Sunday, 11 August 2019

സി.പി കവാഫി

മെഴുകുതിരികൾ

കത്തുന്ന മെഴുകുതിരികളുടെ നിരപോലെ
വരാനിരിക്കുന്ന ദിനങ്ങൾ നമുക്കു മുന്നിൽ—
സുവർണ്ണജ്വാലകൾ, ജീവിതോഷ്മളം.

അവയ്ക്കു പിന്നിലായി കഴിഞ്ഞകാല ദിനങ്ങൾ.
എരിഞ്ഞടങ്ങിയ തിരികളുടെ പരിതാപകരമായ നിര.
ഒടുവിലെരിഞ്ഞവയിൽ നിന്നും പുകയുയരുന്നു.
ഉരുകിയൊലിച്ച്, രൂപം മാറിയ മെഴുകുതിരികൾ.

എനിക്കവ കാണേണ്ടതില്ല, അവയെന്നെ ദുഃഖത്തിലാക്കുന്നു.
അവയ്ക്കുണ്ടായിരുന്ന ശോഭയോർക്കേണ്ടിവരുന്നു.
മുന്നിൽ കത്തിനിൽക്കുന്നവയെ ഞാൻ നോക്കുന്നു,

തിരിഞ്ഞുനോക്കാൻ ഞാൻ ഭയപ്പെടുന്നു.
എത്രവേഗമാണ് വെളിച്ചമറ്റ വരിയുടെ നീളമേറുന്നത്.
എത്രവേഗത്തിലാണ് എരിഞ്ഞടങ്ങിയ 
മെഴുകുതിരികളുടെ എണ്ണമേറുന്നത്.

കോൺസ്റ്റാന്റിൻ പീറ്റർ കവാഫി : (1863-1933): ഗ്രീക്ക് കവി. ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ കവികളിൽ പ്രധാനി. ഗ്രീക്ക് ചരിത്രവും മിഥോളജിയും പശ്ചാത്തലമായി വരുന്ന നിരവധി കവിതകൾ അദ്ദേഹത്തിന്റേതായുണ്ട്. തത്ത്വചിന്തയും സ്വവർഗാനുരാഗവുമാണ് കവാഫി കവിതകളുടെ മറ്റു പ്രധാന വിഷയങ്ങൾ. കവാഫിയുടെ കൂടുതൽ കവിതകൾ ഇവിടെ നിന്നും വാായിക്കാം.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact