![]() |
ഗുന്തർ എയ്ച്ച് |
ഇതെന്റെ തൊപ്പി,
ഇതെന്റെ കുപ്പായം,
സഞ്ചിയിലിരിക്കുന്നത്
എന്റെ ഷേവിംഗ് കിറ്റ്.
ഈ തകിടുപാത്രം
എന്റെ പ്ലേറ്റും ഗ്ലാസ്സുമാണ്,
അതിന്മേൽ ഞാൻ എന്റെ പേര്
ചുരണ്ടിവെച്ചിരിക്കുന്നു.
മോഷ്ടിക്കുന്നവരുടെ
കണ്ണിൽപ്പെടാതെ സൂക്ഷിച്ചുവെച്ച
ആണികൊണ്ടാണ് ഞാനതിൽ
എന്റെ പേരെഴുതിയത്.
എന്റെ ആഹാരസഞ്ചിയിൽ
ഒരുജോഡി കാലുറകളും
ആരും കാണാതെ ഞാൻ
കരുതിവെച്ച സാധനങ്ങളുമുണ്ട്.
രാത്രികളിൽ
അതെന്റെ തലയണ,
ഈ കട്ടിയുള്ള കടലാസ്സ്
തറയിൽ വിരിച്ചു ഞാനുറങ്ങുന്നു.
ഈ മുറിപ്പെൻസിലിനോടാണ്
എനിക്കേറെ പ്രിയം;
രാത്രി എന്നിലേക്കുവരുന്ന വരികൾ
പകലിൽ അവ എഴുതിവെക്കുന്നു.
ഇതാണെന്റെ നോട്ട്ബുക്ക്:
ഇതെന്റെ മഴക്കോട്ട്,
ഇതെന്റെ തോർത്ത്,
ഇതെന്റെ നൂൽ.
ഗുന്തർ എയ്ച്ച് (Günter Eich, 1907 – 1972): ജർമ്മൻ കവി. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. 1945ൽ യുദ്ധത്തടവുകാരനായി കഴിയുന്ന സമയത്താണ് Inventur (Inventory) എന്ന ഈ കവിത അദ്ദേഹം എഴുതുന്നത്. മൈക്കൾ ഓഫ്മാൻ പരിഭാഷപ്പെടുത്തിയ, ഗുന്തർ എയ്ച്ചിന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരമായ Angina Days എന്ന പുസ്തകത്തിലെ ഇംഗ്ലീഷ് പരിഭാഷയെ ആശ്രയിച്ചുള്ള മലയാള പരിഭാഷയാണിത്.