
ചായക്കോപ്പയുമായിരുന്ന്
ഞാനതിന്റെ രുചിയറിയുന്നു.
കേൾക്കുന്നു
ഒരിലയുടെ ശബ്ദം:
ഒരൊറ്റ വാക്ക്
ആവർത്തിച്ചാവർത്തിച്ച്.
നോക്കുമ്പോൾ
മറ്റിലകൾ തലയാട്ടുന്നു
അതേവാക്കു ഏറ്റുപറയുന്നു.
പൊടുന്നനെ
മരച്ചില്ലയിളകുന്നു
കാറ്റില്ലാതെതന്നെ.
സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.
"കവിതകൊണ്ട് മാത്രം സാധ്യമാവുന്ന ആവിഷ്ക്കാരങ്ങളുണ്ട് എന്ന തീർച്ച സുജീഷിന്റെ കവിതകളുടെ ബോധത്തിന്റെ ഊർജ്ജമാണ്. കവിതകൊണ്ട് മാത്രം തുറക്കാവുന്ന പൂട്ടുകളെ അത് സധൈര്യം സഗൗരവം സമീപിക്കുന്നു. നമ്മൾ കണ്ടുപരിചയിച്ചിട്ടില്ലാത്ത മേഖലകളിലേക്ക് പടരാനുള്ള കെൽപ്പും കല്പനാവൈഭവവും ഈ കവിതകളിൽ സന്നിഹിതമാണ്. പുതിയ മലയാളകവിതയിൽ പ്രധാനപ്പെട്ട ഒരു പുസ്തകമായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്. "
— ടി. പി. വിനോദ്