എന്താണ് തിരയേണ്ടത്?

Friday, 28 February 2020

ശേഷം

കവിത / സുജീഷ്
കവിത സുജീഷ്
ഒറ്റയ്ക്ക് കഴിഞ്ഞൊരാൾ
മരിച്ചതിൽപ്പിന്നെ
ഒഴിഞ്ഞുകിടക്കും വീട്,

തുറന്നുകിടക്കും ജനൽ
കടത്തിവിടും വെയിൽ
വരച്ചിടുകയാണു അകച്ചുവരിൽ
വരുംവഴി മുന്നിൽപ്പെട്ട
ഇലയില്ലാചില്ലതൻ നിഴൽ

കാറ്റേറും നേരങ്ങളിൽ
വീടുമായി പറന്നുയരാൻ നോക്കും
ചിറകടിയുമായി ജനൽപ്പാളികൾ.

നിശബ്ദത തിങ്ങും മുറിക്കുള്ളിൽ
പൊടിപുതച്ചുറങ്ങും പുസ്തകങ്ങളിൽ
ഒച്ചയാകാനാവാതെ വാക്കുകൾ.

മജീഷ്യന്റെ കറുത്ത തൂവാല കണക്കെ
രാത്രി ലോകത്തെ മൂടുമ്പോൾ

ഇരുട്ടിൽ തുറന്ന കണ്ണായ്
തുറന്നുകിടക്കും ജനൽ,
അടച്ചിടുന്നതാരതിൻ
പാളികൾ— അയാളുടെ
കൺപോളകളെന്ന പോലെ.
____
കേരളകവിത
Share:  
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം