Sunday, 1 September 2019

റെയ്മണ്ട് കാർവർ

കുളിക്കുന്നവൾ

നാച്ചെസ്സ് നദി. വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ.
ഏതുപട്ടണത്തിൽ നിന്നും ഇരുപത് മൈൽ അകലെ.
പ്രണയഗന്ധത്താൽ സാന്ദ്രമായ,
വെയിൽ കനത്തുനിൽക്കും ദിവസം.
'എത്ര നാളായി നമ്മൾ?'
പിക്കാസ്സോയുടെ തീഷ്ണതയുള്ള
നിന്റെ മേനി, ഈ മലങ്കാറ്റിലുണങ്ങുന്നു.
നിന്റെ പുറവും ഇടുപ്പും ഞാനെന്റെ
അടിക്കുപ്പായം കൊണ്ടൊപ്പുന്നു.
കാലം ഒരു പർവ്വതകേസരി.
ഒന്നിനുമായിട്ടല്ലാതെ നമ്മൾ ചിരിക്കുന്നു,
നിന്റെ മുലകളിൽ ഞാൻ തൊട്ടപ്പോൾ
നിലയണ്ണാൻമാർ വരെ കണ്ണഞ്ചി.

റെയ്മണ്ട് കാർവർ (1938-1988): അമേരിക്കൻ ചെറുകഥാകൃത്തും കവിയും. കത്തീഡ്രൽ, വാട്ട് വീ ടോക് എബൌട്ട് വെൻ വി ടോക് എബൌട്ട് ലവ് തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായി. 'വേർ ഐആം കോളിംഗ് ഫ്രം' തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ്.  'ഓൾ ഓഫ് അസ്' എന്ന സമാഹാരത്തിൽ മുഴുവൻ കവിതകളും ഉൾപ്പെട്ടിട്ടുണ്ട്.

കൂടുതൽ മൊഴിമാറ്റങ്ങൾ ഇവിടെ നിന്നും വായിക്കാം.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact