എന്താണ് തിരയേണ്ടത്?

Thursday, 11 June 2020

ഗോഡ്സില്ല മെക്സിക്കോയിൽ ― റോബർട്ടോ ബൊലാനോ

റോബർട്ടോ ബൊലാനോയുടെ Godzilla in Mexico എന്ന കവിതയുടെ മലയാള വിവർത്തനം
റോബർട്ടോ ബൊലാനോ
റോബർട്ടോ ബൊലാനോ

മകനേ, ശ്രദ്ധയോടെ കേൾക്കൂ: മെക്സിക്കോ നഗരത്തിനുമേൽ
ബോംബുകൾ വീഴുകയായിരുന്നു,
എന്നാൽ അതാരും ശ്രദ്ധിച്ചിരുന്നതേയില്ല.
തെരുവുകളിലൂടെ, തുറന്നിട്ട ജനലുകളിലൂടെ
കാറ്റ് വിഷവുമായി കടന്നുപോയി.
അൽപ്പം മുമ്പ് ഭക്ഷണം കഴിച്ചുകഴിഞ്ഞിരുന്ന നീ
ടിവിയിൽ കാർട്ടൂൺ കണ്ടിരിക്കുകയായിരുന്നു.
തൊട്ടപ്പുറത്തെ മുറിയിൽ വായിച്ചിരിക്കവെയാണ്
നാം മരിക്കാൻ പോകുകയാണെന്നു ഞാൻ തിരിച്ചറിഞ്ഞത്.
മനംപിരട്ടലും തലകറക്കവും ഉണ്ടായിരുന്ന ഞാൻ
വളരെ പണിപ്പെട്ട് അടുക്കളയിൽ
നിലത്തിരിക്കുകയായിരുന്ന നിന്നെ കണ്ടെത്തി.
നമ്മൾ കെട്ടിപ്പിടിച്ചു. എന്താണ് സംഭവിക്കുന്നതെന്നു
നീ ചോദിച്ചെങ്കിലും മരണക്കളിയിലാണ് നാമെന്ന് ഞാൻ പറഞ്ഞില്ല
മറിച്ച്, ഒരു തവണ കൂടി, ഒരുമിച്ച്, നാമൊരു യാത്ര
പോകുന്നെന്നും നീ പേടിക്കരുതെന്നും പറഞ്ഞു.
മടങ്ങിപ്പോയപ്പോൾ മരണം, നമ്മുടെ കണ്ണുകൾ അടച്ചില്ല.
നാം എന്താണ്? ഒരാഴ്ചയ്ക്കോ ഒരു വർഷത്തിനോ ശേഷം
നീ ചോദിച്ചു, വിധിയുടെ അഴുകിയ സൂപ്പിൽ
തെറ്റിക്കിടക്കും അക്കങ്ങളോ ഉറുമ്പുകളോ ഈച്ചകളോ?
നാം മനുഷ്യരാണ്, മകനേ, ഏതാണ്ട് പക്ഷികൾ,
ജനനായകർ, രഹസ്യങ്ങൾ.

'Godzilla in Mexico' by Roberto Bolaño From The Romantic Dogs
Share:  
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം