Friday, 13 September 2019

ഷുണ്‍ടാരോ താനികാവ

പുഴ

പുഴ ചിരിക്കുന്നതെന്തിനാണമ്മേ?
സൂര്യൻ ഇക്കിളിയാക്കയാലല്ലോ കുഞ്ഞേ.

പുഴ പാടുന്നതെന്തിനാണമ്മേ?
വാനമ്പാടിയവൾ പുഴയുടെ ശബ്ദത്തെ
വാഴ്ത്തിയതിനാലല്ലോ കുഞ്ഞേ.

പുഴ തണുത്തിരിക്കുന്നതെന്തുകൊണ്ടാണമ്മേ?
മഞ്ഞിൻ സ്നേഹമൊരിക്കലറിഞ്ഞത്
ഓർക്കയാലാകാം കുഞ്ഞേ.

പുഴയ്‌ക്കെന്തുപ്രായമുണ്ടാകാം അമ്മേ?
എന്നും യൗവ്വനം, വസന്തകാലത്തെപ്പോൽ
പുഴയ്ക്കുമെൻ കുഞ്ഞേ.

പുഴയെങ്ങും നിൽക്കാത്തതെന്താണമ്മേ?
പുഴയവൾ വീടെത്തുന്നതും നോക്കി
അമ്മയാം കടൽ കാക്കുകയല്ലേ കുഞ്ഞേ.

ഷുണ്‍ടാരോ താനികാവ(1931-): ജാപ്പനീസ് കവിയും പരിഭാഷകനും. അന്താരാഷ്ട്രതലത്തിൽ ഏറെ ആഘോഷിക്കപ്പെടുന്ന ജാപ്പനീസ് കവികളിൽ ഒരാൾ. അറുപതിലധികം കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ പരിഭാഷകൾ ഇവിടെ വായിക്കാം 

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact