പരിഭാഷ

വൈകുന്നേരവെയിൽ  ― സി.പി കവാഫി

 സി.പി കവാഫി
 സി.പി കവാഫി

ഈ മുറി, എനിക്കെത്ര പരിചിതം.
ഇന്നിതും ഇതിനടുത്ത മുറിയുമെല്ലാം
വാടകയ്ക്ക് കൊടുത്തിരിക്കുന്നു.
വീടാകെ ബിസിനസ്സുകാരുടെ, ഇടനിലക്കാരുടെ,
കമ്പനികളുടെ ഓഫീസായി മാറിയിരിക്കുന്നു.

ഹാ! ഈ മുറി, എനിക്കെത്ര പരിചിതമെന്നോ!

വാതിലിനു അരികിലായി സോഫ കിടന്നിരുന്നു.
അതിനു മുമ്പിലായി ഒരു ടർക്കിഷ് ചവിട്ടടി.
അതിനടുത്ത് രണ്ട് മഞ്ഞപൂപാത്രങ്ങളുമായി അലമാര.
വലതുവശത്ത്—അല്ല, എതിർവശത്ത്
കണ്ണാടിയോടുകൂടിയ മേശ.
നടുവിലായി, അവന്റെ എഴുത്തുമേശയും
മൂന്ന് വലിയ ചൂരൽ കസേരകളും.
ഞങ്ങൾ പലപ്പോഴായി
രതിയിലേർപ്പെടാനുപയോഗിച്ച
കട്ടിൽ ജനലിനരികിലായിരുന്നു.

അവയെല്ലാം ഇപ്പോൾ മറ്റെവിടെയെങ്കിലും കാണും,
പാവം വസ്തുക്കൾ.

ജനലിനരികിലായിരുന്നു കിടക്ക, വൈകുന്നേരവെയിൽ
അതിനു പാതിയോളം വന്നുപതിക്കുമായിരുന്നു.

ഒരു വൈകുന്നേരം നാലുമണിക്ക്
വെറും ഒരാഴ്ചകാലത്തേക്ക് ഞങ്ങൾ പിരിഞ്ഞു.
കഷ്ടം! ആ ഒരാഴ്ച എന്നത്തേക്കുമായി.

The Afternoon Sun by C. P. Cavafy