എന്താണ് തിരയേണ്ടത്?

Friday, 17 July 2020

കവിതയുടെ ഘടന: ഒരു കാഴ്ചപ്പാട്

കവിതയുടെ പ്രമേയം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ കവിതയുടെ ഘടനയെ വിലയിരുത്തുന്നു
കവിതയുടെ ഘടന

ഗദ്യം, പദ്യം എന്നീ രണ്ടു സാഹിത്യരൂപങ്ങളുള്ളതിൽ പദ്യരൂപത്തിനെ കവിത എന്നു പറയുന്നതായിരുന്നു നമ്മുടെ പഴയസങ്കൽപ്പം. എന്നാൽ ശബ്ദാലങ്കാരവും വൃത്താലങ്കാരവും അർത്ഥാലങ്കാരവും യോജിച്ചു നില്ക്കുന്ന ആശയാവിഷ്കാരമാണ് കവിതയെന്ന സങ്കൽപ്പത്തിൽ കാലാനുസൃതമായ ചില മാറ്റങ്ങൾ ഉണ്ടായിരിക്കുന്ന ഈ സാഹചര്യത്തിൽ, പ്രത്യേകിച്ച് വൃത്താലങ്കാരത്തിന്റെ പ്രാധാന്യം കുറഞ്ഞതിനാൽ കവിതയുടെ രൂപത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളിലും ചില മാറ്റങ്ങൾ ആവശ്യമായിരിക്കുന്നു. വൃത്തവുമായി അല്ലെങ്കിൽ സംഗീതവുമായി ബന്ധപ്പെട്ടു രൂപപ്പെടുന്ന ഒന്നിനെ കവിതയുടെ രൂപമെന്നു പൊതുവെ വിളിക്കപ്പെട്ടിരുന്നു. ഏതാണ്ട് സമാനമായ അർത്ഥത്തിൽ തന്നെയാണ് കവിതയുടെ ഘടനയെയും പലരും മനസ്സിലാക്കിയത്. ഗദ്യകവിതകൾ കൂടുതൽ പ്രചാരത്തിലായ സമീപകാലത്തെ പരിഗണിക്കുമ്പോൾ കവിതയുടെ രൂപവും (form), ഘടനയും (structure) ഒന്നല്ലെന്നും ഇവ തമ്മിൽ വ്യത്യാസമുണ്ടെന്നും മനസ്സിലാകും. വൃത്തമൊപ്പിച്ചെഴുതിയ കവിതകളിൽ, ഓരോ വൃത്തത്തിനും എഴുതപ്പെടുന്ന താളുകളിൽ ഏകീകൃതമായ ഒരു രൂപമുണ്ട്. എന്നാൽ ഗദ്യകവിതയുടെ കാര്യത്തിൽ ഇങ്ങനെ എഴുതപ്പെടുന്ന താളിലോ സ്ക്രീനിലോ ഏകീകൃതമായ ഒരു രൂപം കാണുക പൊതുവെ സാധ്യമല്ല. വരിമുറിച്ചെഴുതുന്ന ഗദ്യകവിത, വരിമുറിക്കാതെ എഴുതുന്ന ഗദ്യകവിത എന്നു വേണമെങ്കിൽ അവയുടെ താളിലെ/സ്ക്രീനിലെ രൂപത്തെ അടിസ്ഥാനമാക്കി വേർതിരിവ് ആകാം.

വൃത്തവുമായി ബന്ധപ്പെട്ട നിബന്ധനകളാൽ ഉടലെടുക്കുന്ന രൂപത്തെയല്ല ഈ കുറിപ്പിൽ ഘടന എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. മറിച്ച് കവിതയുടെ പ്രമേയം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതിനെയാണ്. അതായത് ഘടനയ്ക്ക് സ്ക്രീനിലോ താളിലോ കവിതയ്ക്കു ഉണ്ടാകുന്ന രൂപവുമായി കാര്യമായ ബന്ധം ഉണ്ടാകണം എന്നില്ല. അതേസമയം അർത്ഥലങ്കാരങ്ങളുമായി കൂടുതൽ ബന്ധം കാണുകയും ചെയ്യും. ഒരു കവിത വായിക്കുമ്പോൾ അതിന്റെ വിഷയം എന്തെന്നു നിങ്ങൾ ചിന്തിക്കും – അത് പ്രണയമാകാം, വേദനയാകാം, പ്രതീക്ഷയാകാം, മരണമാകാം അങ്ങനെ എന്തുമാകാം. വൃത്തത്തിൽ എഴുതിയത് ആണെങ്കിൽ രൂപത്തിന്റെ അടിസ്ഥാനത്തിൽ വൃത്തമേതെന്നും നോക്കും. ഗദ്യകവിതയാണെങ്കിൽ ഇത് നോക്കുകയുമില്ല. എന്നാൽ നമ്മളിൽ പലരും ആ കവിതയുടെ ആഖ്യാനപരമായ ഒഴുക്കും ആ ഒഴുക്കിനിടയിലെ തിരിവുകളെയും പറ്റി ആലോചിച്ചെന്നു വരില്ല. ആ ഒഴുക്കിനെയും തിരിവുകളെയുമാണ് ഘടന എന്നതുകൊണ്ട് ഈ കുറിപ്പിൽ അർത്ഥമാക്കുന്നത്.

ജോർജിയ റിവ്യൂവിൽ എഴുതിയ ലേഖനത്തിൽ അമേരിക്കൻ കവി റാന്ദൽ ജറൽ ഇങ്ങനെ പറയുന്നു: ഒരു മികച്ച കവിത ഒരിടത്തു നിന്നും തുടങ്ങി തികച്ചും വ്യത്യസ്തമായ മറ്റൊരിടത്ത് അവസാനിച്ചേക്കാം. എന്നാൽ ആ കവിതയുടെ ആദിമദ്ധ്യാന്തമുള്ള പൊരുത്തം വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള പൊരുത്തം സാധ്യമാക്കാൻ നമുക്ക് പ്രയോഗിക്കാവുന്ന നിരവധി ഘടനകളുണ്ടെന്നു ജറൽ പറയുന്നു. കവിതയിൽ അവയുടെ പ്രധാന കാവ്യഗുണമെന്നത് ഇത്തരം പറച്ചിലിനിടയിലെ തിരിവുകൾ (turns) ആണെന്നു  Structure & Surprise: Engaging Poetic Turns എന്ന പുസ്തകത്തിലും ഇതിനു അനുബന്ധമായി തുടങ്ങിയ ബ്ലോഗിലും മൈക്കൾ ത്യൂൻ ചൂണ്ടിക്കാണിക്കുന്നു. ത്യൂൻ ചില ഘടനകളെ ആ ഘടനയിൽ എഴുതപ്പെട്ട കവിതകളെ മുൻനിർത്തി അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം മുന്നോട്ടുവെക്കുന്ന ഘടനകളിൽ മലയാളകവിതയിൽ നിന്നും നമുക്ക് ഉദാഹരണങ്ങൾ കണ്ടെത്താനാകും. അതേസമയം ഈ ഘടനകൾ മാത്രമല്ല കവിതയ്ക്കു സങ്കീർണ്ണമായ മറ്റു ഘടനകളോ അതല്ലെങ്കിൽ ഒന്നിലധികം ഘടനങ്ങൾ ചേർന്നുണ്ടാകുന്ന ഘടനകളും സാധ്യമാണ്. കവിതയുടെ രചനാതന്ത്രത്തെക്കുറിച്ചും പ്രമേയത്തിനു ഏറ്റവും അനുയോജ്യമായ ഘടനകളെ കുറിച്ചും ആലോചന നടത്തുന്ന കവികൾക്കു ഉപയോഗപ്രദമായ ഒരു കാഴ്ചപ്പാട് ആണ് മൈക്കൾ ത്യൂൻ മുന്നോട്ടുവെക്കുന്നത്. കവിതയുടെ തിരിവുകൾ അടിസ്ഥാനമാക്കി പലതരത്തിലുള്ള ഘടനകളെ കണ്ടെത്താൻ നമുക്കാകും. അതുവഴി കവിതകളെ തരം തിരിക്കാനും. ചില ഘടനകൾ നോക്കാം:

ചാക്രികഘടന: ഒരിടത്തു നിന്നും തുടങ്ങി അതേ ഇടത്തേക്കു തന്നെ തിരിച്ചെത്തുന്ന കവിതകൾ. ഇത്തരം കവിതകളുടെ പ്രത്യേകതയെന്നതു അവയുടെ പ്രമേയം പലപ്പോഴും ഒരു മാറ്റത്തിലൂടെ കടന്നുപോയി പൂർവ്വസ്ഥിതിയിലേക്കു എത്തുന്നതാകും. എന്നാൽ പൂർണ്ണാർത്ഥത്തിൽ ആദ്യത്തെ സ്ഥിതിയിലേക്കു ആകണം എന്നില്ല അവസാനം തിരിച്ചെത്തുന്നത്.

വിശദീകരണ-നീതിവാക്യ ഘടന: ഈ ഘടനയിലുള്ള കവിതകൾക്കു രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. ഒരു വസ്തുവിനെയോ കാര്യത്തെയോ സന്ദർഭത്തെയോ കുറിച്ച് വിശദീകരണം നൽകുന്ന ആദ്യഭാഗവും ഇതിൽ നിന്നുമെത്തുന്ന നിഗമനമായോ ധ്യാനമായോ കണക്കാക്കാവുന്ന രണ്ടാമത്തെ ഭാഗവും. വായനക്കാരന്റെ ചിന്തയേയോ ഭാവനയേയോ വികാരത്തെയോ പൊടുന്നനെ ഒരു തിരിവിലൂടെ ഉണർത്താൻ സാധിക്കുന്ന രണ്ടാമത്തെ ഭാഗമാണ് ഈ ഘടനയുള്ള കവിതകളിൽ കാവ്യാനുഭവം സാധ്യമാക്കുന്നത്.

രൂപക-അർത്ഥ ഘടന: രണ്ട് ഭാഗങ്ങളുള്ള ഈ ഘടനയിൽ ഒരു കാര്യത്തെയോ സന്ദർഭത്തെയോ സൂചിപ്പിക്കുന്ന രൂപകമോ രൂപകവർണ്ണനയോ ആയിരിക്കും ആദ്യഭാഗത്ത്. രണ്ടാം ഭാഗത്ത് രൂപകം എന്തിനെയാണോ അർത്ഥമാക്കുന്നത് അതിലേക്കുള്ള സൂചനയും. ചിലപ്പോൾ ഒരു കടങ്കഥയുടെ സ്വഭാവം ഈ ഘടനയിലുള്ള കവിതകൾക്കു ഉണ്ടാകും.

താരതമ്യഘടന: ഒന്നിലധികം സന്ദർഭങ്ങളെയോ കാര്യങ്ങളെയോ പരസ്പരബന്ധം നേരിട്ടു വ്യക്തമാക്കാതെ ചേർത്തുവെച്ച രീതിയിൽ ആയിരിക്കും ഇത്തരം കവിതകളുടെ ഘടന. അവയുടെ പരസ്പരബന്ധം കണ്ടെത്താനുള്ള ആലോചനയിൽ നിന്നുമാണ് വായിക്കുന്നയാളിൽ കാവ്യാനുഭവം സാധ്യമാകുന്നത്.

ചോദ്യോത്തരഘടന: ചോദ്യങ്ങളും ഉത്തരങ്ങളുമായി വികസിച്ചു വരുന്ന കവിതകൾ. ഇത്തരം കവിതകളിൽ ഓരോ ചോദ്യവും ഉത്തരത്തിലേക്കു തിരിയുന്നിടത്ത് കാവ്യാനുഭവം സാധ്യമാകുന്നു.

പെട്ടെന്നു ഓർമ്മയിൽ വന്ന ചില ഘടനകളെ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. കവിതകൾ കൂടുതലായി വായിക്കുന്നത് വഴി ഇത്തരത്തിൽ നിരവധി ഘടനകൾ നമുക്ക് കണ്ടെത്താനാകും. മേൽപ്പറഞ്ഞ ലളിതമായ ഘടനകൾ മാത്രമല്ല സങ്കീർണ്ണമായ ഘടനകളും ഒന്നിലധികം ഘടനങ്ങൾ ചേർന്നുണ്ടാകുന്ന ഘടനകളും വിഷയത്തിന്റെയും പറച്ചിൽരീതിയുടെയും ആവശ്യാനുസരണം ഓരോ കവിയ്ക്കും തിരഞ്ഞെടുക്കാനും സൃഷ്ടിച്ചെടുക്കാനും സാധിക്കും. ഓരോ കവിത വായിക്കുമ്പോഴും അതിൽ എന്താണ് കാവ്യാനുഭവം സാധ്യമാക്കിയത് എന്ന് ആലോചിക്കുന്നതിനൊപ്പം എങ്ങനെയാണ് കാവ്യാനുഭവം സാധ്യമായിരിക്കുന്നത് എന്ന ആലോചന ഉണ്ടാകുന്നിടത്ത് ഓരോ കവിതാവായനക്കാരനും കവിതയുടെ ഘടന തിരിച്ചറിയും. ഇങ്ങനൊരു വായന കവിയായ ഒരാൾക്കു എഴുത്തിൽ ഗുണപ്രദമാകാം.
Share:  

കവിതകൾ →

തരം

Copyright © Sujeesh