കവിത

ഇടം

ഈ മണ്ണ് എല്ലാവരെയും ഉൾക്കൊള്ളുന്നു,
ഇത്രയേറേപ്പേരെ അടക്കം ചെയ്തിട്ടും
ഇനിയുമേറെപ്പേരെ ഉൾക്കൊള്ളാൻ
ഈ മണ്ണിനാകുന്നു.

എങ്കിലും പൂർവ്വികരെ അടക്കം ചെയ്ത മണ്ണിൽ
വേരുറപ്പിക്കാൻ എനിക്കിതേവരെ സാധിച്ചിട്ടില്ല
അവരെ അടക്കംചെയ്തതിനരികിൽ നട്ട മരം
മണ്ണിൽ വേരുകളാഴ്ത്തി വിണ്ണിൽ പടർന്നു നിന്നു.

അതിന്റെ ചില്ലകൾ
അണ്ണാന് വഴി
കിളികൾക്കു കൂട്
വഴിപോക്കർക്കു തണൽ
വെയിലിന് നിഴൽ.

ഒരൊറ്റ പകൽകൊണ്ട് ആ മരം വെട്ടിമാറ്റപ്പെട്ടു.
കാലത്തേ കൂടുവിട്ട് തീറ്റതേടിപ്പോയ കിളികൾ
തിരിച്ചെത്തുമ്പോൾ അങ്ങനൊരു മരം അവിടില്ല.

എനിക്കുള്ളിടവും ചുരുങ്ങിച്ചുരുങ്ങി ശവപ്പെട്ടിയോളമായി.
ചിതലും മണ്ണിരയും അവരുടെ പണി തുടങ്ങിക്കഴിഞ്ഞു
ഈ മണ്ണിലെനിക്കും ഇടമുണ്ട്, എന്നല്ല
ഞാൻ ഈ മണ്ണാകുന്നു.