എന്താണ് തിരയേണ്ടത്?

Friday, 5 June 2020

ശിശിരകാലരാത്രി — റ്റൊമാസ് ട്രാൻസ്ട്രോമർ

നൊബേൽ പ്രൈസ് ജേതാവായ സ്വീഡിഷ് കവി റ്റൊമാസ് ട്രാൻസ്ട്രോമറുടെ A Winter Night എന്ന കവിതയുടെ മലയാള പാഠാന്തരം
റ്റൊമാസ് ട്രാൻസ്ട്രോമർ
റ്റൊമാസ് ട്രാൻസ്ട്രോമർ

കൊടുങ്കാറ്റ് ഒരീണത്തിനായി
വീടിനോടു ചുണ്ടുചേർത്തൂതുന്നു.
തിരിഞ്ഞുംമറിഞ്ഞും കിടക്കുന്ന ഞാൻ
കണ്ണടച്ച്, കൊടുങ്കാറ്റിനെ വായിക്കുന്നു.

കുഞ്ഞിന്റെ കണ്ണുകൾ ഇരുട്ടിൽ വിടരുന്നു
കാറ്റോ കുഞ്ഞിനായി മൂളുന്നു.
ഇരുവർക്കും ഉലയുന്ന നാളങ്ങളോട് പ്രിയം
ഇരുവരും ഭാഷയിലേക്കുള്ള പാതിവഴിയിൽ.

കാറ്റിന് കുഞ്ഞിന്റേതുപോലുള്ള കൈകൾ, ചിറകുകൾ.
അഭയം തേടിയാളുകൾ മറ്റൊരിടം തേടിപ്പോകുന്നു.
ചുവരുകളെ ചേർത്തുപിടിച്ച് വീട്
അതിന്റെതന്നെ ലോകം കണ്ടെത്തുന്നു.

നമ്മുടെ മുറിയിൽ രാത്രി ശാന്തമാണ്.
തടാകത്തിൽ മുങ്ങിക്കിടക്കുന്ന ഇലകളെ പോലെ
പോയകാലടികളെല്ലാം ഇവിടെ അടക്കപ്പെട്ടിരിക്കുന്നു.
പുറത്ത് രാത്രി ക്ഷോഭിച്ചിരിക്കുന്നു.

ലോകത്തിനു മുകളിലൂടെ ഒരു മരണക്കാറ്റ് വീശുകയാണ്.
ഒരീണത്തിനായി അതതിന്റെ ചുണ്ട്
നമ്മുടെ ആത്മാവിനോട് ചേർത്തൂതുന്നു, അകം
പൊള്ളയായി പോകുമോയെന്ന് നാം ഭയക്കുന്നു.

'A Winter Night' by Tomas Tranströmer (1931-2015)

കവിതകൾ →

കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിന്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

തരം