എന്താണ് തിരയേണ്ടത്?

Sunday, 7 June 2020

ഭാവന: കവിതാവിചാരങ്ങൾ

കവിതയെഴുത്തിലെ ഭാവനയുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങൾ. ഒരു കവിയുടെ ഡയറിക്കുറിപ്പുകളിൽ നിന്നും.
ഭാവന


ഭാഷയില്ലാതെ, വെറും വാക്കുകളുമായി വരുന്നവരിൽ മടുത്ത്
മഞ്ഞുമൂടിയ തുരുത്തിലേക്ക് ഞാൻ ചേക്കേറി.
മെരുങ്ങാത്തവയ്ക്ക് വാക്കുകളില്ല.
എഴുതപ്പെടാത്ത താളുകൾ എല്ലാ വശങ്ങളിലേക്കും പടരുന്നു!
മഞ്ഞിൽ കലമാനിന്റെ കാലടിപ്പാടുകൾ ഞാൻ കണ്ടു.
ഭാഷയുണ്ട് എന്നാൽ വാക്കുകളില്ല.

             — മാർച്ച് 1979, റ്റൊമാസ് ട്രാൻസ്ട്രോമർ

വാക്കിന് വിലകൽപ്പിക്കുന്നവരാണ് മനുഷ്യർ. വാക്കുകളിലൂടെ മനുഷ്യൻ ഭാഷ സാധ്യമാക്കുന്നു. ഭാഷയിൽ ജീവിക്കുന്ന ഒരാൾ ഭാവനയിൽ കൂടിയാണ് ജീവിക്കുന്നത്. 'പെൻസിൽ' എന്ന വാക്ക് ഒരാൾ എഴുതുകയോ ഉച്ചരിക്കുകയോ ചെയ്യുമ്പോൾ മറ്റൊരാളത് വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നെങ്കിൽ 'പെൻസിൽ' എന്ന വസ്തുവിനെ ഭാവനയിൽകാണാൻ സാധിക്കണം, എങ്കിലെ ഭാഷ സാധ്യമാകുന്നുള്ളൂ. പെൻസിൽ എന്ന വാക്ക് ഒരിക്കലും പെൻസിൽ ആകുന്നില്ല. എന്നാൽ ആ വാക്കിന് പെൻസിൽ എന്ന വസ്തുവിന്റെ രൂപം നൽകാൻ മനുഷ്യഭാവനയ്ക്കു സാധിക്കുന്നു.

• • • • • •

മനുഷ്യന്റെ ഓർമ്മ ഒരുതരം ഭാവന തന്നെ. പിൽക്കാല അനുഭവത്തെ തന്റെ ഇഷ്ടാനുസരണമോ സാന്ദർഭികമായോ ഒരാൾ ഭാവനയിലൂടെ വിളിച്ചുവരുത്തുന്നതല്ലോ ഓർമ്മ. അങ്ങനെയെങ്കിൽ മനുഷ്യന്റെ എല്ലാ ചിന്തയും ഭാവനതന്നെ.

• • • • • •

ഭാവന സങ്കീർണ്ണമാകുന്നു. സൃഷ്ടി മാത്രമല്ല, സംഹാരവും അതിനുസാധിക്കുന്നു. ഭാവന എപ്പോഴും നന്മയുടെ പക്ഷത്താകുന്നില്ല. പങ്കാളിയ്ക്കു രഹസ്യകാമുകനുണ്ടെന്ന തോന്നലുണ്ടാക്കുന്നതും ഇക്കാരണത്താൽ അവളെ കൊല്ലുന്നതിലേക്കു നയിക്കുന്നതും ഭാവനയാണ്. ഷേക്സ്പിയർ ഒഥല്ലോയെ ഭാവനയിൽ കണ്ടപ്പോൾ, ഡെസ്ഡിമോണ തന്നെ വഞ്ചിക്കുന്നതായി ഒഥല്ലോ സങ്കൽപ്പിച്ചു.

ഭാവനയ്ക്കു തന്റേതായ ലോകമുണ്ട്. നിങ്ങളുടെ ഭാവനയെ നിങ്ങൾ ഉപയോഗപ്പെടുത്തുന്നത് പോലെ നിങ്ങളുടെ ഭാവന ചിലപ്പോൾ നിങ്ങളെ ഉപയോഗപ്പെടുത്തും.

• • • • • •

ഗദ്യകവിതയെഴുതുകയെന്നത് വലയില്ലാതെ ടെന്നീസ് കളിക്കുന്നത് പോലെയാണെന്ന് റോബർട്ട് ഫ്രോസ്റ്റ്. വലയില്ലാതെയും ടെന്നീസ് കളിക്കാം, വല അവിടെയുണ്ടെന്നു നമ്മൾ സങ്കൽപ്പിച്ചാൽ മാത്രംമതി. തിംബുക്തു എന്ന സിനിമയിൽ പന്തില്ലാതെ ഫൂട്ബോൾ കളിക്കുന്നവരെ കാണൂ.

• • • • • •

'പ്ലാസ്റ്റിക് പൂക്കൾ' ശരിക്കും പൂക്കൾ തന്നെയോ?
Share:  

കവിതകൾ →

തരം

Copyright © Sujeesh