Sunday, 18 August 2019

റ്റൊമാസ് ട്രാൻസ്ട്രോമർ

തീയ്യെഴുത്ത്

ട്രാൻസ്ട്രോമർ
ശോകമൂകമായ മാസങ്ങളിൽ എന്റെ ജീവിതത്തിന്
തേജസ്സുണ്ടായിരുന്നത് നിന്നെ പ്രേമിച്ചപ്പോൾ മാത്രം.
മിന്നാമിനുങ്ങ് കത്തുകയും കെടുകയും ചെയ്യുമ്പോലെ,
കത്തിയും കെട്ടും— ഇരുട്ടിൽ ഒലീവ് മരങ്ങൾക്കിടയിൽ
അതിന്റെ മിന്നലാട്ടം നമ്മൾ പിന്തുടരുന്നു.

ശോകമൂകമായ മാസങ്ങളിൽ എന്റെ ആത്മാവ്
ചുരുങ്ങി ജീവനറ്റ് കിടന്നു. എന്നാൽ
എന്റെ ശരീരം നേരെ നിന്നിലേക്കെത്തി.
രാത്രിയാകാശം മുരണ്ടു. ആരുമറിയാതെ
നാം പ്രപഞ്ചം കറന്നെടുത്തു, അതിജീവിച്ചു.

: നൊബേൽ സമ്മാനജേതാവായ സ്വീഡിഷ് കവി.

റോബർട്ട് ബ്ലൈ, പാറ്റി ക്രേൻ, റോബിൻ റോബെർട്ട്സൺ, റോബിൻ ഫുൾട്ടൺ എന്നിവരുടെ ഇംഗ്ലീഷ് പരിഭാഷകളെ അടിസ്ഥാനമാക്കിയാണ് ട്രാൻസ്ട്രോമറുടെ കവിതകൾ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നത്. കൂടുതൽ കവിതകൾ ഇവിടെ നിന്നും വായിക്കാം.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact