കൊതുക്

കൊതുക് കുറ്റിയിടാൻ വിട്ടുപോയ ജനൽ
വിട്ടുകൊടുത്ത വിടവിലൂടെ
കയറിവന്നൊരു കൊതുക്
നഗ്നനായി കിടക്കുമെന്റെ
തുടയിലിരിക്കുന്നു.

ചിറകടിതാളത്തിൽ പാടിപ്പറന്നുയർന്ന്
ചിന്തയറ്റു കിടക്കുമെനിക്കുചുറ്റും
വട്ടമിട്ടു കറങ്ങിയുറക്കം കെടുത്തവേ
കൈവീശിപ്പിടിക്കുന്നതിനെ ഞാൻ.

തുറക്കുമ്പോൾ കൈക്കുള്ളിൽ
ഒന്നുമില്ലെന്നുവരുമോ?
ഉണ്ടായിരുന്നൊരു കൊതുക്
കൈവിട്ടു പറന്നുപോകുമോ?
എന്റെ രക്തത്തിൽ
മരിച്ചുകിടക്കുമാ ചെറുജീവിയെ
കാണേണ്ടി വന്നേക്കുമോ?

ഇവ്വിധചിന്തകളാൽ പിന്നെയും
ഉറക്കംക്കെടുത്തുകയാണ്
കുറ്റിയിടാൻ വിട്ടുപോയ ജനൽ
വിട്ടുകൊടുത്ത വിടവിലൂടെ
ഞാനറിയാതിറങ്ങിപ്പോയ കൊതുക്.