Thursday, 22 August 2019

ഗിയോർക് ട്രാക്ൽ

രാപ്രണയം

നക്ഷത്രകൂടാരത്തിനു കീഴെ അർദ്ധരാത്രിയുടെ
നിശബ്‌ദതയിൽ ഏകാകിയാം ഒരാൾ നടന്നുനീങ്ങുന്നു.
സ്വപ്നത്തിൽ നിന്നൊരു കുട്ടി ഞെട്ടിയുണരുന്നു,
അവന്റെ വിളറിയമുഖം നിലാവിലലിഞ്ഞില്ലാതാകുന്നു.

ജനലഴികൾക്കരികിൽ, അഴിച്ചിട്ട മുടിയുമായി
ഒരു കിറുക്കത്തിപ്പെണ്ണ് വിതുമ്പുന്നു.
തടാകത്തിലൂടെ കമിതാക്കൾ ഒഴുകിനീങ്ങുന്നു
അവരുടെ സുരഭിലമാം യാത്ര ഒരത്ഭുതം തന്നെ.

വീഞ്ഞിലുന്മത്തനായ കൊലയാളി ചിരിക്കുന്നു,
മരണഭയം പീഡിതരെ പിടികൂടുന്നു.
ക്രൂശിതനായ രക്ഷകന്റെ മുന്നിൽ, മുറിവേറ്റ
കന്യാസ്ത്രീ നഗ്‌നയായി പ്രാർത്ഥിക്കുന്നു.

ഉറക്കത്തിൽ ഒരമ്മ പതിയെ പാടുന്നു.
കുഞ്ഞ് ശാന്തമായി, നിഷ്കളങ്കതയോടെ
രാവിലേക്ക് ഉറ്റുനോക്കുന്നു.
വേശ്യാലയത്തിൽ പൊട്ടിച്ചിരികളുയരുന്നു.

മെഴുകുതിരിവെട്ടത്തിൽ, കീഴറയുടെ ചുമരിൽ
മരിച്ചവർ വെളുത്തകൈകളാൽ
അപഹാസ്യമാം നിശബ്ദത വരയ്ക്കുന്നു.
ഉറങ്ങുന്നയാൾ അപ്പോഴും മന്ത്രിച്ചുകൊണ്ടിരിക്കുന്നു.

ഗിയോർക് ട്രാക്ൽ (Georg Trakl, 1887-1914): ഓസ്ട്രിയൻ കവി.
ട്രാൿൽ കവിതകളെ കുറിച്ചുള്ള കുറിപ്പ് ഇവിടെ വായിക്കാം. 
കൂടുതൽ കവിതകളുടെ മലയാള പരിഭാഷ ഇവിടെ ലഭ്യമാണ്.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact