റാമല്ല ― ബേ ദാവോ

ബേ ദാവോ
ബേ ദാവോ

റാമല്ലയിൽ
താരനിബിഡമാം വാനിൽ
ചതുരംഗം കളിക്കുന്നു പൗരാണികർ,
കലാശക്കളിയുടെ മിന്നിക്കത്തൽ.
ഘടികാരത്തിൽ അടയ്ക്കപ്പെട്ട കിളി
പുറത്തുചാടി സമയംപറയുന്നു.

റാമല്ലയിൽ
ഒരു വയസ്സനെപോലെ വെയിൽ
ചുവരിന്റെ മുകളിൽ കയറുന്നു,
ക്ലാവുപിടിച്ച ചെമ്പുഫലകങ്ങളിൽ
കണ്ണാടിവെട്ടം വീഴ്ത്തിക്കൊണ്ട്
ചന്തയിലൂടെ പോകുന്നു.

റാമല്ലയിൽ
ദൈവം മൺകൂജയിൽ വെള്ളം കുടിക്കുന്നു,
ഒരു വില്ല് ഞാണിനോട് ദിശ ചോദിക്കുന്നു
ആകാശത്തിന്റെ വക്കിൽ നിന്നും
സമുദ്രത്തെ സ്വന്തമാക്കാനായി
ഒരു ചെറുക്കൻ ഇറങ്ങിതിരിക്കുന്നു

റാമല്ലയിൽ
നെടുനീളത്തിൽ വിത്തുനടുന്ന നട്ടുച്ച,
എന്റെ ജനലിനപ്പുറം മരണം പൂക്കുന്നു,
കൊടുങ്കാറ്റിനെ ചെറുത്തുനിൽക്കുന്ന മരം
കാറ്റിന്റെയതേ അക്രമരൂപമെടുത്തണിയുന്നു.

"Ramallah" by Bei Dao

പുതിയ എഴുത്തുകൾ

കവിതകൾ

പരിഭാഷകൾ

കവികൾ

കവിതാവിഷയങ്ങൾ