എല്ലാവർക്കുമൊപ്പം തനിച്ച് ― ചാൾസ് ബുകോവ്സ്കി

ചാൾസ് ബുകോവ്സ്കി
ചാൾസ് ബുകോവ്സ്കി

അസ്ഥിയെ പൊതിഞ്ഞ് മാംസം,
അതിനുള്ളിലവരുടെ മനസ്സ്,
ചിലപ്പോൾ ആത്മാവ്.

പെണ്ണുങ്ങൾ പൂപ്പാത്രം ചുവരിൽ എറിഞ്ഞുടയ്ക്കുന്നു,
ആണുങ്ങൾ മുഴുകുടിയരാകുന്നു.
എന്നാലാരുമൊരാളെ കണ്ടെത്തുന്നില്ല.
അതിനാൽ അതിനായുള്ള തിരച്ചിൽ തുടരുന്നു,
കിടക്കകളിൽ കയറിനിരങ്ങിയിറങ്ങുന്നു.

അസ്ഥിയെ മാംസം പൊതിയുന്നു,
മാംസത്തേക്കാൾ വലുതെന്തോ
ശരീരം തേടുന്നു.

നമുക്ക് സാധ്യതകളൊന്നും തന്നെയില്ല;
ഒരൊറ്റ വിധിയുടെ കെണിയിൽപ്പെട്ടവരാണ്
നാമെല്ലാം.

ആരും ആ ഒരാളെ
കണ്ടെത്തുന്നേയില്ല.

നഗരമാലിന്യം തള്ളുന്നയിടം നിറഞ്ഞിരിക്കുന്നു,
ചവറ്റുകൂനകൾ നിറഞ്ഞിരിക്കുന്നു,
ഭ്രാന്താലയങ്ങൾ നിറഞ്ഞിരിക്കുന്നു,
ആശുപത്രികൾ നിറഞ്ഞിരിക്കുന്നു,
ശ്മശാനങ്ങൾ നിറഞ്ഞിരിക്കുന്നു.

മറ്റൊന്നും
നിറയുന്നില്ല.

"Alone With Everybody" from Love is a Dog From Hell by Charles Bukowski