എന്താണ് തിരയേണ്ടത്?

Friday, 7 August 2020

ഈ വഴി പോകുമ്പോൾ

സുജീഷിന്റെ കവിത | മലയാളകവിത
സുജീഷിന്റെ കവിത

കാഴ്ചകളെ ഇരുവശത്തേക്കും
തള്ളിനീക്കി പിന്നിലാക്കി
കുതിച്ചുപായുന്നു കാറ്.

സൈഡ്മിറർവഴി കാണാം:
  നടന്നുനടന്നു വിണ്ടുകീറിയ
  പാദങ്ങളുമായി നിന്നുപോയവരെ,
  റോഡുമുറിച്ചുകടക്കാനാകാതെ
  നോക്കിനിൽക്കുന്നവരെ,
  കുടിയൊഴിപ്പിച്ച കാട്ടിൽനിന്നും
  പോകാതെനിന്നുതനിച്ചായ മരങ്ങളെ,
  വണ്ടിയിടിച്ചുചത്ത ജന്തുവിനെ തിന്നാൻ
  കടിപിടികൂടും പട്ടികളെ, കാക്കകളെ.

കൺമുന്നിൽ തടയുന്നതിനെയെല്ലാം
നീക്കംചെയ്യുന്നുണ്ട്
വൈപ്പർ.

അറ്റമുണ്ടോയെന്നറിയാതെ
നീണ്ടുകിടക്കുന്നു പാത.

(മാധ്യമം ആഴ്ചപ്പതിപ്പ്)
Share:  

കവിതകൾ →

തരം

Copyright © Sujeesh