നീലക്കിളി ― ചാൾസ് ബുകോവ്സ്കി

ചാൾസ് ബുകോവ്സ്കി
ചാൾസ് ബുകോവ്സ്കി

പുറത്തുകടക്കാൻ കൊതിക്കുന്നൊരു
നീലക്കിളിയുണ്ട് എനിക്കുള്ളിൽ.
ഞാനോ അവന് വഴങ്ങാതെ,
പറയുന്നു: അവിടെയിരിക്ക്,
നിന്നെ മറ്റാരും കാണാൻ ഞാനിടവരുത്തില്ല.

പുറത്തുകടക്കാൻ കൊതിക്കുന്നൊരു
നീലക്കിളിയുണ്ട് എനിക്കുള്ളിൽ.
അവനു വിസ്കിയും സിഗരറ്റും
പകരുന്നു ഞാൻ,
വേശ്യകളോ മദ്യശാലയിലുള്ളവരോ
കടക്കാരോ എനിക്കുള്ളിൽ
അങ്ങനെയൊരാൾ ഉള്ളതറിയില്ല.

പുറത്തുകടക്കാൻ കൊതിക്കുന്നൊരു
നീലക്കിളിയുണ്ട് എനിക്കുള്ളിൽ.
ഞാനോ അവന് വഴങ്ങാതെ,
പറയുന്നു: നിനക്കെന്റെ ജീവിതം
തകിടംമറിക്കണോ?
ജോലിമുടക്കണോ?
യൂറോപ്പിലെ എന്റെ പുസ്തകവില്പനയിൽ
ഇടിവുണ്ടാക്കണോ?

പുറത്തുകടക്കാൻ കൊതിക്കുന്നൊരു
നീലക്കിളിയുണ്ട് എനിക്കുള്ളിൽ.
പക്ഷേ ഞാനേറെ സമർത്ഥൻ,
രാത്രി ഏവരും ഉറങ്ങിക്കഴിയുമ്പോൾ മാത്രം
ചിലപ്പോൾ അവനെ പുറത്തുവിടുന്നു.
എന്നിട്ട് പറയുന്നു: എനിക്കറിയാം നീ
എനിക്കുള്ളിലാണെന്ന്,
വിഷമിക്കാതിരിക്കൂ.

പിന്നെ ഞാനവനെ അകത്തിടുന്നു,
അവിടെയിരുന്നവൻ പതിയെ പാടുന്നു.
അവനെ ഞാൻ മരിക്കാൻ വിടില്ല,
ഞങ്ങളുടെ രഹസ്യ ഉടമ്പടിപ്രകാരം
ഞങ്ങൾ ചേർന്നുകിടന്നുറങ്ങുന്നു.

ഒരുവന് കരയാൻ ഇതുതന്നെ ധാരാളം,
എന്നാൽ ഞാൻ കരയുന്നില്ല, നീയോ?

Bluebird by Charles Bukowski