ധ്വനിസാധ്യതയോ വക്രീകരണമോ ആണു അതിനെ കാവ്യഭാഷയിലേക്കു നയിക്കുന്നതെന്നു കരുതാം. അല്ലാത്ത എഴുത്ത് കേവലം സംഭാഷണമായി ചുരുങ്ങുന്നു. കവിതയാകാതെ പോകുന്നു.

കൽപ്പറ്റ നാരായണൻ പറയുന്നു: ഇതരരൂപങ്ങളിൽനിന്ന് കവിതയെ വ്യത്യസ്തമാക്കുന്നത് താളവ്യവസ്ഥ (കേൾക്കാവുന്ന ഘടന/വാമൊഴി) മുതൽ ‘ലേഔട്ട്’ (കാണാവുന്ന ഘടന/വരമൊഴി) വരെയുള്ള അതിന്റെ ബാഹ്യലക്ഷണങ്ങൾ ഒന്നുമല്ല, അതിലെ ഭാഷയുടെ സവിശേഷമായ പ്രവർത്തനമാണ്. പോൾ വലേരിയുടെ വാക്കിൽ പറഞ്ഞാൽ സംഭാഷണഭാഷയും കവിതയിലെ ഭാഷയും തമ്മിൽ നടത്തവും നൃത്തവും തമ്മിലുള്ള വ്യത്യാസമുണ്ട്. അതായത് നടത്തം നൃത്തം പോലെ ഒരു ആവിഷ്കാരരൂപമല്ല. നൃത്തത്തിലെ ഓരോ ചലനവും പ്രതിരൂപാത്മകമാണ്. കവിതയിലെ ഭാഷയുമതെ. കവിത വിനിമയത്തിന്റെ വാക്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നു.

കുഞ്ഞുണ്ണിമാഷിന്റെ ‘പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ മുന്നോട്ടു പായുന്നിതാളുകൾ’ എന്ന  വരി മുൻനിർത്തി കൽപ്പറ്റ നാരായണൻ ഇക്കാര്യത്തെ ഇങ്ങനെ വിശദീകരിക്കുന്നു: 'പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ട് മുന്നോട്ടു പായുന്നവൻ' പലതിനെയും ഉദ്ഗ്രഥിക്കുന്ന ശക്തമായ ഒരു ബിംബമാകുന്നു. ആളുകളുടെ മുന്നോട്ടുള്ള സകലപാച്ചിലുകളുടെയും അടിയിൽ യഥാർത്ഥത്തിലുള്ള ഒരു പിൻവലിയലിന്റെ, വേഗത്തിനടിയിലുള്ള നിശ്ചലതയുടെ, പുരോഗതിയുടെ അടിയിലുള്ള അധോഗതിയുടെ, ശരീരത്തിന്റെ പരിമിതിയോളമാണ് മനുഷ്യന്റെ സാധ്യത എന്ന സൂക്ഷ്മ നിരീക്ഷണത്തിന്റെ ഭാഷയുമാകുന്നു അപ്പോഴത്. അതിലല്ല, അതിലൂടെയാകുന്നു നമ്മുടെ ശ്രദ്ധ.

സകലതും വിസ്തരിച്ചു പറയുന്നില്ല കവി, അവൻ/അവൾ പറയുന്നതെന്തോ അതിലൂടെ വായിക്കുന്നയാൾക്ക് പലതും കേൾക്കാനാകുന്നു. കവിതയുടെ ഭാഷയിലേക്കു വ്യവഹാരഭാഷയെ വിവർത്തനം ചെയ്യാൻ സാധിക്കുന്നവൻ കവിയാകുന്നു. പോൾ വലേരിയുടെ നിരീക്ഷണത്തിൽ ഭാഷയ്ക്കുള്ളിലെ മറ്റൊരു ഭാഷയാണു കവിത. അതായത് സമാന്യവ്യവഹാരഭാഷയിൽ പ്രയോഗിക്കുന്ന വാക്കുകളും ആശയങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് കാവ്യാത്മകമായ മാനസികാവസ്ഥയിലേക്കു നമ്മെ നയിക്കാനാകുന്ന ഭാഷയെ കാവ്യഭാഷ എന്ന് പറയാം.

വ്യവഹാരഭാഷയിൽ നിന്നും കവിതയിലേക്കു തെരഞ്ഞെടുക്കുന്ന വാക്കുകൾക്കു കൃത്യമായ അധികാരഘടനയും തരവും സ്വരൂപവുമുണ്ട്. കവിതയുടെ സൗന്ദര്യമൂല്യവും അർത്ഥതലങ്ങളും വെളിപ്പെടുത്തുന്നതിൽ കവിതയിലെ ഓരോ വാക്കും സവിശേഷ പങ്കുവഹിക്കുന്നു. കേവലം ആശയവിനിമയമല്ല, വികാരത്തിന്റെയും അനുഭവത്തിന്റെയും സൗന്ദര്യാനുഭൂതിയുടെയും വിനിമയം കാവ്യഭാഷ സാധ്യമാക്കുന്നു. ശബ്ദസൗന്ദര്യത്തേക്കാൾ കവിതയുടെ ഭാഷകൊണ്ട് സാധ്യമാക്കേണ്ടത് മനുഷ്യഭാവനയുടെ ഉത്തേജനമാണ്. സംഗീതം കൊണ്ട് പകരം വെക്കാവുന്ന ഒന്നാണു കവിതയിലെ ശബ്ദസൗന്ദര്യം. കവിതയിൽ നാം ആവിഷ്കരിക്കേണ്ടതാകട്ടെ മറ്റൊരു സങ്കേതം കൊണ്ടും പകരം വെക്കാനാകാത്തതിനെയാണ്. അതിലാണു കവിതയുടെ നിൽപ്പും നിലനിൽപ്പും.    

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact