നിഷേധിക്കല്‍ — ജോര്‍ജ് സെഫെരിസ്

ജോര്‍ജ് സെഫെരിസ്
ജോര്‍ജ് സെഫെരിസ്

നിഗൂഢവും പ്രാവിനെപ്പോലെ
വെളുത്തതുമായ കടലോരത്ത്
നട്ടുച്ചയ്ക്ക് നാം ദാഹിച്ചുവലഞ്ഞു;
വെള്ളം ഉപ്പുകലർന്നതായിരുന്നു.

പൊന്നിന്റെ നിറമുള്ള മണലിൽ
നമ്മൾ അവളുടെ പേരെഴുതി;
എന്നാൽ കടൽക്കാറ്റ് വീശി,
എഴുത്ത് മാഞ്ഞുപോയി.

എത്ര ഉത്സാഹത്തോടെ, സ്നേഹത്തോടെ,
ആസക്തിയോടെ, കൊതിയോടെ
ജീവിച്ചു നാം നമ്മുടെ ജീവിതം: തെറ്റായിപ്പോയി!
അങ്ങനെ, ജീവിതം നമ്മൾ മറ്റൊരുവിധമാക്കി.

ജോര്‍ജ് സെഫെരിസ് (1900-1971): ഗ്രീക്ക് കവിയും നയതന്ത്രജ്ഞനും. 1963ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവ്.1931ൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരമായ Turning Point (Στροφή)-ൽ ഉൾപ്പെടുന്ന കവിതയാണിത്. 1967ൽ നിലവിലെ സർക്കാറിനെ അട്ടിമറിച്ച് വലതുപക്ഷം അധികാരത്തിലെത്തിയതിനെ തുടർന്ന് സെഫെരിസിന് നിർബന്ധിത ഏകാന്തവാസത്തിലേക്കു പോകേണ്ടിവന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടു. 1971ൽ സെഫെരിസിന്റെ വിലാപയാത്രയിൽ ആൾക്കൂട്ടം ഈ കവിത ആലപിച്ചാണ് ഭരണകൂടത്തോടുള്ള തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. എഡ്മണ്ട് കീലിയുടെയും ഫിലിപ്പ് ഷറാഡിന്റെയും ഇംഗ്ലീഷ് പരിഭാഷയാണ് മലയാള പരിഭാഷക്ക് അവലംബം.

പുതിയ എഴുത്തുകൾ

കവിതകൾ

പരിഭാഷകൾ

കവികൾ

കവിതാവിഷയങ്ങൾ