പ്രേമാനന്തരം പ്രേമം — ഡെറിക് വൊൾകട്ട്

ഡെറിക് വൊൾകട്ട്
ഡെറിക് വൊൾകട്ട്

അങ്ങനെയൊരു സമയം വരും.
അത്യുത്സാഹത്തോടെ നിങ്ങൾ നിങ്ങളെതന്നെ
നിങ്ങളുടെ വാതിൽക്കൽ എതിരേൽക്കും,
നിങ്ങളുടെ തന്നെ കണ്ണാടിയിൽ,
ഇരുവരും പരസ്പരം നോക്കി പുഞ്ചിരിക്കും,

എന്നിട്ട് പറയും: ഇവിടിരിക്കൂ, കഴിക്കൂ.
നിങ്ങൾ തന്നെയായിരുന്ന ആ അപരിചിതനെ
നിങ്ങൾ സ്നേഹിക്കാൻ തുടങ്ങും.
അപ്പവും വീഞ്ഞും നൽകും. നിങ്ങളുടെ ഹൃദയം
അതിനുതന്നെ തിരികെനൽകും,

ഇക്കാലമത്രയും നിങ്ങളെ സ്നേഹിച്ച അപരിചിതന്,
മറ്റൊരാൾക്കായി നിങ്ങൾ അവഗണിച്ച അതേ ആൾക്ക്,
നിങ്ങളെ നന്നായി അറിയാവുന്ന ആൾക്ക്.
പുസ്തകതട്ടിൽ നിന്നും പ്രേമലേഖനങ്ങൾ പുറത്തെടുക്കുക,

ഒപ്പം ഫോട്ടോകളും നൈരാശ്യകുറിപ്പുകളും പുറത്തിടുക.
കണ്ണാടിയിൽ നിന്നും നിങ്ങളുടെ
പ്രതിച്ഛായ ചീന്തിയെടുക്കുക.
ഇരിക്കുക. നിങ്ങളുടെ ജീവിതവിരുന്നുണ്ണുക.

'Love After Love' by Derek Walcott (1930-2017)