Monday, 8 June 2020

അബ്ബാസ് കിയാരോസ്തമിയുടെ കവിതകൾ

അബ്ബാസ് കിയാരോസ്തമി
അബ്ബാസ് കിയാരോസ്തമി

പ്രാവിന്റെ വെണ്മ
വെൺമേഘങ്ങൾ മായ്ക്കുന്നു —
മഞ്ഞുവീഴുന്ന ദിവസം.

• • • •

വെള്ളത്തലമുടിയുള്ള സ്ത്രീ
ചെറിവിരിയുന്നതിൽ കണ്ണുംനട്ടിരിക്കുന്നു:
"എന്റെ വാർദ്ധക്യത്തിൻ വസന്തമെത്തിയോ?"

• • • •

ഉറങ്ങുന്ന ഒരു ആണിൻ അരികിൽ
അവൾ ഉണർന്നിരിക്കുന്നു—
തലോടുന്നൊരു കൈ മോഹിക്കാതെ.

• • • •

പൂർണ്ണചന്ദ്രന്റെ പ്രതിബിംബം വെള്ളത്തിൽ.
വെള്ളം പിഞ്ഞാണത്തിൽ.
ദാഹിക്കുന്നയാൾ ഉറക്കത്തിലും.

• • • •

അഴയിൽ അലയടിക്കുന്ന എന്റെ വസ്ത്രം
സ്വാതന്ത്ര്യത്തിൻ പതാക:
ഭാരം കുറഞ്ഞ്. ഉടലിന്റെ കെട്ടുപാടിൽ
നിന്നും മോചിപ്പിക്കപ്പെട്ട്.

• • • •

മഞ്ഞിൽ ചുവന്ന തുള്ളികളുടെ വരി:
മുറിവേറ്റ മൃഗം
മുടന്തി നീങ്ങുന്നു.

• • • •

ശരത്കാലക്കാറ്റിന്റെ ആദ്യ കൈയ്യേറ്റത്തിൽ
ഒരു കൂട്ടം ഇലകൾ
എന്റെ മുറിയിൽ അഭയം തേടുന്നു.

• • • •

പാതിരാവിൽ
ഒരു കിളി പാടുന്നു:
കിളികൾക്കു പോലുമത് അപരിചിതം.

വെയിലും നിഴലും
മറ്റു കവിതകളും

സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

"കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. "
— ടി. പി. വിനോദ്