കവിത

മൗനം

വാക്കുകൾ
ഉച്ചരിക്കുംമുമ്പ് മൗനം,
അതിനുശേഷവും.

ചെണ്ട, ഒഴിഞ്ഞ ചായകപ്പ്—
അകം പൊള്ളയായവയിലെല്ലാം
മൗനം നിറഞ്ഞുനിൽക്കുന്നു.

അനവസരത്തിൽ പാലിച്ച മൗനം,
പറഞ്ഞുപോയ വാക്ക്
രണ്ടും തിരിച്ചെടുക്കാനാകുന്നില്ല.

ഒരൊറ്റ പ്രഹരമേറ്റാൽ മതി
അകം പൊള്ളയായതെന്തിൽ നിന്നും
മൗനം കനത്ത ഒച്ചയായുണരാൻ.