എന്താണ് തിരയേണ്ടത്?

Thursday, 5 November 2020

കണ്ണുകൾ — അന്തോണിയോ മച്ചാദോ

സ്പാനിഷ് കവി അന്തോണിയോ മച്ചാദോയുടെ കവിത മലയാളത്തിൽ
അന്തോണിയോ മച്ചാദോ
അന്തോണിയോ മച്ചാദോ

I
പ്രിയപ്പെട്ടവൾ മരിച്ചപ്പോൾ, താനിങ്ങനെ
വയസ്സനായിപ്പോകുമെന്നയാൾ കരുതി;
ഒരു തെളിഞ്ഞ പകലിൽ അവൾ
നോക്കിനിന്ന കണ്ണാടിക്കൊപ്പം
തന്റെ ഒർമ്മകളുമായി
അടച്ചിട്ട വീട്ടിനുള്ളിൽ കഴിയാം,
പിശുക്കന്റെ പെട്ടിയിലെ സ്വർണ്ണം പോലെ
ഇന്നലെകളെ ആ തെളിഞ്ഞ കണ്ണാടിയിൽ
സൂക്ഷിച്ചുവെക്കാം. കാലത്തിന്റെ പോക്ക്
ഇനി തന്നെ ബാധിക്കില്ലെന്നും അയാൾ കരുതി.

II
ഒരു വർഷം കഴിഞ്ഞപ്പോൾ
അയാൾക്കു സംശയമായി:
"എങ്ങനെയായിരുന്നു അവളുടെ കണ്ണുകൾ"
"തവിട്ടുനിറമോ കറുപ്പോ? ഇളം പച്ചയോ?
അതോ ചാരനിറമോ?"
"എങ്ങനെയായിരുന്നവ? ദൈവമേ,
ഞാനത് ഓർക്കുന്നില്ലല്ലോ"

III
വസന്തത്തിലൊരുനാൾ
അയാൾ തെരുവിലേക്കിറങ്ങി,
ഇരട്ടിച്ച ദുഃഖവും അടച്ചിട്ട ഹൃദയവുമായി
മൗനിയായി ചുറ്റിനടന്നു.
ഒരു ജനലിന്റെ,നിഴൽ വീണ പഴുതിൽ
രണ്ട് കണ്ണുകളുടെ തിളക്കം കണ്ടു.
തന്റെ കണ്ണുകൾ താഴ്ത്തി അയാൾ നടന്നു...
ആ കണ്ണുകൾ അവളുടേതുപോലെ!
__

അന്തോണിയോ മച്ചാദോ (1875-1939): സ്പാനിഷ് കവി.

Share:  

കവിതകൾ →

തരം

Copyright © Sujeesh