![]() |
Georg Trakl |
ഉപേക്ഷിക്കപ്പെട്ട മുറികളിലൂടെ
കടന്നുപോകുന്നൊരെന്നെ ഞാൻ കണ്ടു.
നീലിച്ചവാനിൽ താരകങ്ങൾ മിന്നി.
തുറസ്സിൽ ഏകാന്തരാം പട്ടികൾ ഓരിയിട്ടു.
മരങ്ങൾക്കുച്ചിയിലൂടെ കാറ്റ് അലയടിച്ചു.
പൊടുന്നനെ നിശബ്ദത! പനിച്ചൂടിനാൽ
എന്റെ വായിൽ വിഷപ്പൂക്കൾ പൂക്കുന്നു.
ഒരു മുറിവിൽ നിന്നെന്നപോലെ
ചില്ലകളിൽ നിന്നും മഞ്ഞ് ഇറ്റുവീഴുന്നു.
വിളറിമങ്ങി അതിന്റെ വീഴ്ച, രക്തമിറ്റുംപോലെ.
കണ്ണാടിയുടെ കബളിപ്പിക്കും ശൂന്യതയിൽ
ഇരുട്ടിനും ഭയത്തിനും മേൽ അവ്യക്തമായി
സാവധാനത്തിൽ ഒരു മുഖം വെളിപ്പെടുന്നു:
കായേൻ!
വെൽവെറ്റ് കർട്ടന്റെ മർമ്മരം,
ശൂന്യതയിലേക്കെന്ന പോലെ ജനലിലൂടെ
ഉറ്റുനോക്കുന്നു നിലാവ്. അവിടെ
ഞാനെന്റെ കൊലയാളിക്കൊപ്പം, തനിച്ച്.
ഗിയോർഗ് ട്രാക്ക്ൾ (Georg Trakl 1887-1914): ഓസ്ട്രിയൻ കവി. എക്സ്പ്രഷനിസ്റ്റുകവികളിൽ പ്രധാനി.