Tuesday, 27 August 2019

ലിഡിയ ഡേവിസ്

പതിമൂന്നാമത്തെ സ്ത്രീ

പന്ത്രണ്ട് സ്ത്രീകളുടെ പട്ടണത്തിൽ പതിമൂന്നാമത് ഒരുവൾ കൂടിയുണ്ടായിരുന്നു. അവൾ അവിടെ ജീവിക്കുന്നതായി ആരും അംഗീകരിച്ചിരുന്നില്ല, അവൾക്കായി കത്തൊന്നും വന്നില്ല, അവളെക്കുറിച്ച്‌ ആരുമൊന്നും പറഞ്ഞില്ല, അവൾക്കാരും റൊട്ടി വിറ്റില്ല, അവളിൽ നിന്നാരും ഒന്നും വാങ്ങിയില്ല, അവൾ നോക്കിയവരാരും അവളെ തിരിച്ചുനോക്കിയില്ല, അവളുടെ വാതിലിൽ ആരും മുട്ടിയില്ല; മഴ അവൾക്കുമേൽ വീണില്ല, വെയിൽ അവൾക്കുമേൽ തിളങ്ങിയില്ല, പകൽ അവൾക്കായി ഉദിച്ചില്ല, രാത്രി അവൾക്കായി വന്നില്ല, അവളെ സംബന്ധിച്ച് ആഴ്ചകളൊന്നും കടന്നുപോയില്ല, വർഷങ്ങൾ പോയിമറഞ്ഞതുമില്ല; അവളുടെ വീടിന് നമ്പർ പതിച്ചിരുന്നില്ല, അവളുടെ പൂന്തോട്ടം ആരും പരിപാലിച്ചിരുന്നില്ല, അവളുടെ വഴിയിലൂടെയാരും നടന്നില്ല, അവളുടെ മെത്തയിൽ ആരും കിടന്നില്ല, അവളുടെ ഭക്ഷണമാരും കഴിച്ചില്ല, അവളുടെ ഉടുപ്പുകളാരും ഉടുത്തില്ല; ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പട്ടണം തന്നോട് ചെയ്തതിലൊന്നും ഒരു വിദ്വേഷവും കൂടാതെ അവൾ അവിടെതന്നെ ജീവിതം തുടർന്നു.

ലിഡിയ ഡേവിസ്: അമേരിക്കൻ എഴുത്തുകാരിയും വിവർത്തകയും. മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാര ജേതാവ്. സംക്ഷിപ്തരൂപത്തിലുള്ള ഇവരുടെ കഥകൾ മിക്കതും കവിതയോട് ചേർന്നു നിൽക്കുന്നവയാണ്. ലിഡിയയുടെ 'മാഡം ബോവറി', 'സ്വാൻസ് വേ' വിവർത്തനങ്ങൾ ശ്രദ്ധേയമാണ്. 

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact