Saturday, 5 October 2019

ബേ ദാവോ

റാമല്ല

റാമല്ലയിൽ
താരനിബിഡമാം വാനിൽ
ചതുരംഗം കളിക്കുന്നു പൗരാണികർ,
കലാശക്കളിയുടെ മിന്നിക്കത്തൽ.
ഘടികാരത്തിൽ അടയ്ക്കപ്പെട്ട കിളി
പുറത്തുചാടി സമയം പറയുന്നു.

റാമല്ലയിൽ
ഒരു വയസ്സനെപോലെ വെയിൽ
ചുവരിന്റെ മുകളിൽ കയറുന്നു,
ക്ലാവുപിടിച്ച ചെമ്പുഫലകങ്ങളിൽ
കണ്ണാടിവെട്ടം വീഴ്ത്തിക്കൊണ്ട്
ചന്തയിലൂടെ പോകുന്നു.

റാമല്ലയിൽ
ദൈവം മൺകൂജയിൽ വെള്ളം കുടിക്കുന്നു,
ഒരു വില്ല് ഞാണിനോട് ദിശ ചോദിക്കുന്നു,
ആകാശത്തിന്റെ വക്കിൽ നിന്നും
സമുദ്രത്തെ സ്വന്തമാക്കാനായി
ഒരു ചെറുക്കൻ ഇറങ്ങിതിരിക്കുന്നു

റാമല്ലയിൽ
നെടുനീളത്തിൽ വിത്തുനടുന്ന നട്ടുച്ച,
എന്റെ ജനലിനപ്പുറം മരണം പൂക്കുന്നു,
കൊടുങ്കാറ്റിനെ ചെറുത്തുനിൽക്കുന്ന മരം
കാറ്റിന്റെയതേ അക്രമരൂപമെടുത്തണിയുന്നു.

ബേ ദാവോ (1949-): മിസ്റ്റി പോയറ്റ്സ് എന്നു വിളിക്കപ്പെടുന്ന ചൈനീസ് കവികളിൽ പ്രധാനി. നൊബേൽ സമ്മാനം ലഭിക്കാൻ സാധ്യത കല്പിക്കപ്പെടുന്നവരിൽ ഒരാൾ. കവി മഹ്മൂദ് ദർവീഷിന്റെ ആവശ്യപ്രകാരം പലസ്തീൻ സന്ദർശിച്ച വേളയിലായാണ് ബേ ദാവോ ഈ കവിത എഴുതിയത്. ജറുസലേം നഗരത്തിന് 10 കിലോമീറ്റർ ദൂരത്തിലുള്ള മദ്ധ്യ വെസ്റ്റ്ബാങ്കിലെ ഒരു പാലസ്തീൻ പട്ടണമാണ് റാമല്ല. പലസ്തീനിയൻ നാഷണൽ അതോറിറ്റിയുടെ ഭരണതലസ്ഥായ  റാമല്ല, ചരിത്രപരമായി ഒരു അറബ്-ക്രിസ്ത്യൻ പട്ടണമാണ്.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact