എന്താണ് തിരയേണ്ടത്?

Saturday, 15 August 2020

സമീപകാല കവിത: ചില നിരീക്ഷണങ്ങൾ

എറണാകുളം മഹാരാജാസ് കോളെജിലെ മലയാളവിഭാഗം സംഘടിപ്പിച്ച വെബിനാറിൽ സമീപകാലകവിതയിലെ ഉള്ളടക്കപരമായ സവിശേഷതകളെ സംബന്ധിച്ച് നടത്തിയ പ്രഭാഷണത്തിന്റെ ലിഖിതരൂപം.
സുജീഷ് പ്രഭാഷണം

സമീപകാല കവിതയിലെ, പ്രത്യേകിച്ച് മലയാള കവിതയിലെ, ഉള്ളടക്കപരമായ സവിശേഷതകളെ സംബന്ധിച്ച ചില നിരീക്ഷണങ്ങൾ പങ്കുവെക്കാനാണ് ആഗ്രഹിക്കുന്നത്. നമുക്കെല്ലാം അറിയുന്നതുപോലെ ഇക്കാലത്ത് കൂടുതലായും ഗദ്യത്തിലാണു കവിതകൾ എഴുതപ്പെടുന്നത്. അതിനാൽതന്നെ എന്താണു ഒരു എഴുത്തിനെ കവിതയാക്കി മാറ്റുന്നത് എന്ന ചിന്തയിൽ നിന്നുതന്നെ തുടങ്ങാം. ഫ്രെഞ്ച് കവി പോൾ വലേരിയുടെ അഭിപ്രായത്തിൽ ഭാഷയ്ക്കുള്ളിലെ മറ്റൊരു ഭാഷയാണ് കവിത. കാവ്യാത്മകമായ മാനസ്സികാവസ്ഥയിലേക്കു നമ്മെ നയിക്കുന്നതെന്തും കവിതയാണെന്നു വലേരി പറയുന്നു.  എല്ലാ കാലത്തെയും എല്ലാ രൂപത്തിലുള്ളതുമായ കവിതകളെ പരിഗണിക്കുമ്പോഴും എഴുത്തുരൂപത്തിൽ മാത്രമല്ല കവിതകൾ ആവിഷ്കരിക്കപ്പെടുന്നത് എന്നതുകൂടി കണക്കിലെടുക്കുമ്പോഴും നമുക്ക് യോജിക്കാവുന്ന ഒരു നിരീക്ഷണം കൂടിയാണിത്.

എന്തിനാണു നമ്മൾ കവിതകൾ വായിക്കുന്നത് എന്നതാണു മറ്റൊരു വിഷയം. അമേരിക്കൻ കവി വാലസ് സ്റ്റീവൻസിന്റെ അഭിപ്രായത്തിൽ മനുഷ്യനെ ജീവിക്കാൻ സഹായിക്കുകയാണ് കവിയുടെ കർത്തവ്യം. മനുഷ്യൻ ഇന്നോളം നേടിയിട്ടുള്ളതെല്ലാം അവന്റെ ഭാവന ഉപയോഗിച്ചുകൊണ്ട് കൂടിയാണ്. ആ ഭാവനയെ ഉണർത്തുകയെന്നത്, സംരക്ഷിച്ചുവെക്കുകയെന്നത് കവിതയിലൂടെ സാധിക്കുന്ന പ്രധാന കാര്യമാണ്. ലോകത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ കവിത സഹായിക്കുന്നു. അതോടൊപ്പം വ്യവഹാരഭാഷയെ കവിത പുതുക്കാനും കവിതയ്ക്കാകുന്നു.

നഗ്നകവിതയും സമീപകവിതയും

മലയാളത്തിൽ വളരെ പോപ്പുലർ ആയ ചില കവിതാധാരകളിൽ നിന്നുതന്നെ സമീപകാലകവിതയിലെ പുതിയ പ്രവണതകളെക്കുറിച്ചു സംസാരിച്ചു തുടങ്ങാമെന്നു തോന്നുന്നു. മുരുകൻ കാട്ടാക്കടയെ പോലെയുള്ള ചൊൽകവികൾ കഴിഞ്ഞാൽ പിന്നെ മലയാളത്തിൽ കൂടുതൽ പ്രചാരത്തിലുള്ള ഒരു കവിതാധാര കുരീപ്പുഴ ശ്രീകുമാർ നഗ്നകവിത എന്നുവിളിക്കുന്ന തരം കവിതകളാണ്. എന്തുകൊണ്ടായിരിക്കും ഈ കവിതകൾക്കു ഇത്രയും ജനപ്രീതി ലഭിക്കുന്നത് എന്നു ഞാൻ ഇടയ്ക്ക് ആലോചിച്ചിട്ടുണ്ട്.

എനിക്കു തോന്നിയ രണ്ട് കാരണങ്ങൾ
  • അവ കവിത വായിച്ചു ശീലമില്ലാത്തവർക്കു വരെ പിടികിട്ടുന്നു
  • അനുകരിക്കാൻ എളുപ്പം

ഒരു നഗ്നകവിത:

മതപ്രസംഗം
- കുരീപ്പുഴ ശ്രീകുമാർ

കബ്യുട്ടര്‍ അണച്ച്
മിക്സിയില്‍നിന്നും പകര്‍ന്നു-
ഫ്രിഡ്ജില്‍ സുക്ഷിച്ച
പഴച്ചാര്‍ നുണഞ്ഞു
യന്ത്രത്തില്‍ തുന്നിയെടുത്ത
കുപ്പായമിട്ട്
മതപ്രസംഗകന്‍
വൈദ്യുതി വിളക്കിന്‍റെ ചോട്ടില്‍
മൈക്കിനു പുറകില്‍ നിന്ന്
ശാസ്ത്രത്തിനെതിരെ
സംസാരിച്ചുതുടങ്ങി.

ഇതിൽ എന്താണു കാാവ്യാനുഭവം തരുന്നതെന്നു നോക്കാം. ഇതൊരു പാരഡോക്സ് ആണ്. ശാസ്ത്രത്തെ ഉപയോഗിക്കുന്ന ഒരാൾ അതിനെതിരെ സംസാരിക്കുന്നു. ഈ ഘടനയാണ് സമകാലീന കവിതയിലെ വളരെ പോപ്പുലർ ആയ മിക്ക കവിതകൾക്കും എന്നു കാണാം. കവിത പറഞ്ഞുപോകുന്നതിലെ ഒഴുക്കും ആ ഒഴുക്കിനിടയിലെ തിരിവുകളുമാണ് കവിതയുടെ ഘടന എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. മൈക്കൾ ത്യൂൻ Structure & Surprise എന്ന പുസ്തകത്തിൽ ഇതേപ്പറ്റി വിശദമായി പറയുന്നുണ്ട്. പല ഘടനകൾ ഉള്ളതിൽ കൂടുതൽ ആളുകൾ എടുത്തുപയോഗിക്കുന്ന ഘടനയിൽ ഒന്നു മാത്രമാണിത്. ഇവിടത്തെ ടേണിംഗ് പോയന്റ് പാരഡോക്സ് ആണ്. സച്ചിദാനന്ദന്റെ ഭ്രാന്തന്മാർ എന്ന കവിതയ്ക്കും ഇതേ ഘടനയാണ്. അവിടെയാകാട്ടെ ‘ഭ്രാന്തന്മാർ നമ്മെ പോലെ ഭ്രാന്തന്മാരല്ല’ എന്ന മെഡിറ്റേഷൻ ആണ് കാവ്യാനുഭവം നൽകുന്നത്. ഈ വരിയുടെ ആഘാതം ശക്തമാക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കുകയാണ് മുൻവരികളെല്ലാം.
കവിതാബ്ലോഗുകളിൽ തുടങ്ങി ഇന്ന് ഫേസ്ബുക്കിൽ എത്തിനിൽക്കുന്ന മറ്റൊരു ധാരകൂടിയുണ്ട്. സമീപകവിത എന്ന് വിഷ്ണുപ്രസാദ് വിളിക്കുന്ന ആ ധാരയിൽ എഴുതപ്പെടുന്ന കവിതകൾക്കു നഗ്നകവിതയുടേതായ പല ഗുണങ്ങളുമുണ്ട്. അതേസമയം അവ കുറേക്കൂടി പറച്ചിലിനു പ്രാധാന്യം നൽകുന്നവയാണ്. ഒരു കഥയായിതന്നെ വേണമെങ്കിൽ കരുതാവുന്ന കവിത. വിഷ്ണുപ്രസാദ് മുതൽ വിപിത വരെയുള്ളവർ ഈ ധാരയിൽ ഏറ്റവും പോപ്പുലർ ആയ കവികളാണ്. ഇവിടെയും ഞാൻ നേരത്തെ പറഞ്ഞ രീതിയിലുള്ള descriptive-meditation ഘടനയിലാണു കൂടുതൽ കവിതകളും എഴുതപ്പെടുന്നത് എന്നുകാണാം. ഈ കവിതകളുടെ മറ്റൊരു പൊതുസവിശേഷത വൈകാരികതയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നതാണ്.

പ്രാദേശികഭാഷകൾ / ഗോത്രഭാഷകൾ / മറ്റുഭാഷകളുടെ സ്വാധീനം

പ്രാദേശികഭാഷകൾ, സംസാരശൈലികൾ, ഗോത്രഭാഷകൾ ഒക്കെ മുമ്പ് ഇല്ലാത്തവിധത്തിൽ കൂടുതലായി മലയാളകവിതയിലേക്കു കടന്നുവരുന്നതും കാണാം. അതായത് വ്യവഹാരഭാഷയെ തന്നെ കവിതയുടെ ഭാഷയിലേക്കു കൊണ്ടുവരുന്നു. ഡി അനിൽകുമാർ, അശോകൻ മറയൂർ, ധന്യ വേങ്ങച്ചേരി, സുകുമാരന്‍ ചാലിഗദ്ദ തുടങ്ങി നിരവധി പേർ ഇത്തരത്തിൽ എഴുതുന്നവരാണ്. ഇത്തരം ഭാഷകളുടെ കടന്നുവരവ് എന്നത് അരിവുവത്കരിക്കപ്പെട്ട സംസ്കാരങ്ങളെയും ജീവിതത്തെയും കവിതയിൽ അടയാളപ്പെടുത്തൽ കൂടിയാണ്.
നമ്മൾ ഇന്ന് മറ്റു സംസ്കാരങ്ങളും ഭാഷകളുമായി കൂടുതൽ ഇടപഴകാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള ചില മാറ്റങ്ങളും കവിതയിൽ പ്രതിഫലിക്കുന്നുണ്ട്. അരുൺ പ്രസാദ് അടക്കമുള്ളവരുടെ കവിതയിൽ വൺ നൈറ്റ് സ്റ്റാൻഡ്, ഡേറ്റിംഗ്, ബ്രേക്കപ്പ് പാർട്ടി തുടങ്ങിയ കാര്യങ്ങളൊക്കെ പ്രമേയമാകുന്നതും ഇംഗ്ലീഷ് വാക്കുകളൊക്കെ ഉപയോഗിക്കുന്നതും ഇത്തരത്തിലാണ്. ക്രിസ്പിൻ ജോസഫിന്റെ കവിതയിൽ വെസ്റ്റേൺ സംഗീതവുമായും ജിപ്സി ലൈഫുമായും ബന്ധപ്പെട്ട ഇമേജറികൾ വരുന്നതും ഇതിനോട് ചേർത്തുകാണാം. ഇന്റർനെറ്റിന്റെ ലഭ്യത മറ്റു ലോകവുമായി നമ്മളെ ബന്ധപ്പെടുത്തുന്നതുപോലെ സമാന്തരമായൊരു പ്രതീതിലോകവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സൈബർ അനുഭവങ്ങളെ ആവിഷ്കരിക്കുന്ന കവിതകളും മലയാളത്തിൽ എഴുതപ്പെടുന്നു. അനൂപ് കെ.ആറിന്റെ സെവിഡോസെഡ്മോർ.കോം ഉദാഹരണം.

നേരത്തെ പറഞ്ഞതുപോലെ ഗോത്രഭാഷകളും നാടൻഭാഷാരീതികളും കവിതയിലേക്കു വന്നതുപോലെ, അത്തരം ഭാഷകളൊന്നും സ്വന്തമായിട്ടില്ലാത്ത ഒരു തലമുറ കൂടി ഇന്നുണ്ട്. ഈ ധാരകളിൽപ്പെടുന്ന കവികളിൽ മിക്കവരും പല ദേശങ്ങളിൽ അതിൽതന്നെ ചിലർ പല ഭാഷകളിൽ ജീവിക്കുന്നവരാണ്. ഈ രണ്ട് പ്രവണതകളും മലയാളഭാഷയുടെ വളർച്ചയ്ക്കു സഹായിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം. ഒരു ഭാഷയുടെ വളർച്ചയെന്നത് ആ ഭാഷക്കുള്ളിലെ വൈവിധ്യത്തെയും ഇതരഭാഷകളെയും ഉൾക്കൊള്ളാനുള്ള ശേഷികൂടിയാണല്ലോ.
ഇത് മലയാളകവിതയുടെ മാത്രം പ്രത്യേകതയല്ല. കുടിയേറ്റവും അഭയാർത്ഥിത്വവും രൂക്ഷമായതിനാൽ ലോകകവിതയിൽ ഈ പ്രവണത കൂടുതലായി കാണാം. വിയാറ്റ്നാമീസ് പാരമ്പര്യമുള്ള Ocean Vuong ഭാഷ പഠിച്ചുതുടങ്ങുന്ന പ്രായത്തിലാണു യുഎസിൽ എത്തുന്നത്. അദ്ദേഹം ഇംഗ്ലീഷിൽ എഴുതുന്നു. എന്നാൽ രണ്ട് സംസ്കാരങ്ങളുടെ കലർപ്പ് അവയിൽ പ്രകടവുമാണ്. രാഷ്ട്രീയപരമായ കാരണങ്ങളാൽ സ്വന്തം നാടുവിട്ടുപോകേണ്ടിവന്ന ബേ ദാവോയെ പോലെയുള്ള കവികളിലും ഇതുകാണാം.

യുക്തി

സമീപകവിതയിൽ വൈകാരികാംശം കൂടുതലാണെന്നു ഞാൻ പറഞ്ഞു. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു വഴി കൂടിയുണ്ട്. ടി.പി വിനോദിന്റെ- ഒക്കെ കവിതകൾ അത്തരത്തിലുള്ളതാണ്. ലാറ്റിനമേരിക്കൻ കവിയായ റോബർട്ടോ ഹുവാരോസിന്റെ vertical poetryയോടൊക്കെ ചേർത്തുനിർത്താവുന്ന ഒരു ധാരയാണത്. യുക്തിയ്ക്ക് വലിയ മാനങ്ങൾ നൽകുന്നതാണ് വിനോദിന്റെ കവിതകൾ. ആഴവും ഉയരവുമുള്ള തത്വവിചാരങ്ങൾ കവിതയാകുന്നു.  ശാസ്ത്രവിഷയങ്ങളെ കവിതയിലേക്കു കൊണ്ടുവന്ന മിരോസ്ലവ് ഹൊളുബിനെ ഒക്കെ ഇതോട് ചേർത്തുനിർത്തി കാണാം. അതായത് പൊതുവിൽ കവിതയ്ക്കു ചേർന്നതല്ലെന്നു കരുതുന്ന കാര്യങ്ങളെല്ലാം കവിതയായി മാറുന്നതിനും ഇക്കാലം സാക്ഷ്യം വഹിക്കുന്നുണ്ട്. പി. എൻ ഗോപീകൃഷ്ണന്റെ കവിതകൾ മറ്റൊരു ഉദാഹരണം.

വ്യക്തിയുടെ ചരിത്രം / രാഷ്ട്രീയം

സമീപകാലകവിത വ്യക്തിയുടെ ചരിത്രം കൂടുതലായി ആവിഷ്കരിക്കുന്നു. ഓരോ വ്യക്തിയ്ക്കും പലതരത്തിലുള്ള ഐഡന്റിറ്റികൾ ഉള്ളതിനാൽ അതിനു വലിയതോതിലുള്ള രാഷ്ട്രീയമാനങ്ങൾ കൈവരികയും ചെയ്യുന്നു. നിങ്ങൾ കവിതയിൽ ആവിഷ്കരിക്കുന്ന ജീവിതം ആരുടേതാണു എന്നതനുസരിച്ച്, അതൊരു സ്ത്രീയുടേതാണോ, ദളിതന്റേതാണോ, മതന്യൂനപക്ഷത്തിന്റേതാണോ എന്നതിന്റെയൊക്കെ അടിസ്ഥാനത്തിൽ രാഷ്ട്രീയമാനങ്ങൾ കൈവരുന്നു. ആക്റ്റീവിസ്റ്റുകളായ പലരും കവിതയെ ഒരു പൊളിറ്റിക്കൽ ടൂളായും ഉപയോഗിക്കുന്നത് കാണാം. ഇത് സമീപകാലകവിതയിൽ, ലോകത്ത് എല്ലായിടത്തും, കൂടുതലായി കാണുന്നുണ്ട്. തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയാണു കവിതയെന്നു കരുതുന്നവർ ഒരുഭാഗത്ത് ഉണ്ടെങ്കിൽ, തങ്ങളുടെ പേർസണൽ ഹിസ്റ്ററി കവിതയായി ആവിഷ്കരിക്കുമ്പോൾ രാഷ്ട്രീയം അതിന്റെ ഭാഗമായി മാറുന്നതു മറുഭാഗത്തുണ്ട്. ആദ്യകൂട്ടരിൽ പൊളിറ്റിക്കൽ ടൂൾ ആണു കവിതയെന്നു വരുന്നു. രണ്ടാമത്തെ കൂട്ടരിൽ കവിതയെന്ന കലയ്ക്കു പൊളിറ്റിക്കൽ തലം കൈവരുന്നു.

താളം

പരമ്പരാഗതവൃത്തങ്ങളിൽ നിന്നും ഭിന്നമായ രീതിയിൽ താളത്തെ അല്ലെങ്കിൽ ഒച്ചയെ സമകാലീനകവിത ഉപയോഗിക്കുന്നത് എങ്ങനെയെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ഹരിശങ്കർ, ലതീഷ് മോഹൻ, കാർത്തിക്. അൻവർ അലി എന്നിവരിലൊക്കെ ഞാനിത് കണ്ടിട്ടുണ്ട്. വാക്കുകളുടെ ആവർത്തനംകൊണ്ടും വാക്കുകളുടെ തിരഞ്ഞെടുപ്പിൽ കാണിക്കുന്ന ശ്രദ്ധകൊണ്ടുമുണ്ടാക്കിയെടുക്കുന്ന റാപ്പിന്റെ താളം.

ഭാഷയെ പുതുക്കൽ

തുടക്കത്തിൽ പറഞ്ഞതുപോലെ കവിത എങ്ങനെ ഭാഷയെ പുതുക്കുന്നു എന്നുകൂടി വ്യക്തമാക്കാം.
ആവർത്തനങ്ങൾ കൊണ്ട് ക്ലീഷെ ആയ ചില പ്രമേയങ്ങളും, വാചകങ്ങളും എല്ലാ ഭാഷകളിലും കാണും. അത്തരത്തിലുള്ളവയെ കവിത പുതുക്കുന്നുണ്ട്. ലതീഷ് മോഹന്റെ ഏറെ ആഘോഷിക്കപ്പെട്ട ഒരു വരിയുണ്ട്.
ഒന്നുമില്ലായ്മ പോലെയല്ല
നീയില്ലായ്മ.
നമ്മൾ പൊതുവെ പ്രേമിക്കുന്നവരോട് പറയുന്ന ഡയലോഗുകൾ ആണല്ലോ “എനിക്കു നീ മാത്രമാണുള്ളത്”. ‘മറ്റൊന്നും ഇല്ലെങ്കിൽ എനിക്കു നീ വേണം” എന്നൊക്കെ. അതേ അർത്ഥം തന്നെയാണു ഈ വരിയ്ക്കുള്ളത്. എന്നാൽ ഡിക്ഷൻ വേറിട്ടതും. വളരെ പൈങ്കിളി ആയ ഒരു കാര്യത്തെ എങ്ങനെ കവിതയിൽ പുതുക്കപ്പെടുന്നു എന്ന് നോക്കൂ.

Found Poetry, After Poetry

Found Poetry, After Poetry എന്നിങ്ങണെയുള്ള ചില ട്രെൻഡുകൾ കൂടി കവിതയിൽ ഇന്നുണ്ട്. ഫൗണ്ട് പോയട്രി എന്നാൽ ആ വാക്ക് സൂചിപ്പിക്കുന്ന പോലെ കണ്ടെടുക്കുന്ന കവിതയാണ്. ഒരു പത്രവാർത്തയിൽ നിന്നോ പുസ്തകത്തിൽ നിന്നോ അതല്ലെങ്കിൽ മറ്റു സോഴ്സുകളിൽ നിന്നോ ആവശ്യമായ വരികളോ വാക്കുകളോ പ്രയോഗങ്ങളോ തിരഞ്ഞെടുത്ത് അവയെ ഒന്നിപ്പിച്ചുവെച്ച് ഉണ്ടാക്കിയെടുക്കുന്ന കവിത. അത്തരം കവിതകൾ മലയാളത്തിൽ കൂടുതലായി കണ്ടിട്ടില്ല. അതേസമയം അനിത തമ്പിയുടെ പുതിയ പുസ്തകം ആലപ്പുഴവെള്ളത്തിൽ ആഫ്റ്റർ പോയട്രിയ്ക്ക് ചില ഉദാഹരണങ്ങൾ കാണാം. ആഫ്റ്റർ പോയട്രിയെന്നാൽ മുമ്പ് എഴുതപ്പെട്ട കവിതയ്ക്കു ഒരു തുടരെഴുത്താണ്. ചിലപ്പോൾ ഒരു കലാസൃഷ്ടിയോടുള്ള പ്രതികരണമായിട്ടാകും. അതല്ലെങ്കിൽ തുടർച്ചയായിട്ടുമാകാം. എന്നാൽ മോഷണാരോപണം ഭയന്നാകണം മലയാളത്തിൽ പലരും ഇത്തരം കവിതയെഴുതാൻ നോക്കാറില്ല.

വാക്കുകളുടെ തിരഞ്ഞെടുപ്പ്

പുതിയ കവികളിൽ ചിലർ വാക്കുകളുടെ തിരഞ്ഞെടുപ്പിൽ സവിശേഷമായ ശ്രദ്ധ നൽകുന്നത് കണ്ടിട്ടുണ്ട്. 2004ൽ അനിത തമ്പി എഴുതിയ എഴുത്ത് എന്ന കവിതയിൽ കുളിക്കുന്നത് ജലത്തിലാണ്. എന്നാൽ സമീപകാലത്തെ കവിതയെ നോക്കുമ്പോൾ വെള്ളത്തിൽ കുളിക്കുന്നതാണ് കാണാനാകുക. അനിത തമ്പിയുടെ തന്നെ സമീപകാലകവിതയായ ആലപ്പുഴവെള്ളത്തിൽ ഈ രണ്ട് വാക്കുകളും കാണാം. എന്തുകൊണ്ട് ആ വാക്കുകൾ വ്യത്യസ്തമാകുന്നുവെന്നും. അതായത് കവിതയിൽ പ്രയോഗിക്കുന്ന വാക്കുകൾക്കു പോലും ചരിത്രപരവും രാഷ്ട്രീയപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്. പുതിയ കവികളിൽ ചിലർ ഇത്തരം കാര്യങ്ങളിൽവരെ ശ്രദ്ധ നൽകുന്നുണ്ട്.

ഇത്രയുമാണ് സമകാലീനകവിതയിലെ പുതിയ പ്രവണതകൾ എന്ന വിഷയത്തിൽ വെബിനാറിൽ ഞാൻ പങ്കുവെച്ച കാര്യങ്ങൾ. ഇതിനു തുടർച്ചയായി കവിതയിലെ സാങ്കേതികവും രൂപപരവുമായ സവിശേഷതകളെക്കുറിച്ചു കവിയും സുഹൃത്തുമായ ജിഷ്ണു കെ.എസ് സംസാരിച്ചിരുന്നു. അത് ഇവിടെ വായിക്കാം. 
Share:  

കവിതകൾ →

തരം

Copyright © Sujeesh