ആ രാത്രി — സി.പി കവാഫി

സി.പി കവാഫി
സി.പി കവാഫി

വശക്കേടു പിടിച്ച മദ്യശാലക്ക് മുകളിൽ
പഴകി വൃത്തികെട്ടു കിടന്ന മുറി.
ഇടുങ്ങിയതും വെടിപ്പില്ലാത്തതുമായ
ഊടുവഴിയിലേക്കായിരുന്നു
അതിന്റെ ജനൽ തുറന്നിരുന്നത്.
താഴെ നിന്നും ചീട്ടുകളിക്കാരും കുടിയന്മാരുമായ
തൊഴിലാളികളുടെ ശബ്ദം കേൾക്കാമായിരുന്നു. 

അവിടെ, മുഷിഞ്ഞ കിടക്കയിൽ
പ്രേമത്തിന്റെ ശരീരത്തെ ഞാൻ സ്വന്തമാക്കി,
ആ ചുണ്ടുകൾ— പനിനീർചുവപ്പാർന്ന
കാമാതുരമായ ചുണ്ടുകൾ
എന്നെ ലഹരിപിടിപ്പിച്ചു, ഇപ്പോൾ പോലും
ഇതെഴുതുമ്പോൾ, വർഷങ്ങൾക്ക് ശേഷവും,
തനിച്ചു കഴിയുന്ന ഈ വീട്ടിൽ,
ഞാൻ അതിനാൽ ഉന്മത്തനാകുന്നു.

കോൺസ്റ്റാന്റിൻ പീറ്റർ കവാഫി (1863-1933): ഗ്രീക്ക് കവി. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ 1863 ഏപ്രിൽ 29നായിരുന്നു കവാഫിയുടെ ജനനം. ഒമ്പത് മുതൽ പതിനാറാം വയസ്സ് വരെ ഇംഗ്ലണ്ടിൽ കഴിഞ്ഞ കവാഫി, പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലും ഫ്രാൻസിലും കുറച്ചുകാലം ജീവിച്ചു. 1885ൽ അലകസാൻഡ്രിയയിൽ തിരിച്ചെത്തി. അവിടെ ജലസേചന വകുപ്പിൽ ജീവനക്കാരനായി. ഇക്കാലത്താണ് കവിതയെഴുത്തിൽ സജീവമായത്. പരിചയക്കാർക്കിടയിൽ കവിതകൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു എന്നതൊഴിച്ചാൽ, തന്റെ ജീവിതകാലയളവിൽ വില്പനയ്ക്കായി കവിതാസമാഹാരങ്ങൾ ഒന്നും അദ്ദേഹം പുറത്തിറക്കിയിരുന്നില്ല. ഒരു പൂർണ്ണതാവാദിയായിരുന്ന കവാഫി, തന്റെ ജീവിതകാലമത്രയും മിക്ക കവിതകളും തിരുത്തിയെഴുതിയിരുന്നു. 1933 ഏപ്രിൽ 29ന് മരണപ്പെടുമ്പോൾ 154 കവിതകൾ മാത്രമാണ് എഴുതി പൂർത്തിയാക്കിയ മട്ടിൽ ഉണ്ടായിരുന്നത്. ജീവിച്ച കാലത്ത് ആഘോഷിക്കപ്പെട്ടില്ല, പിൽക്കാല കവികളാൽ അനുകരിക്കപ്പെടുന്നതിന്റെ കണക്കാണ് മാനദണ്ഡമെങ്കിൽ കവാഫി എക്കാലത്തെയും വലിയ കവികളിൽ ഒരാളാണ്.

പുതിയ എഴുത്തുകൾ

കവിതകൾ

പരിഭാഷകൾ

കവികൾ

കവിതാവിഷയങ്ങൾ