എന്താണ് തിരയേണ്ടത്?

Friday, 5 June 2020

പുഴ — എ. കെ രാമാനുജൻ

ഇന്ത്യൻ ഇംഗ്ലീഷ് കവിയായ എ.കെ രാമാനുജന്റെ River എന്ന കവിതയുടെ മലയാളം പാഠാന്തരം
എ. കെ രാമാനുജൻ
എ. കെ രാമാനുജൻ

മധുരയിൽ,
ക്ഷേത്രങ്ങളുടെ നഗരത്തിൽ,
ക്ഷേത്രങ്ങളെയും നഗരങ്ങളെയുംപറ്റി പാടുന്ന
കവികളുടെ നഗരത്തിൽ:

എല്ലാ വേനലിലും
പുഴ വറ്റിവരണ്ട് മണലിൽ
ഒരു നേർത്ത ചാലായി മാറും,
മണലിൻ അസ്ഥികൾ വെളിപ്പെടും,
കേടുപാടുകൾ തീർത്തതിന്റെ
അടയാളങ്ങളുമായി നിൽക്കുന്ന പാലങ്ങളുടെ
തുരുമ്പിച്ച തൂണുകളിൽ
പുൽക്കറ്റകളും പെണ്ണുങ്ങളുടെ മുടിയും
വന്നടിഞ്ഞ് ചാലുകളടയും,
മയങ്ങുന്ന മുതലകളെപോലെ
നനഞ്ഞ കല്ലുകൾ തിളങ്ങും, ഉണങ്ങിയ കല്ലുകളാകട്ടെ
വെയിൽ കാഞ്ഞുകിടക്കും പോത്തുകളെപോലെയും.

കവികൾ പാടിയത് പ്രളയത്തെപ്പറ്റി മാത്രം.

പ്രളയമുണ്ടായ നാളുകളിലൊന്നിൽ
അയാൾ അവിടെയുണ്ടായിരുന്നു.
വെള്ളം ഉയരുന്നതിനെപ്പറ്റിയായിരുന്നു
എല്ലായിടത്തും ആളുകളുടെ സംസാരം:
വെള്ളം കയറിയ പടവുകളുടെ എണ്ണത്തെപ്പറ്റി,
കുളിക്കടവുകളെപ്പറ്റി, പിന്നെ
മൂന്ന് ഗ്രാമീണ വീടുകളും
ഒരു ഗർഭിണിപ്പെണ്ണിനെയും
ബ്രിന്ദയെന്നും ഗോപിയെന്നും പേരുള്ള
പശുക്കളെയും പുഴയെടുത്തതിനെപ്പറ്റി.

അപ്പോഴും പുതിയ കവികൾ
പഴയ കവികളെ ഏറ്റുപാടി.
ഗർഭിണിപ്പെണ്ണൊരുത്തി മുങ്ങിപ്പോയതിനെപ്പറ്റി
അവരാരും കവിതയിൽ പറഞ്ഞില്ല
അവൾക്കുള്ളിൽ ഇരട്ടകളായിരിക്കണം,
അവ ജനിക്കുംമുമ്പേ കാലിട്ടടിച്ചിരിക്കണം.

അയാൾ പറഞ്ഞു:
കാവ്യാത്മകമാകാൻ തക്കതായ വെള്ളം
പുഴയിൽ വർഷത്തിൽ ഒരിക്കൽ മാത്രമുണ്ടാകും
പിന്നത്തെ അരമണിക്കൂറിൽ
മൂന്ന് ഗ്രാമീണ വീടുകളും,
ഗോപിയെന്നും ബ്രിന്ദയെന്നും പേരുള്ള പശുക്കളെയും,
ഒരേപോലിരിക്കുന്ന ഇരട്ടകളാകുന്നതിനാൽ
തിരിച്ചറിയാൻ ഇരുനിറത്തിലുള്ള ഡയപ്പർ
ധരിക്കേണ്ടി വരുമായിരുന്ന കുഞ്ഞുങ്ങളെ
വയറ്റിൽപ്പേറുന്ന ഗർഭിണിയേയും എടുത്തുകൊണ്ട്

പുഴയങ്ങൊരു പോക്കുപോകും.
Share:  
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം