Thursday, 22 August 2019

ഗിയോർക് ട്രാക്ൽ

ഭീതി

ഉപേക്ഷിക്കപ്പെട്ട മുറികളിലൂടെ
കടന്നുപോകുന്നൊരെന്നെ ഞാൻ കണ്ടു.
നീലിച്ചവാനിൽ താരകങ്ങൾ ചാഞ്ചാടി.
തുറസ്സിൽ ഏകാന്തരാം പട്ടികൾ ഓരിയിട്ടു.
മരങ്ങൾക്കുച്ചിയിലൂടെ കാറ്റ് അലയടിച്ചു.

പൊടുന്നനെ: നിശബ്ദത! പനിച്ചൂടിനാൽ എന്റെ
വായിൽ വിഷപൂക്കൾ പൂക്കുന്നു.
ഒരു മുറിവിൽ നിന്നെന്നപോലെ
ചില്ലകളിൽ നിന്നും മഞ്ഞ് ഇറ്റുവീഴുന്നു.
വിളറി മങ്ങി അതിന്റെ വീഴ്ച, രക്തമിറ്റുംപോലെ.

കണ്ണാടിയുടെ കബളിപ്പിക്കും ശൂന്യതയിൽ
ഇരുട്ടിനും ഭയത്തിനും മേൽ അവ്യക്തമായി
സാവധാനത്തിൽ ഒരു മുഖം വെളിപ്പെടുന്നു: കായേൻ!

വെൽവെറ്റ് കർട്ടന്റെ മർമ്മരം,
ശൂന്യതയിലേക്കെന്ന പോലെ ജനലിലൂടെ
ഉറ്റുനോക്കുന്നു നിലാവ്.
അവിടെ ഞാനെന്റെ കൊലയാളിക്കൊപ്പം, തനിച്ച്.

ഗിയോർക് ട്രാക്ൽ (Georg Trakl, 1887-1914): ഓസ്ട്രിയൻ കവി.
ട്രാൿൽ കവിതകളെ കുറിച്ചുള്ള കുറിപ്പ് ഇവിടെ വായിക്കാം. 
കൂടുതൽ കവിതകളുടെ മലയാള പരിഭാഷ ഇവിടെ ലഭ്യമാണ്.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact