Sunday, 4 August 2019

റ്റൊമാസ് ട്രാൻസ്ട്രോമർ

ശിശിരകാലരാത്രി

റ്റൊമാസ് ട്രാൻസ്ട്രോമർ
കൊടുങ്കാറ്റ് ഒരീണത്തിനായി
വീടിനോടു ചുണ്ടു ചേർത്തൂതുന്നു.
തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ഞാൻ
കണ്ണടച്ച്, കൊടുങ്കാറ്റിനെ വായിക്കുന്നു.

കുഞ്ഞിന്റെ കണ്ണുകൾ ഇരുട്ടിൽ വിടരുന്നു
കാറ്റോ കുഞ്ഞിനായി മൂളുന്നു.
ഇരുവർക്കും ഉലയുന്ന നാളങ്ങളോട് പ്രിയം
ഇരുവരും ഭാഷയിലേക്കുള്ള പാതിവഴിയിൽ. 

കാറ്റിന് കുഞ്ഞിന്റേതുപോലുള്ള കൈകൾ, ചിറകുകൾ.
അഭയം തേടിയാളുകൾ മറ്റൊരിടം തേടിപ്പോകുന്നു. 
ചുവരുകളെ ചേർത്തുപിടിച്ച് വീട്
അതിന്റെതന്നെ ലോകം കണ്ടെത്തുന്നു.

നമ്മുടെ മുറിയിൽ രാത്രി ശാന്തമാണ്. 
തടാകത്തിൽ മുങ്ങിക്കിടക്കുന്ന ഇലകളെ പോലെ
പോയകാലടികളെല്ലാം ഇവിടെ അടക്കപ്പെട്ടിരിക്കുന്നു.
പുറത്ത് രാത്രി ക്ഷോഭിച്ചിരിക്കുന്നു.

ലോകത്തിനു മുകളിലൂടെ ഒരു മരണക്കാറ്റ് വീശുകയാണ്.
ഒരീണത്തിനായി അതതിന്റെ ചുണ്ട്
നമ്മുടെ ആത്മാവിനോട് ചേർത്തൂതുന്നു, അകം
പൊള്ളയായി പോകുമോയെന്ന് നാം ഭയക്കുന്നു.

: നൊബേൽ സമ്മാനജേതാവായ സ്വീഡിഷ് കവി.

റോബർട്ട് ബ്ലൈ, പാറ്റി ക്രേൻ, റോബിൻ റോബെർട്ട്സൺ, റോബിൻ ഫുൾട്ടൺ എന്നിവരുടെ ഇംഗ്ലീഷ് പരിഭാഷകളെ അടിസ്ഥാനമാക്കിയാണ് ട്രാൻസ്ട്രോമറുടെ കവിതകൾ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നത്. കൂടുതൽ കവിതകൾ ഇവിടെ നിന്നും വായിക്കാം.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact