സ്ബിഗ്നിയെഫ് ഹെർബെർട്ട് കവിതകൾ

സ്ബിഗ്നിയെഫ് ഹെർബെർ
സ്ബിഗ്നിയെഫ് ഹെർബെർട്ട്

നാവ്


അവളുടെ പല്ലിന്റെ അതിർത്തി കടന്ന ഞാൻ അശ്രദ്ധയാൽ അവളുടെ വഴക്കമുള്ള നാവ് വിഴുങ്ങി. ഒരു ജാപ്പനീസ് മത്സ്യത്തെ പോലെ അതിപ്പോൾ എനിക്കുള്ളിൽ കഴിയുന്നു. അക്വേറിയത്തിന്റെ ഭിത്തികളിൽ എന്നപോലെ അതെന്റെ ഹൃദയത്തിലും ഉദരഭിത്തിയിലും വന്നുരസുന്നു. അടിയിൽ നിന്നും എക്കൽ ഇളക്കിവിടുന്നു.

ഞാൻ കാരണം ശബ്ദമില്ലാതായ അവൾ കണ്ണുമിഴിച്ച് എന്നെ നോക്കുന്നു, ഒരു വാക്കിനായി കാക്കുന്നു.

എനിക്കാകട്ടെ അവളോട് സംസാരിക്കേണ്ടത് ഏതു നാവുകൊണ്ടെന്ന് അറിയില്ല— അപഹരിച്ച നാവുകൊണ്ടോ അതോ നന്മയുടെ ആധിക്യത്താൽ എന്റെ വായിൽക്കിടന്നലിയുന്ന നാവുകൊണ്ടോ.


വീട്


ഋതുക്കൾക്കുമേൽ ഒരു വീട്.
കുട്ടികൾക്കും മൃഗങ്ങൾക്കും പഴങ്ങൾക്കുമായൊരു വീട്.

ഇല്ലാത്ത താരകത്തിനു കീഴിൽ
ചതുരത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഇടം.

കുട്ടിക്കാലത്തിന്റെ ദൂരദർശിനിയായിരുന്നു വീട്.
വികാരങ്ങളുടെ ചർമ്മമായിരുന്നു വീട്.

പെങ്ങളുടെ കവിൾ.
ഒരു മരത്തിന്റെ ചില്ല.

കവിളിൽ തീജ്വാലയേറ്റു.
ചില്ലയിൽ വെടിയുണ്ടയേറ്റു.

ഒരു കൂടിന്റെ ചിതറിയ ചാരത്തിനുമേൽ
വീടില്ലാത്ത കാലാൾപ്പടയുടെ ഗാനം.

കുട്ടിക്കാലത്തിന്റെ ചതുരക്കട്ടിയാകുന്നു വീട്.
വികാരത്തിന്റെ മരണമാകുന്നു വീട്.

കത്തിയെരിഞ്ഞ പെങ്ങളുടെ ചിറക്.
മരിച്ച മരത്തിന്റെ ഇല.


മതിൽ


മതിലിനു എതിരായി നമ്മൾ നിൽക്കുന്നു. കുറ്റംചുമത്തപ്പെട്ടവനിൽ നിന്നും അവന്റെ വസ്ത്രം എന്നപോലെ നമ്മളിൽ നിന്നും നമ്മുടെ യൗവ്വനം എടുത്തുമാറ്റിയിരിക്കുന്നു. നാം കാത്തിരിക്കുന്നു. കനത്ത വെടിയുണ്ട നമ്മുടെ കഴുത്തിൽ വന്നു പതിക്കുംമുമ്പേ പത്തോ ഇരുപതോ വർഷങ്ങൾ കടന്നുപോകും. മതിൽ ഉയരമേറിയതും ബലമേറിയതുമാണ്. മതിലിനു പുറകിൽ ഒരു മരവും നക്ഷത്രവും നിൽക്കുന്നു. തന്റെ വേരുകൾ കൊണ്ട് മതിൽ പൊന്തിച്ചിടാൻ ശ്രമിക്കുകയാണ് മരം. ഒരെലിയെ പോലെ കല്ല് കരളുകയാണ് നക്ഷത്രം. നൂറോ ഇരുന്നൂറോ വർഷങ്ങൾക്കപ്പുറം അവിടെയൊരു കുഞ്ഞുകിളിവാതിൽ ഉണ്ടായെന്നുവരാം.


രണ്ട് തുള്ളികൾ


കാടുകൾ കത്തിയെരിയുകയായിരുന്നു—
അവരോ പരസ്പരം കൈകളാൽ
കഴുത്തിൽ ചുറ്റിപ്പുണരുകയായി,
പനിനീർപ്പൂച്ചെണ്ടുകളെയെന്നപോലെ.

അഭയം തേടിയാളുകൾ ഓടിക്കൊണ്ടിരുന്നു,
തന്റെ പെണ്ണിന്റെ മുടിയുടെ ആഴങ്ങളിൽ
ഒരുവനൊളിക്കാമെന്നവൻ പറഞ്ഞു.

ഒരേ പുതപ്പിനുള്ളിൽ കിടന്നവർ
നാണിപ്പിക്കും വാക്കുകൾ കാതിലോതി,
പ്രേമിക്കുന്നുവരുടേതായ പ്രാർത്ഥന.

സ്ഥിതി പിന്നെയും മോശമായപ്പോൾ
അവർ അന്യോന്യം കണ്ണുകളിലേക്ക് കയറി
കൺപോളകൾ മുറുക്കിയടച്ചു.

കൺപീലികളിൽ തീനാളമെത്തിയതു പോലും
അറിയാത്തവണ്ണം അവരുടെ കണ്ണുകളടഞ്ഞുകിടന്നു.

ഒടുക്കംവരെയും അവർ ധീരർ.
ഒടുക്കംവരെയും അവർ വിശ്വസ്തർ.
ഒടുക്കംവരെയും അവർ സമാനർ.
മുഖത്തിന്റെ വക്കിൽ തങ്ങിനിൽക്കുന്ന
രണ്ട് തുള്ളികൾ പോലെ.


പിടക്കോഴി


മനുഷ്യരോടൊത്തുള്ള സ്ഥിരവാസത്തിലൂടെ എന്തായിത്തീരും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പിടക്കോഴി. ഒരു പക്ഷിയുടേതായ ഭംഗിയും മൃദുലതയും അവൾക്കു പൂർണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞു. ഒട്ടും ഇണങ്ങാത്ത വലിയ തൊപ്പിപോലെ, തള്ളിനിൽക്കുന്ന ആസനത്തിനുമേൽ അവളുടെ വാൽ പൊങ്ങിനിൽക്കുന്നു. ഒറ്റക്കാലിൽ നിന്ന്, നേർത്ത കൺപോളകളാൽ ഉണ്ടക്കണ്ണുകളടച്ചുകൊണ്ടുള്ള അവളുടെ നിർവൃതിയുടെ അപൂർവ്വനിമിഷങ്ങളാകട്ടെ അങ്ങേയറ്റം അറപ്പുളവാക്കുന്നതുമാണ്. ഇതിനെല്ലാമുപരി, ആ വികടഗാനം, തൊണ്ടപൊട്ടും വിധത്തിലുള്ള പ്രാർത്ഥന, അതും പറയാൻ കൊള്ളാത്തവിധം കോമാളിത്തം നിറഞ്ഞ ഒരു വസ്തുവിന് വേണ്ടി: വെളുത്ത, ഉരുണ്ട, പാടുകളുള്ള മുട്ടയ്ക്കായി.

പിടക്കോഴി ചില കവികളെ ഓർമ്മിപ്പിക്കുന്നു.


നമ്മുടെ ഭയം


നമ്മുടെ ഭയം
നിശാവസ്ത്രം ധരിക്കുന്നില്ല,
അതിനില്ല മൂങ്ങയുടെ കണ്ണുകൾ,
അതൊരു പെട്ടിയുടെ അടപ്പും തുറക്കുന്നില്ല,
ഒരു മെഴുകുതിരിയും കെടുത്തുന്നില്ല

മരിച്ചവന്റെ മുഖം പോലും അതിനില്ല.

നമ്മുടെ ഭയം
കീശയിൽ കണ്ടെടുക്കുന്ന
ഒരു തുണ്ട് കടലാസ്സാണ്
"ഡ്ളുക തെരുവിൽ അപകടമെന്ന്
വോജ്‌ചിക്കിനു മുന്നറിയിപ്പ് നൽകുക"

നമ്മുടെ ഭയം
കൊടുങ്കാറ്റിന്റെ ചിറകിൽ ഉയരുന്നില്ല,
പള്ളിഗോപുരത്തിന്മേൽ ഇരിക്കുന്നില്ല,
അത് ഭൂമിയോളം താഴെയാണ്.

കമ്പിളിയുടുപ്പും ആയുധങ്ങളും
പലവകസാധനങ്ങളും ചേർത്ത്
തിരക്കിട്ടു കെട്ടിയുണ്ടാക്കിയ
ഭാണ്ഡത്തിന്റെ രൂപമാണതിനുള്ളത്.

നമ്മുടെ ഭയത്തിനു
മരിച്ച ഒരാളുടെ മുഖമില്ല.
മരിച്ചവർ നമ്മോട് സൗമ്യരാണ്
നാമവരെ നമ്മുടെ ചുമലിലേറ്റുന്നു
ഒരേ പുതപ്പിനുള്ളിൽ ഉറങ്ങുന്നു

അവരുടെ കൺകൾ അടയ്ക്കുന്നു
ചുണ്ടുകൾ നേരെയാക്കുന്നു
വരണ്ട ഒരിടം കണ്ടെത്തി
അവരെ കുഴിച്ചിടുന്നു

അധികം ആഴത്തിലല്ല
അധികം മുകളിലുമല്ല.


സ്ബിഗ്നിയെഫ് ഹെർബെർട്ട് (29 ഒക്റ്റോബർ 1924 – 28 ജുലൈ 1998): പോളിഷ് കവി. നിയമബിരുദധാരിയായ ഹെർബെർട്ടിന്റെ കാവ്യഭാഷ നിയമഭാഷയുടെ പൊതുസ്വഭാവങ്ങളായ ഗഹനമായ ശുഷ്കതയും കണിശതയും ഉൾക്കൊള്ളുന്നു. ചരിത്രവും രാഷ്ട്രീയവും ഹെർബെർട്ടിന്റെ കവിതയിൽ പ്രധാനമാണ്.  നാസികൾക്കെതിരെയും സ്റ്റാലിനിസത്തിനെതിരെയും നിലപാടെടുത്ത അദ്ദേഹത്തെ അസ്സൽ രാഷ്ട്രീയകവിയെന്നു വിശേഷിപ്പിക്കാറുണ്ട്.