പരിഭാഷ

മൂന്നാമൻ ― യാന്നിസ് റിറ്റ്സോസ്

യാന്നിസ് റിറ്റ്സോസ്
യാന്നിസ് റിറ്റ്സോസ്

മൂവരും ജനലരികിലിരുന്ന് കടലിലേക്കു നോക്കി.
ഒരാൾ കടലിനെപ്പറ്റി സംസാരിച്ചു. രണ്ടാമൻ അതു കേട്ടിരുന്നു.
മൂന്നാമൻ ഒന്നും പറയുകയോ കേൾക്കുകയോ ചെയ്തില്ല; അയാൾ
കടലിന്നാഴത്തിലായിരുന്നു; ഒഴുക്കിലായിരുന്നു.
ജനൽപ്പാളികൾക്കു പിന്നിൽ, പതുക്കെയുള്ള അയാളുടെ ചലനം
നേർത്ത തെളിഞ്ഞ നീലിമയിൽ വ്യക്തം.
മുങ്ങിപ്പോയൊരു കപ്പൽ കണ്ടെടുക്കുകയായിരുന്നു അയാൾ.
അയാൾ അപായമണി മുഴക്കി; ചെറിയ ഒച്ചയോടെ
കുമിളകൾ പൊങ്ങിവന്നു  – അന്നേരംതന്നെ
ഒന്നാമൻ ചോദിച്ചു 'അവൻ മുങ്ങിപ്പോയോ?;
രണ്ടാമൻ പറഞ്ഞു: 'അവൻ മുങ്ങി'
കടലിന്നടിത്തട്ടിൽ നിന്നും മൂന്നാമൻ
നിസ്സഹായനായി അവരെ നോക്കി, മുങ്ങിപ്പോയ
മനുഷ്യർക്കു നേരെയൊരാൾ നോക്കാറുള്ള അതേനോട്ടം.

'The Third One' from Yannis Ritsos: Selected Poems