Wednesday, 4 September 2019

റെയ്മണ്ട് കാർവർ

ബൊനാർഡിന്റെ നഗ്നചിത്രങ്ങൾ

അയാളുടെ ഭാര്യ. നാൽപ്പതുവർഷം അയാളവളെ വരച്ചു.
വീണ്ടും വീണ്ടും. ആദ്യചിത്രത്തിലെ അതേ യുവനഗ്നതന്നെ
ഒടുവിലത്തേതിലും. അയാളുടെ ഭാര്യ.

അയാളവളുടെ യുവത്വം ഓർത്തിരുന്നപോലെ. അവൾ
യൗവനയുക്തയായിരുന്നപോലെ. കുളിക്കുന്നവളായി.
തുണിയുടുക്കാതെ, കണ്ണാടിമേശയ്ക്ക് മുന്നിലിരിക്കുന്നവളായി.

മുലകൾക്കു താഴെ കൈവെച്ച് അയാളുടെ ഭാര്യ
പുറത്തെ പൂന്തോട്ടത്തിലേക്കു നോക്കുന്നു.
വെയിലതിനു നിറവും തീഷ്ണതയും പകരുന്നു.

ജീവനുള്ളവയെല്ലാം അവിടെ ശോഭിക്കുന്നു.
ഇളംപ്രായക്കാരി. കാതര. കൊതിപ്പിക്കുന്നവൾ.
അവൾ മരിച്ചപ്പോൾ, അല്പകാലംകൂടി അയാൾ വരതുടർന്നു.

കുറച്ചു പ്രകൃതിദൃശ്യങ്ങൾ. പിന്നെ ആയാളും മരിച്ചു.
അവൾക്കരികിൽ അയാളെ അടക്കം ചെയ്തു,
യൗവനയുക്തയായ ഭാര്യക്കരികിൽ.

റെയ്മണ്ട് കാർവർ(1938-1988): അമേരിക്കൻ ചെറുകഥാകൃത്തും കവിയും. കത്തീഡ്രൽ, വാട്ട് വീ ടോക് എബൌട്ട് വെൻ വി ടോക് എബൌട്ട് ലവ് തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായി. 'വേർ ഐആം കോളിംഗ് ഫ്രം' തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ്.  'ഓൾ ഓഫ് അസ്' എന്ന സമാഹാരത്തിൽ മുഴുവൻ കവിതകളും ഉൾപ്പെട്ടിട്ടുണ്ട്.

Note: French painter, Pierre Bonnard painted his wife Marthe over and over again in the decades of their marriage, in his luminous light and colour-soaked canvases.


കൂടുതൽ മൊഴിമാറ്റങ്ങൾ ഇവിടെ നിന്നും വായിക്കാം.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact