എന്താണ് തിരയേണ്ടത്?

Sunday, 7 June 2020

കെട്ടകാലത്ത് കവിയും കവിതയും

കവിതയിലെ രാഷ്ട്രീയവും കവിയും. ചില നിരീക്ഷണങ്ങൾ.
കെട്ടകാലത്ത് കവിയും കവിതയും

കെട്ടകാലത്ത് ആ കാലത്തെക്കുറിച്ചുള്ള കവിതയുണ്ടാകുമെന്നു പറഞ്ഞത് ബെർതോൾട് ബ്രെഹ്റ്റ് ആണ്. അത്തരം കവിതകൾ നമുക്കു മുന്നിൽ നിരവധിയുണ്ടുതാനും. എന്നാൽ ഇക്കാലങ്ങളിലെ ഭീതിയെ ഒരു നിമിഷത്തേക്കെങ്കിലും അകറ്റുവാനോ ഒരു ജീവനെങ്കിലും രക്ഷിക്കുവാനോ കവിത കൊണ്ട് സാധിച്ചിട്ടില്ലെന്നു വിയറ്റ്നാം യുദ്ധകാലത്ത് എഴുതപ്പെട്ട കവിതകളെ മുൻനിർത്തി ഡബ്ലിയു. എസ്. മെർവിൻ ചൂണ്ടിക്കാട്ടുന്നു. എങ്കിലും എല്ലാക്കാലത്തും കെട്ടകാലങ്ങളെ കവിതകൊണ്ട് നേരിടാൻ ശ്രമിക്കുന്ന കവികൾ ഉണ്ടാകും.

മറ്റൊരാളെ ശരി-തെറ്റുകൾ ബോധ്യപ്പെടുത്താനും, പറഞ്ഞു മനസ്സിലാക്കിപ്പിക്കാനും ഉപയോഗിക്കാവുന്ന ഫലപ്രദമായ ആശയവിനിമയോപാധിയല്ല കവിത. ഗദ്യമാണു ഇക്കാര്യത്തിൽ ഗുണം ചെയ്യുക. ശരിയാണ്, വേണമെങ്കിൽ വിശദീകരണങ്ങൾ നൽകാനും ആശയങ്ങൾ പ്രചരിപ്പിക്കാനും തർക്കിക്കാനും നമുക്ക് കവിത ഉപയോഗിക്കാം. എന്നിരുന്നാലും ആത്യന്തികമായി കവിത, ഭാഷയുടെയും ഭാവനയുടെയും സാധ്യതകൾ തേടുന്ന കലയായിതന്നെ നിലകൊള്ളും.

ഒരു കവിയെ സംബന്ധിച്ചിടത്തോളം അയാളുടെ മികവ് ഭാഷയിലും ഭാവനയിലുമായിരിക്കും. ഇക്കാരണത്താൽ കെട്ടകാലങ്ങളിൽ അയാൾക്കൊരു കർത്തവ്യം നിർവ്വഹിക്കാനുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് എഴുതിയ ലേഖനത്തിൽ വാലസ് സ്റ്റീവൻസ് പറയുന്നു: ദുഷിച്ചകാലങ്ങളിൽ നാം നേരിടുന്ന സമ്മർദ്ദങ്ങളിൽ, ദുരിതങ്ങളിൽപ്പെട്ട് മാനവികതയുടെ അടിസ്ഥാനങ്ങളായി കരുതാവുന്ന മനുഷത്വം, സ്നേഹം, ഭാവന എന്നിവയെല്ലാം നഷ്ടമാകാനിടയുണ്ട്. മറ്റു ഭാഷാസങ്കേതങ്ങളെ പരിഗണിക്കുമ്പോൾ കവിതയോളം ഭാവനയെ സംരംക്ഷിക്കാൻ ഉതകുന്നൊരു മാധ്യമം ഇല്ല. അതിനാൽ നമ്മുടെ ഭാവനയെ സംരക്ഷിച്ചുവെക്കാനുള്ള ഇടമാണ് കവിത.

ചിന്തകളുടെ കൈമാറ്റത്തിനേക്കാൾ, സമാധാനവാക്കുകൾ പങ്കുവെക്കുന്നതിനേക്കാൾ കെട്ടകാലങ്ങളിൽ ഭാവനാശേഷി നഷ്ടമാകുന്ന ഓരോരുത്തരിലെയും ഭാവനയെ ഉണർത്താനാകുമെങ്കിൽ ആ കാലങ്ങളിലും ആ കാലത്തെ അതിജീവിച്ച ശേഷവും കവിതയ്ക്ക് സാധ്യതയുണ്ട്. പറച്ചിൽ, വിൽക്കൽ-വാങ്ങൽ, തർക്കിക്കൽ തുടങ്ങിയ ഭാഷകൊണ്ടുള്ള പ്രയോജങ്ങളെല്ലാം മറ്റു ഭാഷാസങ്കേതങ്ങൾ കൊണ്ടാണു നമ്മൾ സാധിക്കുന്നതെന്നിരിക്കെ ഇവയിൽ നിന്നും മുക്തമായി നിലകൊള്ളുന്നെന്നു കരുതുന്ന കവിതയുടെ പ്രധാന കർത്തവ്യമാണു ഭാവനയെ കാത്തുസൂക്ഷിക്കുക എന്നത്.

കെട്ടകാലങ്ങളിൽ തങ്ങൾ എഴുതുന്നത് രാഷ്ട്രീയായുധമായി ഉപയോഗിക്കാനാകുന്ന കവിതയല്ലല്ലോ എന്നതിനാൽ വേവലാതിപ്പെടുന്നവരോട് കവി മാത്യു സപ്രൂഡർ പറയുന്നു: നിങ്ങൾ എഴുതുന്ന കവിത ഏതാണോ അതെഴുതൂ. എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം ആ കവിതകൾ മനോഹരമാക്കൂ. എന്നിട്ട്, കവിത കൊണ്ടല്ലാതെ മറ്റേതെങ്കിലുംതരത്തിൽ നിങ്ങൾക്കു സമൂഹത്തെ നന്നാക്കി മാറ്റാനാകുമെങ്കിൽ ആ പ്രവർത്തിയിലേർപ്പെടൂ, എന്തെന്നാൽ കവികളും പൗരന്മാരാണ്.
Share:  
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം