![]() |
Gloria Fuertes |
കിളികൾ കൂടുവെക്കുന്നു
എന്റെ കൈകളിൽ, തോളിൽ, മുട്ടിനു പിന്നിൽ.
എന്റെ മുലകൾക്കിടയിൽ കാടകൾ,
ഞാനൊരു മരമാണെന്നു അവർ കരുതുകയാകണം.
ഞാനൊരു നീരുറവയെന്നു അരയന്നങ്ങൾ കരുതുന്നു
ഞാൻ സംസാരിക്കുമ്പോൾ
അവ താഴേക്കു വരുന്നു, കുടിക്കുന്നു.
ചെമ്മരിയാടുകൾ കടന്നുപോകുമ്പോൾ,
അവ എനിക്കു മുകളിലൂടെ പോകുന്നു.
എന്റെ വിരലുകൾ കിളികളിരിക്കും ചില്ലയാകുന്നു,
കുരുവികളിരുന്ന് കഴിക്കുന്നു.
ഉറുമ്പുകൾക്കു ഞാൻ മണ്ണാകുന്നു,
ആണുങ്ങളാകട്ടെ ഞാൻ ഒന്നുമല്ലെന്നു കരുതുന്നു.
ഗ്ലോറിയ ഫുവെർടെസ് (1917-1998): സ്പാനിഷ് കവി, ബാലസാഹിത്യകാരി.