Tuesday, 8 October 2019

കവിത

പുസ്തകങ്ങൾ

ഒരു താൾ മറിക്കുംപോലെ ഓരോ ദിവസവും കടന്നുപോകുന്നു. ഒരു പുസ്തകം വായിച്ചുമടക്കിവെക്കും പോലെ ഓരോ മനുഷ്യരും. പുസ്തകങ്ങൾ ചിലപ്പോൾ നമ്മെ കൂടുതൽ അസ്വസ്ഥരാക്കുന്നു. സന്തോഷം മാത്രമല്ല സന്തോഷമെന്നു നാമറിയുന്നു.

ഒരൊറ്റ പുസ്തകം കണ്ടെത്താൻ അനേകം പുസ്തകങ്ങൾ നാം വായിച്ചുകൂട്ടുന്നു. ആ ഒരൊറ്റ പുസ്തകത്തിലേക്കാകട്ടെ എളുപ്പവഴിയില്ല. ഏതുപുസ്തകത്തിൽ തുടങ്ങിയാലും അടുത്തതാകാം അടുത്തതാകാം അതെന്ന തേടലുമായി നാം വായന തുടരുന്നു. അങ്ങനൊരു പുസ്തകം കണ്ടെത്താനാകാതെ കുഴങ്ങുന്നു.

ചിലർ ഒന്നുമെഴുതാത്ത പുസ്തകം തെരഞ്ഞെടുക്കുന്നു. കിട്ടാനും കൊടുക്കാനുമുള്ള കടങ്ങൾ കൊണ്ട് അവരിൽ ചിലരുടെ താളുകൾ നിറയുന്നു. ചുരുക്കം ചിലർ താൻ തേടുന്ന പുസ്തകം എഴുതിയുണ്ടാക്കുന്നു.

എഴുതപ്പെട്ട വാക്കുകൾക്ക് ഓരോരുത്തരും അവരുടെ ശബ്ദം നൽകുന്നു. പുസ്തകങ്ങൾ അടച്ചുവെക്കുമ്പോൾ, ചുവരുകൾ പോലെ പുറംചട്ടകൾ. അടുത്തടുത്തായുള്ള താളുകളിൽ വാക്കുകൾ മുഖാമുഖം നോക്കി ചേർന്നുകിടക്കുന്നു.

ഒരു പുസ്തകത്തിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. എന്നാൽ തന്നോട് അടുക്കുന്ന മനുഷ്യനെ ആയുധമാക്കാൻ പുസ്തകങ്ങൾക്കാകുന്നു. അലമാരയിൽ വൃത്തിയിൽ അടുക്കിവെച്ച പുസ്തകങ്ങൾ നോക്കൂ, നിങ്ങളിലൂടെ അവ പരസ്പരം വായിക്കുന്നു.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact