കവിത

ഓട്ടപന്തയാനന്തരം

ഓട്ടപ്പന്തയത്തിലൊരിക്കൽ
ഒന്നാമനായിരുന്നെന്നും പറഞ്ഞ്
തലയിടുന്നുണ്ട് പുറത്തേക്ക്.

ചൂണ്ടയ്ക്കിരയാകും
മത്സ്യത്തെ
പുഛ്ചിച്ചങ്ങനെ
നീന്തിയും,
ഇഴഞ്ഞു നടന്നും,
പറക്കാൻ മോഹിച്ചും,
കര            കുളം
കുളം          കര
കളിച്ചും.

ജിജ്ഞാസ വന്നു കൊളുത്തിയപ്പോൾ
ചൂണ്ടയുടെ രുചിയറിയാനൊരു ശ്രമം,
കുടുങ്ങിപ്പോൾ അറിഞ്ഞു
മരണത്തിനു മുൻപത്തെ
വെപ്രാളപ്പിടച്ചിലിലാണ്
ചൂണ്ട കുരുക്കിടുന്നതെന്ന്.

വെറുമൊരു മത്സ്യമല്ലല്ലോ
ആമയല്ലേ
എന്നൊക്കെയോർത്ത്
മാനം കാക്കാൻ
ചൂണ്ട കൊളുത്തിയ തല
അകത്താക്കി.

ചത്തു കരയ്ക്കടിഞ്ഞിട്ടും
തല അകത്തുതന്നെ.
അകം ജീർണിച്ചാലും
മറയ്ക്കാൻ പുറംതോടുണ്ടല്ലോ.