പോകുംവഴി

സുജീഷ് കവിത
നടക്കുംകാലുകൾ
—കാലത്തിന്റെ കത്രികകൾ
പോക്കുവരവുകളാൽ
ചെടികളെ വകഞ്ഞുമാറ്റി
രൂപംകൊടുത്ത വഴി,

വഴിവരച്ചുപോകും വിമാനം
പോയവഴി മായും
വാനിലെന്നപോലെ
വേനലിൽ പന്തുകളിക്കെത്തും
കുട്ടികളുണ്ടാക്കും മൈതാനത്തു
കാണാതാകും വഴി,

മഴപെയ്യുംകാലം വരുംന്നേരം
ചെടികളുടേതാകും മൈതാനത്തിൽ
തെളിഞ്ഞുകാണും
       വീടുവിട്ടും
       വീട്ടിലേക്കും
              പോകുംവഴി—
പുതുവഴിയെന്നന്നു തോന്നുംവഴി.