Friday, 20 September 2019

റോബ്ബർട്ടോ ഹുവാറോസ്

ലംബകവിത 1

അയാൾ എല്ലായിടത്തും ജാലകങ്ങൾ വരച്ചു.
പരുക്കൻ ചുവരുകളിൽ,
ചുവരുകൾക്കേറ്റവും മുകളിൽ,
ചുവരുകൾക്കേറ്റവും താഴെ,
മുക്കിലും മൂലയിലും, വായുവിലും.
മേൽക്കൂരയിൽപോലും.

കിളികളെ വരച്ചിടും പോലെ
അയാൾ ജാലകങ്ങൾ വരച്ചു.
തറയിൽ, രാത്രിയിൽ,
തൊട്ടറിയുംവിധം ബധിരമാം നോട്ടങ്ങളിൽ,
മരണത്തിൻ പ്രാന്തപ്രദേശങ്ങളിൽ,
കല്ലറകളിൽ, മരങ്ങളിൽ.

വാതിലുകൾക്കുമേൽ പോലും
അയാൾ ജാലകങ്ങൾ വരച്ചു,
എന്നാൽ ഒരിടത്തും വാതിൽ വരച്ചില്ല.
അയാൾക്ക് അകത്തുകടക്കുകയോ
പുറത്തുപോകുകയോ വേണ്ടിയിരുന്നില്ല,
അതിനാകില്ലെന്നും അയാൾക്കറിയാം.

അയാൾക്കെല്ലാം കാണണമായിരുന്നു:
കാണുകയേ വേണ്ടിയിരുന്നുള്ളൂ,

അതിനാൽ അയാൾ
എല്ലായിടത്തും ജാലകങ്ങൾ വരച്ചു.

റോബ്ബർട്ടോ ഹുവാറോസ്(1925–1995): അർജന്റീനൻ കവി. ലംബകവിത എന്ന ഒരൊറ്റ തലക്കെട്ടിൽ ആണ് ഇദ്ദേഹം കവിതകൾ എല്ലാം എഴുതിയത്. 

കൂടുതൽ കവിതകളുടെ മലയാള പരിഭാഷ ഇവിടെ വായിക്കാം

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact